മാലിന്യം നിറഞ്ഞ്​ വഴിയോരം

പറവൂർ: നഗരസഭ വഴിയോരങ്ങളിൽ മാലിന്യക്കൂമ്പാരം കൊണ്ട് നിറഞ്ഞിട്ടും നീക്കം ചെയ്യാൻ കഴിയാതെ നഗരസഭ അധികൃതർ. ഒട്ടേറെ വാർഡുകളുടെ വഴിയോരങ്ങളിൽ മാലിന്യക്കൂമ്പാരമാണ്. ഇവ കൊണ്ടുപോകുന്ന ക്ലീൻ കേരള ഏജൻസിയുമായി ബന്ധപ്പെട്ടെന്നും ഇവ നീക്കാൻ ആരംഭിച്ചെന്നും രണ്ടാഴ്ച മുമ്പ്​ നഗരസഭാധികൃതർ അറിയിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്. വീടുകളിലും സ്ഥാപനങ്ങളിലും നിന്ന്​ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം ചാക്കുകളിലാക്കി റോഡരികിൽ കൂട്ടിയിടുന്നത് നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കുന്നുകൂടി കിടക്കുന്ന ചാക്കുകളിലേക്ക് ആളുകൾ ഭക്ഷണ അവശിഷ്ടങ്ങൾ കവറിലാക്കി വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. ഇതു മൂലം തെരുവുനായ്ക്കൾ ഇവ കടിച്ചുവലിച്ചു റോഡിലിടുന്നത് കാൽ നടയാത്രക്കാർക്ക് പ്രതിസന്ധിയായി. മാലിന്യനീക്കത്തിന് ആരോഗ്യ വിഭാഗം ഉപയോഗിച്ചിരുന്ന വാഹനം കട്ടപ്പുറത്തായിട്ട് ആറ് മാസത്തിലേറെയായി. ലക്ഷങ്ങൾ മുടക്കി മൂന്ന് മാസം മുമ്പ്​ വാങ്ങിയ മറ്റൊരു വാഹനം ബോഡി നിർമിക്കാത്തതിനാൽ നഗരസഭ ഓഫിസിൽ വെറുതേ കിടക്കുകയാണ്. മാലിന്യ നീക്കത്തിന്റെ അപാകത മൂലം നഗരത്തിലെങ്ങും തെരുവുനായ്ക്കളുടെ ശല്യവും പെരുകി. ഫണ്ട്​ ഉണ്ടായിട്ടും കേടായി കിടക്കുന്ന വാഹനങ്ങൾ നന്നാക്കാനോ വാടകയ്ക്ക് വാഹനം എടുത്ത് മാലിന്യനീക്കം സുഗമമാക്കുന്നതിനോ നഗരസഭ ശ്രമിക്കുന്നില്ലെന്നു പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ പറഞ്ഞു. സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ മുനിസിപ്പൽ പാർക്കിലും ടൗൺഹാളിലുമൊക്കെ മാലിന്യച്ചാക്കുകൾ കൂട്ടിവെക്കുന്നുണ്ട്. ഓടകൾ, കാനകൾ എന്നിവയിൽ നിന്നെടുക്കുന്ന മണ്ണും മാലിന്യവും നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്നത്​ മറ്റൊരു മാലിന്യക്കൂമ്പാരം ഉണ്ടാക്കുന്നു. ഇക്കാര്യങ്ങളിൽ നഗരസഭ അധികാരികളുടെ മെല്ലെപ്പോക്ക് പ്രതിഷേധാർഹമാണെന്ന് എൽ.ഡി.എഫ് കൗൺസിലർമാരായ കെ.ജെ. ഷൈൻ, എൻ.ഐ. പൗലോസ്, ജ്യോതി ദിനേശൻ, ഇ.ജി. ശശി, എം.കെ. ബാനർജി എന്നിവർ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.