തുരുത്തി റേ ഫ്ലാറ്റ്, റോ റോ എന്നീ വിഷയങ്ങൾ സംബന്ധിച്ച് കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽനിന്ന്
കൊച്ചി കോർപറേഷൻ; മൂന്നാം റോ റോ, തുരുത്തി ഫ്ലാറ്റ്...,പ്രതിഷേധത്തിൽ കലങ്ങി കൗൺസിൽ യോഗം
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞിട്ടും സർവിസ് ആരംഭിക്കാത്ത മൂന്നാമത്തെ റോ റോയെ ചൊല്ലി കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാഗ്വാദം. റോ-റോയിൽ ആരംഭിച്ച വാദപ്രതിവാദങ്ങൾ തുരുത്തി റേ ഫ്ലാറ്റിൽ തട്ടി കലങ്ങിമറിഞ്ഞു. ഒടുവിൽ പ്രതിപക്ഷാംഗങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റ് പ്രതിഷേധമാരംഭിച്ചതോടെ അജണ്ടകളെല്ലാം പാസാക്കി മേയർ യോഗം പിരിച്ചുവിട്ടു.
എൽഡി.എഫ് കൗൺസിലറായ യേശുദാസൻ ആണ് റോ റോ വിഷയം ആദ്യമുന്നയിച്ചത്. മൂന്നാമത്തെ റോറോ ഉദ്ഘാടനം ചെയ്ത് ആഴ്ചകളായിട്ടും ഇതുവരെ പ്രവർത്തന സജ്ജമാക്കാത്തതിലുള്ള എതിർപ്പ് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചുദിവസമായി ഒരു റോ റോ വെസൽ തകരാറിലാണ്. നൂറുകണക്കിന് സാധാരണക്കാർ ഇതുമൂലം ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോറോ നഷ്ടത്തിലാണെന്ന് വരുത്തി തീർക്കാനും ഇതിലൂടെ സ്വകാര്യവത്കരിക്കാനുമുള്ള നീക്കം നടക്കുന്നതായി എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
എന്നാൽ മുൻകാലങ്ങളിലും റോ റോ നിർമാണം പൂർത്തിയായ ശേഷം നീറ്റിലിറക്കുന്നതിന് കാലതാമസമുണ്ടായിരുന്നെന്ന് യു.ഡി.എഫ് കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ ചൂണ്ടിക്കാട്ടി. പുതിയ റോറോ സർവിസ് നടത്താനായി സ്പെഷൽ പർപസ് വെഹിക്കിൾ (എസ്.പി. വി) രൂപവത്കരിച്ചാൽ മാത്രമേ നടത്തിപ്പിൽ നിന്ന് കെ. എസ്.ഐ.എൻ.സിയെ ഒഴിവാക്കാനാവൂ. കൂടാതെ സർവിസ് തുടങ്ങാൻ ഫിറ്റ്നസ്, രജിസ്ട്രേഷൻ ഉൾപ്പടെ വിവിധ രേഖകളും ലൈസൻസുകളും കിട്ടേണ്ടതുണ്ടെന്ന് അദ്ദേഹം കൂടിച്ചേർത്തു. നടപടിക്രമങ്ങളൊന്നും പൂർത്തിയായില്ലെങ്കിൽ ഇത്ര ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത് എന്തിനാണെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. യു.ഡി.എഫ് ഭരണസമിതി അധികാരത്തിലേറി ഒരു വർഷമാവാറായിട്ടും റോറോ നടത്തിപ്പുമായി ബന്ധപ്പെട്ട സബ് കമ്മറ്റി ചേർന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഫോർട്ട് കൊച്ചിയിൽ കാർണിവൽ ആഘോഷങ്ങൾ അടുത്തിരിക്കേ ഇങ്ങോട്ടുള്ള യാത്രക്കാരുടെ തിരക്ക് വർധിക്കുകയാണെന്നും മൂന്നാമത്തെ റോറോ എന്ന് ആരംഭിക്കുമെന്നും ചോദ്യമുയർന്നു.
കഴിഞ്ഞ അഞ്ചു വർഷം എൽഡി എഫ് ഭരിച്ചിട്ടും എസ്. പി. വി രൂപവത്കരിക്കാനായില്ലെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻറണി പൈനുത്തറ ആരോപിച്ചു. കെ.എസ്.ഐ.എൻ.സിയെ ഏൽപിച്ചതിനാൽ പൂർണമായും നഷ്ടത്തിലാക്കി. സർവിസ് നഷ്ടമെന്നത് തട്ടിപ്പാണ്, പുതിയ റോറോ സർവിസ് നടത്തിപ്പ് കെ.എസ്.ഐ.എൻ.സിയെ ഏൽപിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ക് യാർഡ് ഇല്ലാത്ത സ്ഥാപനത്തെ നടത്തിപ്പു ചുമതല ഏൽപ്പിക്കുന്നത് ശരിയാവില്ലെന്നും പരിചയമില്ലാത്തവർക്ക് കൊടുത്താൽ അതിന്റെ ദുരിതം കൊച്ചിക്കാർ അനുഭവിക്കേണ്ടി വരുമെന്നും പ്രതിപക്ഷ കക്ഷി നേതാവ് വി.എ. ശ്രീജിത്ത് വ്യക്തമാക്കി.
ഇതിനിടെ തുരുത്തി റേ ഫ്ലാറ്റ് ഗുണഭോക്താക്കൾക്കായി കൈമാറുന്നതു സംബന്ധിച്ചും ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ വാദപ്രതിവാദങ്ങളുയർന്നു. ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൈമാറണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഇതിനിടെ, വെരിഫിക്കേഷൻ പൂർത്തിയായവർക്ക് കത്ത് നൽകുന്നതു സംബന്ധിച്ച യു.ഡി.എഫ് കൗൺസിലർ ടി.കെ. അഷ്റഫിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതിപക്ഷം കൂട്ടത്തോടെ രംഗത്തെത്തുകയായിരുന്നു. രേഖകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടെ വിശദീകരണം തേടിയെങ്കിലും ബുധനാഴ്ച നടക്കുന്ന കൗൺസിലിൽ റിപ്പോർട്ട് നൽകാമെന്ന് സെക്രട്ടറി വ്യക്തമാക്കി. നാടകീയ നിമിഷങ്ങൾക്കിടെ പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിക്കു ചുറ്റും പ്രതിഷേധവുമായി നിരന്നു. പിന്നാലെ പ്രതിഷേധ മുദ്രാവാക്യങ്ങളും ആരംഭിച്ചു. ഇതോടെ അജണ്ടകൾ പാസാക്കിയതായി അറിയിച്ച് മേയർ കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.