തെക്കുംമല പാടശേഖരം: കൃഷി ഓഫിസർക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകി

മൂവാറ്റുപുഴ: തെക്കുംമല പാടശേഖരം കരഭൂമിയാക്കി രേഖകൾ സൃഷ്ടിച്ച് നികത്തുന്നതിന് അനുമതി നൽകാൻ കൂട്ടുനിന്ന മുൻ കൃഷി ഓഫിസർക്കെതിരെ നടപടിയെടുക്കണമെന്നും പാടശേഖരത്തിൽ ഇട്ട മണ്ണ് നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദിന് എൽ.ഡി.എഫ് നേതാക്കൾ പരാതി നൽകി. ചേർത്തലയിൽ കൃഷിമന്ത്രിയുടെ കൃഷിയിടത്തിൽവെച്ചാണ് മന്ത്രിക്ക് പരാതി നൽകിയത്. തെക്കുംമല പാടശേഖരം കരഭൂമിയാക്കി രേഖകൾ സൃഷ്ടിച്ച് പാടശേഖരം നികത്തുന്നതിൽ ഉദ്യോഗസ്ഥർ ഗുരുതര ക്രമക്കേടുകൾ നടത്തിയെന്ന്​ വ്യക്തമാക്കുന്ന രേഖകളും തെളിവുകളും സഹിതം എൽ.ഡി.എഫ് മഞ്ഞള്ളൂർ പഞ്ചായത്ത് കമ്മിറ്റി നേരത്തെ റവന്യൂമന്ത്രി കെ. രാജനെ നേരിൽകണ്ട് പരാതി നൽകിയിരുന്നു. വാഴക്കുളത്തിനുസമീപം തെക്കുംമല പാടശേഖരം നികത്തുന്നതിനെതിരെ ഉയർന്ന പരാതികളെ തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം കലക്ടർ ജാഫർ മാലിക്കും ആർ.ഡി.ഒയും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നൽകി. ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പാടം നികത്തിയതെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേതുടർന്നാണ് എൽ.ആർ ഡെപ്യൂട്ടി കലക്ടർ, മുൻ കൃഷി ഓഫിസർ, മുൻ വില്ലേജ് ഓഫിസർ എന്നിവർക്കെതിരെയാണ്​ പരാതി നൽകിയത്. 2008 ആഗസ്റ്റ് 12നുമുമ്പ്​ നികത്തിയതായി മുൻ കൃഷി ഓഫിസർ സാക്ഷ്യപ്പെടുത്തിയ നെൽവയൽ ഇപ്പോഴും നിലമാണെന്ന്​ വ്യക്തമാക്കി നിലവിലുള്ള കൃഷി ഓഫിസർ കലക്ടർക്ക്​ റിപ്പോർട്ടുകൾ നൽകിയതിനുശേഷവും ഇവിടെ പാടം നികത്തിയിരുന്നു. മൂവാറ്റുപുഴ തൊടുപുഴ സംസ്ഥാന പാതയോടു ചേർന്ന് കോടികൾ വിലമതിക്കുന്ന തെക്കുംമല പാടശേഖരം നികത്തുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.