തോട് കൈയേറി റോഡ് വീതികൂട്ടി; കളമശ്ശേരി നഗരസഭ സെക്രട്ടറിക്ക് നോട്ടീസ്

കളമശ്ശേരി: തോട് കൈയേറി റോഡ് വീതി കൂട്ടിയതിന് കളമശ്ശേരി നഗരസഭ സെക്രട്ടറിക്ക് മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്‍റിന്‍റെ നോട്ടീസ്. മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ആർ. ബാജിചന്ദ്രനാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കളമശ്ശേരി നഗരസഭയിലെ 23, 24,25, 26, 27, 28 വാർഡുകളിലൂടെ ഒഴുകുന്ന ജലസേചന വകുപ്പിന് കീഴിലുള്ള പോട്ടച്ചാൽ തോട് അനധികൃതമായി കൈയേറി തോടിന്‍റെ വീതി കുറച്ച് റോഡ് വീതി കൂട്ടി. ഇതിന്‍റെ ഫലമായി പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്ന രീതിയിൽ വെള്ളക്കെട്ടുണ്ടായി. കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ടിന് വിപരീതമായ പ്രവർത്തിയാണിത്. ഇത്തരമൊരു പ്രവർത്തി കളമശ്ശേരി മുനിസിപ്പാലിറ്റി നടത്തിയതിന്മേലുള്ള വിശദീകരണം എത്രയും പെട്ടെന്ന് നൽകണം. ആ പ്രദേശത്തെ മുഴുവൻ റോഡുകളുടെയും സർവേ നടത്തി, അതിർത്തി പുനഃസ്ഥാപിച്ച് പൂർവ സ്ഥിതിയിലാക്കാനും നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം ഇനി ഒരു മുന്നറിയിപ്പില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നാണ് സെക്രട്ടറിക്ക് നൽകിയ നോട്ടീസിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.