WE INDIA ഉപ്പുകുറുക്കിയ ഓർമകളിൽ ഉളിയം കടവ്

തൃക്കരിപ്പൂർ: സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ഉപ്പിന് കരം ചുമത്തിയ ബ്രിട്ടീഷ് നടപടിയിൽ പ്രതിഷേധിച്ച് നടന്ന ഗാന്ധിജിയുടെ ദണ്ഡി യാത്ര അനുധാവനം ചെയ്ത് ഒളവറപ്പുഴയുടെ ഇരുകരകളിലുമായി ഉപ്പുകുറുക്കൽ സമരം നടന്നപ്പോൾ ഉളിയം കടവിലും സ്വാതന്ത്ര്യ സമര സേനാനികൾ ഉപ്പുകുറുക്കി. 1930 ഏപ്രില്‍ 23നാണ് 33 സമരഭടന്മാര്‍ ഉളിയം കടവിലെത്തി ഉപ്പുകുറുക്കിയത്. പുഴയുടെ കിഴക്കുഭാഗത്ത് കെ. കേളപ്പന്റെ നേതൃത്വത്തിലായിരുന്നു ഉപ്പുകുറുക്കൽ. എ.വി. ശ്രീകണ്ഠ പൊതുവാള്‍, ടി.എസ്. തിരുമുമ്പ്, ടി.എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരായിരുന്നു കേളപ്പനൊപ്പം മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. നിയമം ലംഘിച്ച് കേളപ്പന്‍ തൃക്കരിപ്പൂരിലെത്തി ഉപ്പുവിറ്റു. അദ്ദേഹത്തെയും ഉപ്പുവാങ്ങിയ സി.എം. കുഞ്ഞിരാമന്‍ നമ്പ്യാരെയും പൊലീസ് അറസ്റ്റു ചെയ്തു. സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക ഏടിന് വേദിയായതിന്റെ പുളകവുമായാണ് ഉളിയം മേഖലയിൽനിന്ന് ധാരാളം ആളുകൾ സ്വാതന്ത്ര്യസമരത്തിൽ അണിചേരുന്നത്. ഓലക്കാരന്‍ അമ്പു, കെ.സി. കോരന്‍, പുള്ളുവന്‍ കൃഷ്ണന്‍, പറമ്പത്ത് ചാത്തപ്പന്‍, തളിയില്‍ അമ്പു എന്നിവരായിരുന്നു ഇവിടെയെത്തിയ സമര പോരാളികൾ. ഉപ്പുകുറുക്കല്‍ സമരത്തില്‍ പങ്കെടുത്ത ഒളവറ അക്കരങ്കരയിലെ ഓലക്കാരന്‍ അമ്പു 1938ല്‍ എ.വി. കുഞ്ഞമ്പുവിനൊപ്പം കര്‍ഷക സംഘത്തില്‍ സജീവമായി. 1948വരെ കര്‍ഷക സംഘം സെക്രട്ടറിയായിരുന്നു. കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും അനീതിക്കെതിരെ പ്രതികരിക്കുന്നതിലും നേതൃപരമായ പങ്കു വഹിച്ച അമ്പു, ജന്മിമാരുടെയും അതുവഴി ഉദ്യോസ്ഥരുടെയും കണ്ണിലെ കരടായി. കര്‍ഷകത്തൊഴിലാളികളെയും സാധാരണക്കാരെയും ബ്രിട്ടീഷ്- ജന്മിത്ത കൂട്ടുകെട്ടില്‍നിന്ന് മോചിപ്പിക്കാന്‍ അക്ഷരങ്ങളെയാണ്‌, സ്വാതന്ത്ര്യസമര സേനാനി ഓലക്കാരന്‍ അമ്പു ആയുധമാക്കിയത്. ഒളവറ വായനശാല പിറവിയെടുക്കുന്നത് അങ്ങനെയൊരു ചിന്തയില്‍നിന്നാണ്. ലഭ്യമായ വര്‍ത്തമാന പത്രങ്ങളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വന്നിരുന്ന വാരികകളും വായനശാലയില്‍ കിട്ടുന്ന അവസ്ഥയായപ്പോള്‍ അടിയാളര്‍ മുതലാളിമാരോട് കൂലി ചോദിച്ചുവാങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഒളവറ വായനശാല സ്ഥാപക പ്രസിഡന്റായ അമ്പുവിനെ അക്ഷര ഉദ്യമത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ജന്മിയുടെ ആളുകള്‍ എഴുതിനല്‍കിയ സ്വത്ത് പുല്ലുപോലെ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന ധീരനാണ് അമ്പു. അടിയാളര്‍ എഴുത്തും വായനയും പഠിച്ചാല്‍ വാരവും കപ്പവും കിട്ടില്ലെന്നും അവകാശംചോദിച്ച് വരുമെന്നും ഭയന്നാണ് ജന്മിമാര്‍ അമ്പുവിനെ ചാക്കിലാക്കാന്‍ ശ്രമിച്ചത്. അമ്പുവിന്റെ സമരാവേശം തണുപ്പിക്കാന്‍ ഉടുമ്പുന്തലയിലെ ജന്മി തന്ത്രപരമായി സമ്മാനിച്ച ആധാരം വലിച്ചെറിഞ്ഞ അമ്പുവിനെ കയ്യൂര്‍ കേസില്‍ പ്രതിയാക്കാന്‍ പോലും നീക്കം നടന്നു. ഇക്കാര്യമറിഞ്ഞ് അമ്പു ഏഴിമലയുടെ താഴ് വാരത്തെ അച്ഛന്റെ വീട്ടിലേക്ക് പലായനം ചെയ്തു. തോണിയേറിയും നീന്തിയുമൊക്കെ അത്യന്തം സാഹസികമായിരുന്നു യാത്ര. അന്ന് ഏഴിമല മലബാറിന്റെ ഭാഗമായിരുന്നു. സൗത്ത് കാനറ ജില്ലയിലെ എം.എസ്.പിക്കാര്‍ക്ക് അധികാര പരിധിയല്ലാത്തതിനാൽ കടന്നുവരാന്‍ കഴിയില്ല എന്നതിനാലാണ്ഏഴിമലയിലേക്ക് അമ്പു മുങ്ങിയത്. ഒളവറയില്‍ വീട്ടില്‍ തനിച്ചു കഴിയുന്ന അമ്മ മാണിക്കത്തെ പാത്തും പതുങ്ങിയും വന്നു കാണുമായിരുന്നു. അക്കാലത്ത് അമ്മ കൂലിപ്പണിയെടുത്താണ് കഴിഞ്ഞിരുന്നത്. സ്വാതന്ത്ര്യം ലഭിച്ച ശേഷമാണ് പിന്നീട് ഒളവറയില്‍ തിരിച്ചെത്തിയത്‌. ഇക്കാലയളവില്‍ പലരും പെന്‍ഷനും മറ്റും അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു. ഒളിവാസത്തിനിടയില്‍ അമ്പുവിന് അപേക്ഷിക്കാന്‍ പോലും സാധിച്ചില്ല. മകന്റെ വീട്ടിലായിരുന്നു താമസം. എന്‍.ജി. കമ്മത്തിനൊപ്പം ഒളവറ തൊട്ടു മംഗലാപുരംവരെ പട്ടിണിജാഥയില്‍ പങ്കാളിയായി. കെ.സി. കോരന്‍, പുള്ളുവന്‍ കൃഷ്ണന്‍, പുതിയവളപ്പിൽ കോരൻ, പറമ്പത്ത് ചാത്തപ്പന്‍, തളിയില്‍ അമ്പു എന്നിവരാണ് കൂടെയുണ്ടായിരുന്നത്. കൈക്കോട്ടുപണി ചെയ്തിരുന്ന അക്കാലത്ത് രണ്ടണയായിരുന്നു ദിവസക്കൂലി. അല്ലെങ്കില്‍ ജന്മി രണ്ടിടങ്ങഴി അരി കൊടുക്കും. ഉപ്പു സത്യഗ്രഹത്തിന് ടി.എസ്. തിരുമുമ്പിന്റെ നേതൃത്വത്തില്‍ 101 പേരാണ് അമ്പുവിനൊപ്പം ഒളവറയില്‍നിന്ന് പോയത്. അവരില്‍ അവശേഷിക്കുന്ന ഏക കണ്ണിയായിരുന്നു അമ്പു. 2012 ഡിസംബർ 28നായിരുന്നു മരണം. തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉളിയം കടവിൽ ഉപ്പുകുറുക്കൽ സ്മാരക സ്തൂപം നിര്‍മിച്ചിട്ടുണ്ട്. ഉളിയത്തെ റെഗുലേറ്റർ ബ്രിഡ്ജ് യാഥാർഥ്യമാവുന്നതോടെ അക്കരെയും ഇക്കരെയുമുള്ള ചരിത്ര സ്മൃതികളിലേക്കുള്ള സഞ്ചാരം സുഗമമാവും. (ഇബ്രാഹിം തൃക്കരിപ്പൂർ) പടം// ഉളിയം കടവിലെ ഉപ്പുകുറുക്കൽ സ്മാരകം ATTN WE INDIA സ്ലഗ്​വെക്കാൻ മറക്കരുത്​ പടം//ഓലക്കാരൻ അമ്പു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.