മോചനദ്രവ്യം ആവശ്യപ്പെട്ട്​ യുവാവിനെ​ തട്ടിക്കൊണ്ടുപോയ സംഭവം: കുപ്രസിദ്ധ ഗുണ്ടയടക്കം മൂന്നുപേർ അറസ്റ്റിൽ

കായംകുളം: മോചനദ്രവ്യം ആവശ്യപ്പെട്ട് കാർ തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ അനീസിനെ തട്ടിക്കൊണ്ടുപോയ കേസിൽ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആലപ്പുഴ കലവൂർ പരുത്തിയിൽ വീട്ടിൽ ജയ്സൺ (26), എറണാകുളം പാറക്കടവ് പള്ളത്തുകാട്ടിൽ ഹൗസിൽ ജീസ് വർഗീസ് (22) പത്തിയൂർ പടിഞ്ഞാറുമുറിയിൽ സീനാസ് മൻസിലിൽ ഹനീഷ് (34) എന്നിവരെയാണ് കായംകുളം പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. കായംകുളം ഇടശ്ശേരി ജങ്​ഷനുസമീപം ശനിയാഴ്ചയാണ് കാർ തടഞ്ഞ സംഭവമുണ്ടായത്​. അനീസിൽനിന്ന്​ മാരുതി സ്വിഫ്റ്റ് കാർ വാടകക്ക്​ എടുത്തശേഷം തിരികെ നൽകാതിരുന്നതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. പ്രധാനപ്രതി ജയ്​സണാണ്​ തൃശൂർ മാളയിൽനിന്ന്​ കാർ വാടകക്ക്​ എടുത്തത്​. പിന്നാലെ ജീസ്​ വർഗീസിന്​ മറിച്ചുവാടകക്ക്​ നൽകി. ഇതേവാഹനം വാടകയിനത്തിൽ 50,000 രൂപ വാങ്ങി പത്തിയൂർ സ്വദേശി ഹനീഷിന്​ കൈമാറി. ഇതിനിടെ, കായംകുള​ത്ത്​ എത്തിയ തൃശൂർ സ്വദേശികളായ സംഘം കൊറ്റുകുളങ്ങര ഭാഗത്ത്​ അനീസിന്‍റെ കാർ കണ്ടെത്തി. തർക്കമുണ്ടായതോടെ കാർ ഉടമ അനീസിനെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. മോചനദ്രവ്യമായി 50,000 രൂപ അവശ്യപ്പെട്ടു. തുടർന്ന്​ പരാതി നൽകിയതോടെ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ​ സംഘം സഞ്ചരിച്ച കാർ പിടികൂടുകയായിരുന്നു. കാറിൽനിന്ന്​ ഇറങ്ങി ഓടിയവരെ അതിസാഹികമായാണ്​ പൊലീസ്​ പിടികൂടിയത്​. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ കരീലക്കുളങ്ങര സി.ഐ സുധിലാൽ, കനകക്കുന്ന് സി.ഐ ജയകുമാർ, പൊലീസുകാരായ ഗിരീഷ്, സബീഷ്, ദീപക്, വിഷ്ണു, ഷാജഹാൻ, അനൂപ്, അനീഷ്, ശരത്, ഫിറോസ് എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.