ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല; രോഗികൾ വലയുന്നു

വൈപ്പിൻ: പനിയും അനുബന്ധ അസുഖങ്ങളും മൂലം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയിട്ടും ഞാറക്കൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല. കൂടുതൽ ഡോക്ടർമാരെയും സേവനങ്ങളും ആവശ്യപ്പെട്ട്​ നിരന്തരം വിവിധ സംഘടനകൾ നിവേദനം നൽകുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡോക്ടർമാരുടെ എണ്ണം കുറച്ചത് ഇരുട്ടടിയായി. മുമ്പ്​ ആറു ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. ഇടക്കാലത്തു അതു അഞ്ചായി. ഇപ്പോൾ രണ്ടു ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതുമൂലം കാത്തുനിന്ന്‌ സഹികെടുന്ന രോഗികൾ ഡോക്ടറെ കാണാതെ മടങ്ങുകയാണ്. ദിവസവും മത്സ്യ ത്തൊഴിലാളികളും അല്ലാത്തവരുമായ നിരവധി രോഗികൾ എത്തുന്ന ആശുപത്രിയിലാണ് ഈ അവസ്ഥ. സ്ഥലം എം.എൽ.എയും വിഷയത്തിൽ ഇടപെടുന്നില്ലെന്നു വ്യാപക പരാതി ഉയരുന്നുണ്ട്. ഡി.എം.ഒ ഡോക്ടർമാരെ തിരികെ ഞാറക്കലിലേക്ക് പോസ്റ്റ്‌ ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത് ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് നിവേദനം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.