നീണ്ട കാത്തിരിപ്പിന് വിരാമം; മധുര കമ്പനി- കണ്ണങ്ങാട്ട് പാലം നിർമാണത്തിന് നടപടി

പള്ളുരുത്തി: പള്ളുരുത്തി നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. നാല്​ വര്‍ഷം മുമ്പ്​ എം.എൽ.എ ഫണ്ടിൽനിന്ന്​ തുക അനുവദിച്ചിട്ടു പോലും പണി ആരംഭിക്കാത്ത പള്ളുരുത്തി മധുര കമ്പനി-കണ്ണങ്ങാട്ട് പാലം നിർമാണത്തിന് തുടക്കമാകുന്നു. പള്ളുരുത്തിയെ കൊച്ചി നഗരവും തൃപ്പൂണിത്തുറ-വൈറ്റില പ്രദേശവുമായി വേഗത്തില്‍ ബന്ധപ്പെടുത്താനാകുന്ന പ്രധാന മാർഗമാണ് മധുരകമ്പനി പാലം. അപ്രോച്ച് റോഡിന്​ പതിമൂന്നര സൻെറ് സ്ഥലം ഏറ്റെടുത്താല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതിയുടെ പാലം നിർമാണത്തിന്​ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന്​ നാല് വര്‍ഷം മുമ്പാണ്​ 2.80 കോടി രൂപ അനുവദിച്ചത്​. സ്ഥലം ഏറ്റെടുക്കല്‍ നീണ്ടുപോയി. പദ്ധതി അനിശ്ചിതത്വത്തിലായി. സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി ഫണ്ട് അനുവദിച്ചതോടെയാണ് കഴിഞ്ഞ ദിവസം മേയര്‍ പാലത്തി​ൻെറ ടെൻഡര്‍ നടപടികളുമായി മുന്നോട്ട് പോകുവാന്‍ നിർദേശിച്ചത്. മേയർ എം.അനിൽകുമാർ, എം. സ്വരാജ് എം.എല്‍.എ, ജില്ല കലക്​ടര്‍ എസ്. സുഹാസ് എന്നിവർ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിർമാണം അടിയന്തരമായി ആരംഭിക്കാനും സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചു. കൊച്ചി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍മാരായ അഡ്വ. പി.എസ്. വിജു, ലൈലാ ദാസ്, ജീജാ ടെന്‍സണ്‍ എന്നിവരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. EC MATTA mla മേയർ എം. അനിൽകുമാർ, കലക്​ടർ എസ്​. സുഹാസ്​, എം. സ്വരാജ് എം.എൽ.എ എന്നിവർ പള്ളുരുത്തി മധുര കമ്പനി- കണ്ണങ്ങാട്ട് പാലം പദ്ധതി പ്രദേശം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.