പേ​പ്പ​ർ ക​വ​ർ നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ട ഇ​സ്മ​യി​ൽ

പേപ്പർ കവറുകൾ നിർമിച്ച് പ്ലാസ്റ്റിക്കിന് നോ പറഞ്ഞ് ഇസ്മയിൽ

വടുതല: പ്ലാസ്റ്റിക് കവറിന് നിരോധനം വന്നതോടെ പകരം സംവിധാനമായി പേപ്പർ കവർ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് വടുതല ജങ്ഷനിലെ പച്ചക്കറി വ്യാപാരിയായ എം.എച്ച്. ഇസ്മയിൽ. കടയിൽ ഒഴിവുകിട്ടുന്ന സമയങ്ങളിലൊക്കെ ഇദ്ദേഹം കവർ നിർമാണത്തിൽ മുഴുകും.

അത്യാവശ്യം തിരക്കുള്ള ഈ പച്ചക്കറി കടയിൽ സാധനങ്ങളിട്ട് കൊടുക്കാൻ ദിവസവും ധാരാളം കവറുകൾ ആവശ്യമായി വരും. ഒരു മണിക്കൂർ പൂർണമായി ഉപയോഗപ്പെടുത്തിയാൽ അമ്പതിൽ താഴെ കവറുകൾ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോഴത്തെ പേപ്പറിന്റെയും മൈദയുടെയും വിലമാത്രം കണക്കാക്കിയാൽ ഒരു കവറിന് രണ്ട് രൂപ വില വീഴും.

ഏകദേശം അഞ്ചു കിലോ ഭാരം വരുന്ന പച്ചക്കറികൾവരെ സുഖമായി ഈ കവറിൽ കൊണ്ടുപോകാമെന്നതുകൊണ്ട് തന്നെ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും സംതൃപ്തിയാണ്. ഇസ്മയിലിന്റെ പേപ്പർ കവർ നിർമാണം പലരും കൗതുകത്തോടെ നോക്കി നിൽക്കാറുമുണ്ട്.

കോവിഡിന് മുമ്പ് ഇതുപോലെ പ്ലാസ്റ്റിക് നിരോധനം വന്നപ്പോൾ തന്നെ ഇസ്മയിൽ പേപ്പർ കവർ നിർമാണം നടത്തിയിരുന്നു. പേപ്പർ നിർമാണം പഠിക്കാനായി പല കച്ചവടക്കാരും തന്നെ സമീപിക്കുമ്പോൾ വളരെ ലാഘവത്തോടെ അത് പറഞ്ഞുകൊടുക്കാനും സന്നദ്ധമാകുന്നുണ്ട്.

പേപ്പർ കുമ്പിളുകൂട്ടി ചണനൂല് ഉപയോഗിച്ച് കെട്ടിക്കൊടുക്കുന്ന കാലം മുതൽ കച്ചവട രംഗത്തുണ്ടായിരുന്ന ഇസ്മയിലിനെ സംബന്ധിച്ചിടത്തോളം പേപ്പർ കവർ നിർമാണവും നിസ്സാരമാണ്. നാല് ഷീറ്റ് പേപ്പറുകളാണ് ഒരു കവറിനുവേണ്ടി വരുന്നത്.

എട്ട് പേപ്പറുകൾ ഉപയോഗപ്പെടുത്തി നിർമിക്കുന്ന കവറുകളിൽ 10 കിലോ സാധനങ്ങൾവരെ ഉൾക്കൊള്ളിക്കാൻ കഴിയും. 40 വർഷമായി ഇസ്മയിൽ പലചരക്ക് പച്ചക്കറി വ്യാപാരരംഗത്തുണ്ട്. അഞ്ചാം ക്ലാസ് മുതൽ പിതാവിനെ സഹായിക്കാനിറങ്ങിയ ഇദ്ദേഹം 13 വയസ്സ് മുതൽ പൂർണമായ വ്യാപാരത്തിൽ ഏർപ്പെടുകയായിരുന്നു.

അരൂക്കുറ്റിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണിദ്ദേഹം. കച്ചവടരംഗത്ത് സജീവമാകുന്നതോടൊപ്പം പൊതുരംഗത്തും കഴിയാവുന്നതുപോലെ രംഗത്തുണ്ടാകും. സഹോദരങ്ങളായ എം.എച്ച്. മുഹമ്മദും എം.എച്ച്. നൂറുദ്ദീനും ജലീലുമൊക്കെ വടുതലയിലും അരൂക്കുറ്റിയിലും അരൂരുമൊക്കെ പലചരക്ക് പച്ചക്കറി വ്യാപാരവുമായി മുന്നോട്ട് പോകുന്നുണ്ട്.

Tags:    
News Summary - Ismail says no to plastic by making paper covers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.