സർവേയർമാരുടെ കുറവ്​; പറവൂർ താലൂക്കാഫീസിൽ കെട്ടികിടക്കുന്നത്​ നിരവധി അപേക്ഷകൾ

പറവൂർ: താലൂക്ക് സർവേയർമാരുടെ കുറവ് മൂലം വിവിധ ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചവർ ദുരിതത്തിൽ. മുമ്പ്​ അഞ്ച് സർവേയർമാർ ഉണ്ടായിരുന്നിടത്ത് നിലവിൽ രണ്ടു പേർ മാത്രമാണുള്ളത്. ഇതു മൂലം 2019 വരെയുള്ള അപേക്ഷകൾ തീർപ്പാക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. താലൂക്ക് ഓഫിസ്​ പ്രവർത്തന പരിധി ഏറെ വിസ്തൃതിയുള്ളതാണ്.13 വില്ലേജുകളാണ് ഇതിന് കീഴിലുള്ളത്. ഒമ്പതോളം പഞ്ചായത്തുകളും, രണ്ട് നഗരസഭകളും താലൂക്ക്​ പരിധിയിലുണ്ട്. 25 സെന്‍റ്​ വരെയുള്ള ഭൂമി സൗജന്യമായി തരം മാറ്റുന്നതിന് നിരവധി പേരാണ് ആർ.ഡി ഓഫിസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ അപേക്ഷകളിൽ താലൂക്ക് സർവേയറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടത്. ദേശീയപാത 66 ന്‍റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കുമ്പോൾ ചില ഇടങ്ങളിൽ വസ്തുവിന്‍റെ സ്വഭാവം, അളവ് എന്നിവ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിലും തീർപ്പുണ്ടാക്കുന്നതിന് താലൂക്ക് സർവേയറുടെ സേവനം ആവശ്യമായി വരും. സർക്കാർ പുറമ്പോക്ക് കൈയേറ്റവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണുള്ളത്. ഇതും പരിഹരിക്കപ്പെടാത്ത സ്ഥിതിയാണ്. കൂടുതൽ പേരെ നിയമിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് അധികൃതർ കത്ത് നൽകിയിട്ട് രണ്ട് വർഷമായെങ്കിലും നടപടിയില്ല. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ സർവേയർമാരെ നിയമിക്കണമെന്ന് ജില്ല പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.