കോവിഡ് ഭീതിയിൽ കുസാറ്റിൽ ഓഫ് ലൈൻ പരീക്ഷ; വിദ്യാർഥികൾക്ക് പരീക്ഷണം

കൊച്ചി: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ കൊച്ചി ശാസ്​​ത്ര സാ​ങ്കേതിക സർവകലാശാലയിൽ ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികൾ. കോവിഡ് സമ്പർക്കപ്പട്ടികയിലുള്ളവരും ലക്ഷണങ്ങളുള്ളവരുമായ നിരവധി പേരാണ് വെള്ളിയാഴ്ച ആരംഭിക്കുന്ന പരീക്ഷക്ക്​ എത്തുന്നത്. ഇവർക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും ഇത്​ എത്രമാത്രം പ്രായോഗികമാണെന്ന ആശങ്കയാണ് പലർക്കും. രോഗനിരക്ക് കുറയും വരെ പരീക്ഷ നീട്ടിവെക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നാലുദിവസത്തേക്ക് പരീക്ഷ മാറ്റി വെള്ളിയാഴ്ച തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷയെഴുതേണ്ടവരിൽ നിരവധി പേർ കോവിഡ്​ പോസിറ്റിവാണ്. പിന്നീട്​ എഴുതുന്നതേണ്ടിവരുന്ന ബുദ്ധിമുട്ടോർത്ത് ലക്ഷണങ്ങളുള്ള പലരും കോവിഡ് പരിശോധനക്കു തയാറാകുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ, കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഓരോ വകുപ്പിലും പ്രത്യേക വാർ റൂം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പോസിറ്റിവായവർക്ക് പിന്നീട് റഗുലർ രീതിയിൽതന്നെ പരീക്ഷയെഴുതാൻ അവസരം നൽകുമെന്നുമാണ് പരീക്ഷ കൺട്രോളറുടെ വിശദീകരണം. എല്ലാ വകുപ്പ്​ മേധാവികൾക്കും കൃത്യമായ നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.