കൗണ്‍സില്‍ യോഗ പകര്‍പ്പ് നല്‍കിയില്ല; പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്കരിച്ചു

അങ്കമാലി: ഒരുമാസം കഴിഞ്ഞിട്ടും കൗണ്‍സില്‍ യോഗങ്ങളുടെ പകര്‍പ്പ് നല്‍കിയില്ലെന്നാരോപിച്ച് നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. യോഗം കഴിഞ്ഞ് 48 മണിക്കൂറിനകം മിനിറ്റ്​സ്​ പകര്‍പ്പ് നല്‍കണമെന്നും നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്തണമെന്നുമുള്ള ചട്ടം ലംഘി​െച്ചന്നാരോപിച്ചാണ് ഇറങ്ങിപ്പോക്ക്. ഇടതുഭരണസമിതി ആവിഷ്കരിച്ച് അനുമതി വാങ്ങിയ പല പദ്ധതികളും ഇല്ലായ്മ ചെയ്യാന്‍ നീക്കം നടത്തുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. 40 പേര്‍ ശുചീകരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും നാലുപേര്‍ മാത്രമാണ് പ്രവര്‍ത്തനരംഗത്തുള്ളത്. പല വാര്‍ഡിലും തെരുവുവിളക്കുകളും തെളിയുന്നില്ല. ഇതെല്ലാം സംബന്ധിച്ച് ഇടതുമുന്നണി പാര്‍ലിമൻെററി പാര്‍ട്ടി വകുപ്പുമന്ത്രിക്കും ജില്ല റീജനല്‍ ജോയൻറ്​ ഡയറക്ടര്‍ക്കും പരാതി നല്‍കിയതായും പ്രതിപക്ഷ അംഗങ്ങള്‍ അറിയിച്ചു. ടി.വൈ. ഏല്യാസ്, പി.എന്‍. ജോഷി, മാര്‍ട്ടിന്‍ ബി. മുണ്ടാടന്‍, ഗ്രേസി ദേവസി, ലേഖ മധു, സരിത അനില്‍, രജനി ശിവദാസ്, മോളി മാത്യു എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. പദ്ധതി രൂപവത്​കരണവും ബജറ്റ്​ അവതരണവും തടസ്സപ്പെടുത്താനുള്ള ഗൂഢതന്ത്രം -ചെയര്‍മാന്‍ അങ്കമാലി: പദ്ധതി രൂപവത്​കരണവും ബജറ്റ്​ അവതരണവും തടസ്സപ്പെടുത്താനുള്ള ഗൂഢതന്ത്രമാണ് പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്ന്​ ഉണ്ടായതെന്ന് നഗരസഭ ചെയര്‍മാന്‍ റെജി മാത്യു ആരോപിച്ചു. 23നകം പദ്ധതി രൂപവത്​കരണം പൂര്‍ത്തിയാക്കണമെന്നത് സര്‍ക്കാര്‍ നിർദേശമാണ്. അതിന് മുമ്പായി വാര്‍ഡുസഭകള്‍ കൂടുകയും വികസന സെമിനാറും വര്‍ക്കിങ് ഗ്രൂപ് യോഗവും ചേരണം. അതിനുശേഷം കൗണ്‍സില്‍ ചേര്‍ന്ന് പദ്ധതികള്‍ രൂപവത്കരിച്ച് ഡി.പി.സിക്ക് സമര്‍പ്പിച്ച് സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്ക് അംഗീകാരം നേടിയെടുക്കണം. എന്നാല്‍ മാത്രമെ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് ബജറ്റ് അവതരിപ്പിക്കാനാകൂ. കൗണ്‍സിലില്‍ മിനിറ്റ്​സ്​ കോപ്പി നല്‍കല്‍ പതിവില്ലെന്നും യോഗത്തിനുശേഷം നല്‍കാമെന്ന്​ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, ഉടനടി വേണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.