മുന്നറിയിപ്പുകൾ അവഗണിക്കുന്നു; ഓൺലൈൻ വായ്പ തട്ടിപ്പ് വ്യാപകം

ആലുവ: റൂറൽ പൊലീസ് ജില്ലയിൽ ഓൺലൈൻ വായ്പ തട്ടിപ്പ് വ്യാപകമാകുന്നു. പൊലീസി​ൻെറ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് തട്ടിപ്പ് തുടരാൻ കാരണമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം പരാതികളാണ് പൊലീസിന് ലഭിക്കുന്നത്. കോവിഡ് കാലത്താണ് തട്ടിപ്പുകൾക്ക് തുടക്കംകുറിച്ചത്. പ്രതിസന്ധികളെത്തുടർന്ന് നിരവധിപേരാണ് തട്ടിപ്പിൽപെട്ടത്​. തട്ടിപ്പിൽ വീട്ടമ്മമാരടക്കം ഇപ്പോഴും വീഴുന്നതായാണ് റൂറൽ പൊലീസ് റിപ്പോർട്ട്. എളുപ്പത്തിൽ വായ്പ ലഭിക്കുമെന്ന തോന്നലിലാണ് പലരും കെണിയിൽ വീഴുന്നത്. ഓൺലൈൻ വഴി വായ്​പ ലഭിക്കാൻ ഇപ്പോഴത്തെ വരുമാനം തടസ്സമില്ലെന്ന വ്യവസ്ഥയാണ് സ്ത്രീകളെയും ആകർഷിക്കുന്നത്. മൂന്ന് ഫോട്ടോ, ആധാർ കാർഡി​ൻെറ കോപ്പി, പാൻ കാർഡി​ൻെറ കോപ്പി (നിർബന്ധമില്ല), വോട്ടേഴ്സ് ഐ.ഡി എന്നിവ സ്കാൻ ചെയ്ത് അയക്കാനാണ് ആദ്യം ആവശ്യപ്പെടുന്നത്. ലോൺ ലഭിക്കാൻ യോഗ്യതയുണ്ടോയെന്ന് പരിശോധിക്കാനാണെന്നാണ് പറയുന്നത്. പിന്നീട്​ പ്രോസസിങ് ചാർജായി ഒരു തുക അടക്കാൻ ആവശ്യപ്പെടും. അത് അടച്ചാലുടൻ അയ്യായിരവും പതിനായിരവുമായി പല പല ചാർജുകൾ ഈടാക്കിത്തുടങ്ങും. വലിയ തുക നഷ്​ടമായിക്കഴിയുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാവുക. ശേഖരിക്കുന്ന രേഖകൾ ഉപയോഗിച്ച് വാങ്ങുന്ന സിം ഉപയോഗിച്ചാണ് മറ്റ് ഇടപാടുകാരെ തട്ടിപ്പുകാർ പലപ്പോഴും ബന്ധപ്പെടാറുള്ളത്. സംസ്ഥാന വ്യാപകമായി ലക്ഷങ്ങളാണ് ഇത്തരത്തിൽ തട്ടിച്ചെടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.