കെ.ടി ജലീൽ ഭീകരവാദിയെന്ന് ഗോപാലകൃഷ്ണൻ; നിയമനടപടിക്കില്ലെന്ന് കെ.ടി ജലീൽ

കെ.ടി ജലീൽ ഭീകരവാദിയാണെന്ന വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ. കഴിഞ്ഞ ദിവസം അനിൽ ആന്റണിയുടെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് 24 ന്യൂസ് സംഘടിപ്പിച്ച ചർച്ചയിലാണ് ഗോപാലകൃഷ്ണന്റെ പരാമർശം. സി.പി.എമ്മിന്റെ റിക്രൂട്ടിങ് ഏജൻസിയായി പോപ്പുലർ ഫ്രണ്ട് മാറുന്നുവെന്നും അതിനാലാണ് ഭീകരവാദിയായ ജലീലിനെ പാർട്ടി ഇപ്പോഴും കൊണ്ടു നടക്കുന്നതെന്ന ഗുരുതര പരാമർശമാണ് ഗോപാലകൃഷ്ണൻ നടത്തിയത്. തുടർന്ന് ചർച്ചയിൽ സി.പി.എം പ്രതിനിധിയായി പ​ങ്കെടുത്ത ജെയ്ക്ക്തോമസും അവതാരകനും പരാമർശത്തിനെതിരെ രംഗത്തെത്തി.

സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഗോപാലകൃഷ്ണന്റെ പരാമർശം വിവാദമായതോടെ ജലീലിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം ഉൾപ്പടെയുള്ളവർ രംഗത്തെത്തി. പരാമർശത്തിൽ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒടുവിൽ വിവാദങ്ങളിൽ പ്രതികരിച്ച് കെ.ടി ജലീൽ തന്നെ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ ഭീകരവാദിയെന്ന് ആക്ഷേപിച്ചതിൽ തൽക്കാലത്തേക്ക് നിയമനടപടി​ക്കില്ലെന്ന് കെ.ടി ജലീലിന്റെ പരാമർശം. ചർച്ചയിൽ തന്നെ ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്ക് പി തോമസ് ആ പ്രസ്താവനയോട് ശക്തമായി പ്രതിഷേധിച്ചിരുന്നു. വാർത്താവതാരകനും തൻ്റെ വിയോജിപ്പ് പ്രകടമാക്കിയെന്നും ജലീൽ പറഞ്ഞു.

"ജലീൽ" എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പിൽ പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അതെന്റെ മാത്രം ആശങ്കയുമല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ജീവിതത്തിൽ ഇന്നോളം ഒരാളെ 'തോണ്ടി' എന്ന കേസിലോ പത്ത് പൈസ ആരെയെങ്കിലും പറ്റിച്ചു എന്ന കേസിലോ അവിഹിത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലോ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായുള്ള കേസിലോ ഞാൻ പ്രതിയായിട്ടില്ല. ഇന്ത്യക്കാരനായി ജനിച്ച ഈ വിനീതൻ ഇന്ത്യാക്കാരനായി ജീവിക്കും. ഇന്ത്യക്കാരനായിത്തന്നെ മരിക്കും. ലോകത്തെവിടെ സ്വർഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ലെന്നും ജലീൽ പറഞ്ഞു.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

24 ന്യൂസിൻ്റെ അന്തിച്ചർച്ചയിൽ പങ്കെടുത്ത് ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ എന്നെ "ഭീകരവാദി" എന്നാക്ഷേപിച്ചതിനെ കുറിച്ച് നിയമ നടപടി സ്വീകരിക്കണമെന്ന് പലരും സഹോദര ബുദ്ധ്യാ ഉണർത്തി. ചർച്ചയിൽ തന്നെ ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്ക് പി തോമസ് ആ പ്രസ്താവനയോട് ശക്തമായി പ്രതിഷേധിച്ചു. വാർത്താവതാരകനും തൻ്റെ വിയോജിപ്പ് പ്രകടമാക്കി. കെ.പി.സി.സി വൈസ് പ്രസിഡണ്ട് ശ്രീ വി.ടി ബൽറാം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലും നിയമ നടപടിയെ കുറിച്ച് സൂചിപ്പിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാവരോടും എനിക്ക് ഒരുപാട് നന്ദിയുണ്ട്.

തൽക്കാലം നിയമനടപടി വേണ്ടെന്നാണ് എൻ്റെ വ്യക്തിപരമായ തീരുമാനം."ജലീൽ" എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിൻ്റെയും മുമ്പിൽ പോകാൻ എൻ്റെ മനസ്സ് അനുവദിക്കുന്നില്ല. അതെൻ്റെ മാത്രം ആശങ്കയല്ല. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ഉൽകണ്ഠയാണ്.

ജീവിതത്തിൽ ഇന്നോളം ഒരാളെ 'തോണ്ടി' എന്ന കേസിലോ പത്ത് പൈസ ആരെയെങ്കിലും പറ്റിച്ചു എന്ന കേസിലോ അവിഹിത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിലോ ഏതെങ്കിലും തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തനം നടത്തിയതായുള്ള കേസിലോ ഞാൻ പ്രതിയായിട്ടില്ല.

ഭീകരവാദ ബന്ധം ഉൾപ്പടെ അന്വേഷിക്കുന്ന എൻ.ഐ.എ അടക്കം മൂന്ന് അന്വേഷണ ഏജൻസികൾ ഏകദേശം 40 മണിക്കൂർ എന്നിൽ നിന്ന് വിവര ശേഖരണം നടത്തിയിട്ടും ഒരു തരിമ്പെങ്കിലും എൻ്റെ ഭാഗത്ത് തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ല. ഇനിയൊട്ട് കണ്ടെത്തുകയുമില്ല. ഒരു തരത്തിലുള്ള നികുതി വെട്ടിപ്പും നടത്തിയിട്ടില്ല. ടാക്സ് അടക്കാത്ത ഒരു രൂപ പോലും കൈവശമില്ല. കിട്ടുന്ന പരിമിതമായ വരുമാനത്തിൻ്റെ പരിതിക്കുള്ളിൽ ഒതുങ്ങിനിന്നേ ജീവിച്ചിട്ടുള്ളൂ.

കഴിഞ്ഞ 30 വർഷത്തെ എൻ്റെ ബാങ്ക് എക്കൗണ്ടുകൾ മുടിനാരിഴകീറി സസൂക്ഷ്മം നോക്കി. ഞാൻ അനുഭവിക്കുന്ന സ്വത്തുവഹകളും വീട്ടിനകത്തെ ഉപകരണങ്ങളും കണക്കെടുത്ത് പരിശോധിച്ചു. എന്നിട്ടെന്തുണ്ടായി? ഒന്നും സംഭവിച്ചില്ല. അന്വേഷണ ഏജൻസികൾക്ക് പകൽ വെളിച്ചം പോലെ എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കാനായി.

കോൺഗ്രസ്സിനെയും ലീഗിനേയും ഞാൻ വിമർശിക്കാറുണ്ട്. ബി.ജെ.പിയേയും സംഘ്പരിവാർ ശക്തികളെയും ശക്തമായി എതിർക്കാറുണ്ട്. മുസ്ലിങ്ങളിലെ തീവ്ര ചിന്താഗതിക്കാരെയും മതരാഷ്ട്രവാദികളെയും നിർദാക്ഷിണ്യം തുറന്നുകാട്ടാറുണ്ട്.

പശുവിൻ്റെയും മതത്തിൻ്റെയും പേരിൽ മനുഷ്യനെ കൊല്ലുന്നെടത്തോളം കാലം, സാധാരണ മനുഷ്യരുടെ വീടുകളും സ്വത്തുക്കളും അഗ്നിക്കിരയാക്കുന്നെടത്തോളം കാലം, സഹോദ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുന്നെടത്തോളം കാലം, ഇതെല്ലാം ചെയ്യുന്ന കുറ്റവാളികളെ സംരക്ഷിക്കുന്നെടത്തോളം കാലം, പല്ലും നഖവും ഉപയോഗിച്ച്‌ അത്തരം കാട്ടാളത്തങ്ങളെ എതിർക്കും. അതിൻ്റെ പേരിൽ ഏത് 'മുദ്ര' പതിച്ച് തന്നാലും എനിക്കതൊരു പ്രശ്നമല്ല. ഞാനാരാണെന്ന് എന്നെ അറിയുന്ന ജനങ്ങൾക്കറിയാം.

ഇന്ത്യക്കാരനായി ജനിച്ച ഈ വിനീതൻ ഇന്ത്യാക്കാരനായി ജീവിക്കും. ഇന്ത്യക്കാരനായിത്തന്നെ മരിക്കും. ലോകത്തെവിടെ സ്വർഗ്ഗമുണ്ടെന്ന് പറഞ്ഞാലും ഈ മണ്ണ് വിട്ട് മറ്റെവിടേക്കും പോവില്ല. കാരണം, ഈ നാട്ടിലാണ് എൻ്റെ വേരുകളും ബന്ധങ്ങളും സൗഹൃദങ്ങളും..


Full View


Tags:    
News Summary - KT Jaleel against gopala krishnan statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.