പോസ്റ്റ് ക്ഷാമം: വലഞ്ഞ് ഉദ്യോഗസ്ഥർ, പോസ്റ്റായി ഉപഭോക്താക്കൾ

കാക്കനാട്: വേനലാകുമ്പോൾ വൈദ്യുതി ക്ഷാമം ഉണ്ടാകുന്നത് മുൻകാലങ്ങളിൽ സ്ഥിരം സംഭവമായിരുന്നു. എന്നാൽ, ഒരുമാസത്തിലധികമായി തൃക്കാക്കരയിൽ വൈദ്യുതി ബോർഡിനെ വലക്കുന്നത് വൈദ്യുതി ക്ഷാമമല്ല 'പോസ്റ്റുകളുടെ' ക്ഷാമമാണ്. ഇത്​ ഉദ്യോഗസ്ഥരെയും ഉപഭോക്താക്കളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. കെ.എസ്.ഇ.ബിയുടെ തൃക്കാക്കര, തൃക്കാക്കര വെസ്റ്റ് സബ് സ്റ്റേഷനുകളിലായി മുപ്പതോളം പോസ്റ്റുകളുടെ കുറവാണ് നിലവിലുള്ളത്. ഇതോടെ പുതിയ വൈദ്യുതി കണക്​ഷനുവേണ്ടി പണമടച്ചവർ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ഡിസംബർ മുതലായിരുന്നു തൃക്കാക്കര നഗരസഭ പരിധിയിലെ രണ്ട് സബ്​ സ്റ്റേഷനുകളിലുമായി വൈദ്യുതി ലൈൻ വലിക്കാൻ ഉപയോഗിക്കുന്ന പോസ്റ്റുകൾക്ക് ക്ഷാമം നേരിടാൻ തുടങ്ങിയത്. നേരത്തെ കൊണ്ടുവന്ന പോസ്റ്റുകൾക്ക് ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വീണ്ടും ടെൻഡർ വിളിച്ചതാണ് ക്ഷാമത്തിലേക്ക് നയിച്ചത്. വീടുകളിലേക്ക് ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകൾക്ക് എട്ടുമീറ്റർ നീളവും 11 കെ.വി വൈദ്യുതി ലൈൻ പോകുന്ന പോസ്റ്റുകൾക്ക് ഒമ്പതുമീറ്റർ നീളവുമാണ് വേണ്ടത്. കുറഞ്ഞത് 200 കിലോഗ്രാമെങ്കിലും ഭാരവും വേണം. എന്നാൽ, നേരത്തെ ഇറക്കിയ പോസ്റ്റുകൾക്ക് ഭാരം കുറവായതിനാലാണ് വീണ്ടും ടെൻഡർ നടപടികൾ ആരംഭിച്ചത്. നിലവിൽ ജനുവരി 27 വരെ പണമടച്ചവർക്കാണ് കണക്​ഷൻ നൽകിയിട്ടുള്ളത്. ആവശ്യത്തിന് പോസ്റ്റ് ഇല്ലാത്തതിനാൽ അതിനുശേഷം നൽകിയ അപേക്ഷകൾ പരിഗണിച്ചിട്ടില്ല. ഇതിനുപുറമേ അറ്റകുറ്റപ്പണി ആവശ്യമായിവന്നാൽ അതുപോലും കൃത്യമായി നടത്താനാകാത്ത സ്ഥിതിയാണ്. ജനുവരിയിൽ പോസ്റ്റുകൾ ലഭിച്ചിരുന്നെങ്കിലും സാധാരണയിലും വളരെ കുറവായിരുന്നു കിട്ടിയത്. 50 പോ​സ്​​റ്റെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ കഴിയൂ. ഇത്രയും ഒരുമിച്ച് ലഭിക്കില്ലെന്ന്​ ഉറപ്പുള്ളതിനാൽ നിലവിലെ സാഹചര്യം പരിഗണിച്ച് 15 എണ്ണമെങ്കിലും ഉടൻതന്നെ നൽകണമെന്ന് സബ്സ്റ്റേഷൻ അധികൃതർ മേലധികാരികൾക്ക് അപേക്ഷ നൽകിയതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.