തറികളിൽ താളം മുഴങ്ങുന്നതും കാത്ത്​ മള്ളുശ്ശേരിയിലെ ഖാദി കേന്ദ്രം

പാറക്കടവ്: നാലുവർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന നെടുമ്പാശ്ശേരി പഞ്ചായത്തിലെ മള്ളുശ്ശേരിയിലെ ഖാദി ഗ്രാമ വ്യവസായ ഉൽപാദന പരിശീലന കേന്ദ്രം ശാപമോക്ഷം തേടുകയാണ്. 15ഓളം തറി യൂനിറ്റുകളും നിരവധിപേർ ഉപജീവനമാർഗവും കണ്ടെത്തിയ സ്ഥാപനം അധികൃതരുടെ നിരുത്തരവാദിത്തം മൂലമാണ് അടച്ചുപൂട്ടേണ്ടി വന്നത്. ഒന്നര വർഷം മുമ്പ് പ്രവർത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ജോലി ചെയ്യുന്നവർ വരുമാനക്കുറവ് മൂലം പരിശീലനം നേടിയ ശേഷം സ്ഥാപനം ഉപേക്ഷിച്ചുപോകുകയായിരുന്നു. ഖാദി ഉൽപന്നങ്ങളോട് താൽപര്യമില്ലായ്മയും ജോലിക്കും പരിശീലനത്തിനും ആളുകളെ കിട്ടാത്തതുമാണ് പ്രധാനമായും സ്ഥാപനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി. പറവൂർ നന്ത്യാട്ടുകുന്നത്തെ ഗാന്ധിസ്മാരക ഖാദി സൊസൈറ്റിയുടെ കീഴിലാണ് മള്ളുശേരിയിലും പരിശീലന, ഉൽപാദന യൂനിറ്റുകൾ ആരംഭിച്ചത്. 2018ലെ പ്രളയത്തോടെയാണ് സ്ഥാപനം പൂട്ടിയിട്ടത്. കഴിഞ്ഞ വർഷം ആദ്യം എളവൂർ ബിരാമിക അഗ്രോ വില്ലേജ് നേതൃത്വത്തിൽ സ്ഥാപനം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തി പ്രവർത്തനം ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലവും ലോക്​ഡൗണും മൂലം പ്രവർത്തനം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. ഖാദി ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിലൂടെ ലഭിക്കുന്ന കമീഷനും നെയ്ത്തിന് ഖാദി ബോർഡും സൊസൈറ്റിയും മറ്റും നൽകിയിരുന്ന ഇൻസെന്‍റിവുമായിരുന്നു തൊഴിലാളികളുടെ പ്രധാന വരുമാനം. ലോക്ഡൗൺ മൂലം വിൽപന ഗണ്യമായി കുറഞ്ഞു. ഇൻസെന്‍റിവ് പലപ്പോഴും ലഭിക്കാതെയുമായതോടെയാണ് തൊഴിലാളികൾ ജോലി നിർത്തിയത്. സൊസൈറ്റിയുടെ കീഴിൽ 14 വിൽപന കേന്ദ്രങ്ങളാണുള്ളത്. ഈ കേന്ദ്രങ്ങളിലെ വരുമാനം കൊണ്ടാണ് പ്രവർത്തനം നടത്തിയിരുന്നതെന്ന് സൊസൈറ്റി സെക്രട്ടറി ടി.ബി. ശിവകുമാർ പറഞ്ഞു. 2017ൽ ഖാദി ബോർഡ് വായ്പ പരിധി ഒരു കോടിയാക്കി വർധിപ്പിച്ചെങ്കിലും ഈ തുക നൽകാൻ ബാങ്ക് ഇപ്പോഴും തയാറാകുന്നി​ല്ലെന്നും പറയുന്നു. മള്ളുശേരിയിലെ യൂനിറ്റ് മൂഴിക്കുളം ശാലയുമായി കൈകോർത്ത് വീണ്ടും പ്രവർത്തനം ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. വൈകാതെ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ശിവകുമാർ പറഞ്ഞു. EA ANKA 3 KHADI വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മള്ളുശ്ശേരിയിലെ ഖാദി ഗ്രാമ വ്യവസായ ഉൽപാദന പരിശീലന കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.