ബി.പി.സി.എൽ സ്വകാര്യവത്കരണം: പോളിയോൾ​ പദ്ധതി ഉപേക്ഷിക്കുന്നു

പള്ളിക്കര: അമ്പലമുകളില്‍ 2019 ജനുവരി 27ന് പ്രധാനമന്ത്രി തറക്കല്ലിട്ട 11,130 കോടി രൂപയുടെ പോളിയോള്‍ പദ്ധതി ഉപേക്ഷിക്കാന്‍ ബി.പി.സി.എല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് തീരുമാനം അറിയിച്ചുകൊണ്ടുള്ള കത്ത് കമ്പനി സെക്രട്ടറിക്ക് കൈമാറിയതാണ് സൂചന. 2018 സെപ്​റ്റംബറിലാണ് കൊച്ചി റിഫൈനറിയില്‍ പോളിയോള്‍സ് ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിന്​​ ഫാക്ട്​ കൊച്ചിന്‍ ഡിവിഷന്റെ 170 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. പദ്ധതിക്കായുള്ള ലൈസന്‍സറെ കണ്ടെത്താനും പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രോജക്ട്​ മാനേജ്‌മെന്റ് ഏജന്‍സിയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. കാടുപിടിച്ച ഫാക്ടിന്റെ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങളെല്ലാം വെട്ടിമാറ്റി ഭൂമി നിരപ്പാക്കുകയും ചെയ്തു. എന്നാല്‍, 2019 നവംബർ 20ന് ബി.പി.സി.എല്‍ വില്‍ക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പോളിയോള്‍സ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിർത്തിവെച്ചു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ഇന്ത്യ വലിയ അളവില്‍ പോളിയോള്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്​ പോളിയോള്‍ പ്ലാന്റ് വിഭാവനം ചെയ്തത്​. നാല് ലക്ഷം ടണ്‍ പോളിയോള്‍ ഉല്‍പന്നങ്ങളാണ് ഇന്ത്യയില്‍ ഒരു വര്‍ഷം ആവശ്യമായിട്ടുള്ളത് 2030ല്‍ ഇത് 7.5 ലക്ഷം ടണ്ണായി ഉയരുമെന്നും കണക്കാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ പ്രതിവര്‍ഷം 15,000 ടണ്‍ പോളിയോള്‍ ഉല്‍പന്നങ്ങള്‍ മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയുടെ സംസ്കരണശേഷി വര്‍ധിപ്പിച്ചതിന്റെ ഭാഗമായി ലഭ്യമാകുന്ന അഞ്ച് ലക്ഷം ടണ്‍ പ്രൊപ്പിലീന്‍ ഉപയോഗപ്പെടുത്തിയാണ് കൊച്ചി റിഫൈനറിയില്‍ പെട്രോ കെമിക്കല്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2.5 ലക്ഷം ടണ്‍ പ്രയോജനപ്പെടുത്തി പ്രൊപ്പിലീന്‍ ഡെറിവേറ്റിവ് പെട്രോ കെമിക്കല്‍ പ്രോജക്ട് 2018 ല്‍ നിര്‍മാണം ആരംഭിച്ചു. ഇപ്പാള്‍ ഉല്‍പാദനവും ആരംഭിച്ചു. ബാക്കിയുള്ള 2.5 ലക്ഷം ടണ്‍ പ്രൊപ്പിലീന്‍ ഉപയോഗപ്പെടുത്തിയാണ് പോളിയോള്‍ പദ്ധതി വിഭാവനം ചെയ്തിരുന്നത്. സ്ഥാപനത്തിന്റെ ഭാവിതന്നെ അപകടത്തിലാക്കുന്ന നീക്കത്തിനെതിരെ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും റിഫൈനറി സംരക്ഷണസമിതി അദ്യര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.