കേന്ദ്രസർക്കാർ അവഗണന; കൈത്തറി കിതക്കുന്നു

പറവൂർ: കേന്ദ്രസർക്കാറിന്‍റെ കൈത്തറി മേഖലയോടുള്ള അവഗണന തുടർക്കഥയാകുന്നു. കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയ മേഖലയെ അവസാന ബജറ്റിലും കൈയെഴിഞ്ഞതോടെ പരമ്പരാഗത വ്യവസായമേഖല നിലനിൽപ്പിന്​ കിതക്കുകയാണ്. സ്​റ്റോക്ക് വിറ്റഴിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നതാണ് സംഘങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ട് വർഷം വിവിധ ഉത്സവ സീസണുകൾക്കുവേണ്ടി നെയ്ത തുണിത്തരങ്ങൾ വിറ്റഴിക്കാനാകുന്നില്ല. വിപണനമേളകൾ നടക്കാത്തതും തിരിച്ചടിയാണ്. കൈത്തറി വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. നൂൽ ഉൾപ്പെടെയുള്ള ഉൽപാദന വസ്തുക്കളുടെ വിലക്കയറ്റവും പ്രതികൂലമായി ബാധിച്ചു. തൊഴിലാളികളെയും സംഘങ്ങളെയും കോവിഡ് സാഹചര്യത്തിൽപോലും കേന്ദ്രസർക്കാർ കൈവിടുകയാണ്. കേന്ദ്ര കോവിഡ് പാക്കേജിൽ മേഖല നേരിടുന്ന അവസ്ഥ മറികടക്കാൻ പ്രഖ്യാപനം ഉണ്ടായില്ല. ഒരു ദേശീയ പരമ്പരാഗത വ്യവസായമെന്ന നിലയിൽ രാജ്യത്ത് കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനമാണ് കൈത്തറി. കേരളത്തിൽ ഈ മേഖലയെ ആശ്രയിച്ച് 30,000 കുടുംബം കഴിയുന്നുണ്ട്. ഹാൻടെക്സിലും ഹാൻവീവിലും കേരളത്തിലെ അഞ്ഞൂറിലേറെ കൈത്തറി സംഘങ്ങളിലുമായി രണ്ടായിരത്തിൽപരം ജീവനക്കാരുമുണ്ട്. അതിനാൽ, കൈത്തറി മേഖലയെ സഹായിക്കാൻ കേന്ദ്രസർക്കാർ തുക വകയിരുത്തണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാന സർക്കാറിന്റെ സൗജന്യ സ്കൂൾ യൂനിഫോം പദ്ധതിയാണ് വ്യവസായത്തെ പിടിച്ചുനിർത്തുന്നത്. എന്നാൽ, രണ്ടുവർഷമായി സ്കൂളുകൾ കൃത്യമായി തുറന്നു പ്രവർത്തിക്കാൻ കഴിയാത്തതിനാൽ യൂനിഫോമിനായി നെയ്ത 10 ലക്ഷം മീറ്റർ തുണിത്തരങ്ങൾ സംസ്ഥാനത്തെ വിവിധ സംഘങ്ങളിലായി കെട്ടിക്കിടക്കുകയാണ്. മേഖലയുടെ പുരോഗതിക്ക്​ എൽ.ഡി.എഫ് സർക്കാർ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്ന് കേരള സ്​റ്റേറ്റ് കൈത്തറി തൊഴിലാളി കൗൺസിൽ അംഗം ടി.എസ്. ബേബി കുറ്റപ്പെടുത്തി .................................. സജീവന്‍റെ മരണം: മനുഷ്യാവകാശ കമീഷന് പരാതി പറവൂർ: സാമ്പത്തിക ബാധ്യതയെത്തുടർന്ന് മത്സ്യത്തൊഴിലാളിയായ സജീവൻ ജീവനൊടുക്കിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകൻ നിതിൻ ദേവ് മനുഷ്യാവകാശ കമീഷന് പരാതി നൽകി. ബാധ്യതകൾ തീർക്കുന്നതിന് ഭൂമി പണയം വെക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വീട്ടുകാരുടെ വാദം. ഭൂമി തരംമാറ്റാൻ വന്ന കാലതാമസമാണ് ഇതിന് കാരണമായതെന്നും അവർ പറയുന്നു. സംഭവത്തിനുശേഷം ദിവസങ്ങൾക്കകം തരംമാറ്റിയ ഭൂമിയുടെ രേഖ സജീവന്‍റെ കുടുംബാംഗങ്ങൾക്ക് കലക്ടർ കൈമാറിയിരുന്നു. നേരത്തേ നൽകാൻ കഴിയുമായിരുന്ന രേഖ നൽകാതിരുന്നതു കൊണ്ടാണ് അച്ഛനെ നഷ്ടമായതെന്നും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് നിതിൻ ദേവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.