മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ്: താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി വിശദീകരണം തേടും

പെരുമ്പാവൂര്‍: നിര്‍മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെതിരെയുള്ള പരാതിയില്‍ കുന്നത്തുനാട് താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റി കിഫ്ബിയുടെ ജോലികൾ നടത്തുന്ന കെ.ആര്‍.എഫ്.ബിയോട് വിശദീകരണം തേടും. റോഡ് നിര്‍മാണത്തിലെ അനന്തമായ കാലതാമസംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി വെങ്ങോല ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ശിവന്‍ കദളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗല്‍ സര്‍വിസസ് സൊസൈറ്റിയുടെ ഇടപെടല്‍. ഇതി​ൻെറ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് പെരുമ്പാവൂര്‍ അസി. എക്‌സിക്യൂട്ടിവ് എൻജിനീയറെ ലീഗല്‍ സര്‍വിസസ് കമ്മിറ്റി വിളിച്ചുവരുത്തുകയായിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളായതിനാല്‍ കെ.ആര്‍.എഫ്.ബി വിങ്ങിന് കൈമാറണമെന്ന പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നിര്‍ദേശപ്രകാരം മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ് പ്രവൃത്തിയും അനുബന്ധ ഫയലുകളും 2021 ഒക്ടോബര്‍ 28ന് കെ.ആര്‍.എഫ്.ബി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് കൈമാറിയെന്ന് എൻജിനീയര്‍ ലീഗല്‍ സര്‍വിസസ് കമ്മിറ്റിയെ അറിയിച്ചു. റോഡി​ൻെറ തുടര്‍പ്രവൃത്തികള്‍ കെ.ആര്‍.എഫ്.ബി വിഭാഗം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് അവരോട് വിശദീകരണം തേടാന്‍ ലീഗല്‍ സര്‍വിസസ് കമ്മിറ്റി തിരുമാനിച്ചത്. റോഡ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതുമൂലം ജനങ്ങള്‍ ദുരിതത്തിലാണ്. സ്‌കൂള്‍, കോളജ് ഉൾപ്പെടെയുള്ളവ പ്രവര്‍ത്തനം ആരംഭിച്ചതോടെ യാത്രക്ലശം രൂക്ഷമാണ്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് റോഡ് വിഷയം മുന്‍നിര്‍ത്തി വിവിധ രാഷ്​ട്രീയ പാര്‍ട്ടികള്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം പ്രതിഷേധങ്ങളും അവസാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.