ഇൻഫോപാർക്ക്​ മെട്രോ പദ്ധതിക്ക്​ കേന്ദ്രാനുമതി ഇനിയുമില്ല; സി.പി.എം പ്രക്ഷോഭത്തിലേക്ക്​

കൊച്ചി: കലൂർ സ്​റ്റേഡിയം മുതൽ കാക്കനാട്​ ഇൻഫോപാർക്ക്​ വരെ നീളുന്ന 11.2 കി.മീ. കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടത്തിന്​ അനുമതി നൽകാതെയും വിഹിതം അനുവദിക്കാതെയും അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ സി.പി.എം പ്രക്ഷോഭത്തിന്​. കേന്ദ്രാനുമതി ലഭിക്കുമെന്ന ധാരണയിൽ സ്ഥലം ഏറ്റെടുത്ത്​ പദ്ധതി പൂർത്തീകരിക്കാനുള്ള മുന്നൊരുക്കമാണ്​ എൽ.ഡി.എഫ്​ സർക്കാർ ചെയ്യുന്നത്​. ഇൻഫോപാർക്കിൽ നിർദിഷ്ട കെ-റെയിലി‍ൻെറ സ്​റ്റോപ്പ്​ കൂടി വരുന്നതോടെ തൃക്കാക്കരയുടെ വികസനത്തിൽ കുതിപ്പുണ്ടാകുമെന്നും എന്നാൽ, പദ്ധതിക്കെതിരെ ബി.ജെ.പിയും കോൺഗ്രസും ചേർന്ന്​ നടത്തുന്ന നീക്കങ്ങളിലൂടെ വികസനസാധ്യത തകർക്കുകയാണെന്നും പാർട്ടി ആരോപിച്ചു. 2019 ഫെബ്രുവരിയിൽ തത്ത്വത്തിൽ അനുമതി നൽകിയ രണ്ടാംഘട്ട വികസനത്തിന്​ മാർച്ചിൽ കേന്ദ്ര പൊതുനിക്ഷേപ ബോർഡിൽനിന്ന്​ അനുമതി ലഭിച്ചിരുന്നു. എന്നാൽ, തുടർന്ന്​ ലഭിക്കേണ്ട കേന്ദ്രാനുമതിക്ക്​ അപേക്ഷ സമർപ്പിച്ചിട്ട്​ ഇതുവരെ നൽകിയിട്ടില്ല. 2021-22 ബജറ്റിൽ പദ്ധതി​ പ്രഖ്യാപനമുണ്ടായെങ്കിലും അനുമതി നൽകാതെ നീട്ടി. നിലവിൽ ദ്രുതഗതിയിലാണ്​ പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടക്കുന്നത്​. റോഡ്​ വീതികൂട്ടുകയും ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ ഉൾപ്പെടെ പണികൾ 53 ശതമാനം പൂർത്തീകരിച്ചതായി മെട്രോ അധികൃതർ പറയുന്നു. 2021-22 കേന്ദ്ര ബജറ്റിൽ 1957 കോടി രൂപ വിഹിതം പ്രഖ്യാപനമായി വന്നെങ്കിലും 338.75 കോടി മാത്രമായിരുന്നു യഥാർഥ വിഹിതം. സംസ്ഥാന സർക്കാറി‍ൻെറ വിഹിതവും വായ്പയും കൂടി പ്രഖ്യാപിക്കുകയാണ്​ അന്ന്​ ചെയ്തത്​. രണ്ടാംഘട്ടത്തിന്​ 1957.05 കോടിയാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. അതി‍ൻെറ 20 ശതമാനം മാത്രമാണ്​ കേന്ദ്രവിഹിതം. ബാക്കി തുക സംസ്ഥാന സർക്കാറാണ്​ കണ്ടെത്തേണ്ടത്​. തൃക്കാക്കരയുടെ വികസന സ്വപ്നങ്ങളെ തകർക്കാൻ കച്ചകെട്ടിയ കോൺഗ്രസ്​-ബി.ജെ.പി സഖ്യത്തി‍ൻെറ നീക്കങ്ങൾക്കെതിരെ ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്​ ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിൽ സമരജ്വാല തെളിക്കും. എറണാകുളം വഞ്ചി സ്ക്വയറിൽ പാർട്ടി ജില്ല സെക്രട്ടറി സി.എൻ. മോഹനൻ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.