മേവറം-കക്കാക്കടവ് റോഡിൽ യാത്ര അപകടകരം

കൊട്ടിയം: മേവറം-കക്കാക്കടവ് റോഡ് വഴിയുള്ള യാത്ര നാട്ടുകാർക്ക് ദുഷ്​കരമാകുന്നു. തകർന്ന പാതയിൽ ഇരുചക്രവാഹന യാത്രികരും കാൽനടയാത്രികരും അപകടത്തിൽപെടുന്നത്​ പതിവായി. റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻെറ മേജർ റോഡുകളിൽ ഒന്നാണ്. മയ്യനാട് പഞ്ചായത്തിൻെറ തെക്കേമൂലയായ കാക്കോട്ടുമൂലയെ മേവറത്ത് ദേശീയപാതയെയും ബൈപാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിൽ ആയിരങ്ങളാണ് ദിവസേന യാത്രാദുരിതം നേരിടുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ടാറിങ് ഇളകിമാറി പാറ ചീളുകൾ റോഡാകെ നിരന്നു. ഇരുചക്ര വാഹനയാത്രികർ​ കണ്ണൊന്നുപാളിയാൽ വീഴുന്ന അവസ്ഥ. വെള്ളാപ്പിൽ മുക്കിലെ കൊടുംവളവിൽ മേൽമൂടിയില്ലാത്ത ഓട അപകടത്തിനിടയാക്കുന്നു. മഴ പെയ്താൽ വാറുവിള ഭാഗത്തുനിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം സമീപത്തെ വീടുകളിലും തടി മില്ലിലും നിറയും. ഓരോ മഴ കഴിയുമ്പോഴും വീടുകളിൽ നിറയുന്ന ചെളിയും വെള്ളവും നീക്കംചെയ്യേണ്ട സ്​ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി തവണ ബജറ്റിൽ പണം വകയിരുത്തിയെങ്കിലും റോഡിന് ശാപമോക്ഷമുണ്ടായില്ല. മേവറം മുതൽ പടനിലം വരെ മെറ്റലുകൾ നിരത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഹാർബർ എൻജിനീയറിങ് വകുപ്പിൻെറ തീരദേശ റോഡ് നവീകരണ പദ്ധതിയിൽപെടുത്തി പുനർനിർമാണത്തിന് എം.എൽ.എയുടെ ശ്രമഫലമായി ഭരണാനുമതിയായി. ദേശീയപാത നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിന് 3.45 കോടിയുടെ ടെൻഡർ നടപടി പൂർത്തിയായിവരുന്നു. എത്രയുംവേഗം നടപടി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം. 'തദ്ദേശ തെരഞ്ഞെടുപ്പിൽ വിശ്വകർമജരെ മത്സരിപ്പിക്കും' കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിശ്വകർമ വേദപഠന കേന്ദ്ര ധാർമിക സംഘം സ്ഥാനാർഥികളെ മത്സരിപ്പിക്കും. ഇതുസംബന്ധിച്ച ആലോചനയോഗം സംസ്ഥാന പ്രസിഡൻറ്​ ആറ്റൂർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ്​ പി. വാസുദേവൻ മുളങ്കാടകം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. വിജയബാബു, വി. സുധാകരൻ, ആശ്രാമം സുനിൽകുമാർ, എൽ. പ്രകാശ്, ടി.പി. ശശാങ്കൻ, ബിനു ആചാരി ചാത്തന്നൂർ, വെള്ളിമൺ സുകുമാരനാചാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.