വി.ഡി. സതീശൻ
ലീവ് സറണ്ടർ തിരിച്ചെത്തും? മെഡിസെപ്പിൽ വൻ മാറ്റം; ശമ്പള പരിഷ്കരണവും പരിഗണനയിലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ പുനഃസ്ഥാപിക്കുന്നത് സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 61-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ലീവ് സറണ്ടർ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്. മെഡിസെപ്പ് പദ്ധതി ഉറപ്പായും പുനഃസംഘടിപ്പിക്കും. ശമ്പള പരിഷ്കരണവും സർക്കാർ പരിശോധിച്ചുവരികയാണ്. ഓരോ ഘട്ടത്തിലും ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ ആനുകൂല്യങ്ങളും അവകാശങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകും.’ -സതീശൻ പറഞ്ഞു.
അടുത്ത ബജറ്റിന് മുമ്പ് സർക്കാർ ചില പ്രഖ്യാപനങ്ങൾ ജീവനക്കാർക്കായി നടത്തും. ബജറ്റിലും പ്രഖ്യാപനങ്ങൾ വരും. സർക്കാറിന്റെ വരുമാനം വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
അതിനാൽ, സമ്പദ്ഘടന മെച്ചപ്പെടുന്നതിനനുസരിച്ച് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഒന്നൊന്നായി തിരിച്ചുനൽകും. തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പോലെ കുടിശിശ്ശികയുണ്ടായിരുന്ന ഗഡു ഡി.എ അനുവദിക്കാനായി. പ്രഖ്യാപനങ്ങൾ നടപ്പാക്കാനുള്ളതാണ്. അത് ഇനിയും ഉണ്ടാകും.
കടുത്ത പ്രതിസന്ധിയുണ്ടായിട്ടും നികുതി വർധിപ്പിക്കാതെയാണ് വരുമാനം വർധിപ്പിച്ചത്. ജി.എസ്.ടി നടപ്പായശേഷം 28 ശതമാനമെന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നികുതി വർധനവാണ് ഒക്ടോബർ മാസം കിട്ടിയത്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചതോടെ വിൽപന വർധിക്കുകയും സർക്കാറിനുള്ള വരുമാനം കൂടുകയും ചെയ്തു. വിപണിയെ ഉത്തേജിപ്പിച്ച് നികുതി വരുമാനം വർധിപ്പിച്ച് ഖജനാവ് നിറക്കുകയെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഫയൽ തീർപ്പാക്കലിന് ജീവനക്കാരുടെ പൂർണ പിന്തുണ വേണം. ഫയൽ തീർപ്പാക്കുന്നതിനൊപ്പം തീരുമാനമെടുക്കാനുണ്ടായ കാലതാമസം സംബന്ധിച്ച് പഠിച്ച് ഭരണപരമായ മാറ്റത്തിന് വേണ്ട നിർദ്ദേശങ്ങളും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ജീവനക്കാതരുടെ കഴിവ് ഉപയോഗപ്പെടുത്തി രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടേറിയറ്റ് കേരളത്തിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകർത്തിട്ടാണ് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഭരണമൊഴിഞ്ഞത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ ഉപയോഗശൂന്യമായ ഭൂമി വാങ്ങിക്കൂട്ടിയതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപര്യമായിരുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം. ലിജു, അനൂപ് ജേക്കബ്, എൻ. ശക്തൻ എം.എൽ.എ, എം. വിൻസെന്റ് എം.എൽ.എ, സുധീർഷാ പാലോട് എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, വി.എസ്. ശിവകുമാർ, മരിയാപുരം ശ്രീകുമാർ, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.