പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപവത്കരണ പ്രക്രിയയുടെ ഭാഗമായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ചേര്‍ന്ന ജില്ലതല ആശയ-അഭിപ്രായ രൂപവത്കരണ യോഗം
പതിനഞ്ചാം പഞ്ചവത്സര പദ്ധതി; ജില്ലയുടെ വികസനത്തിലേക്ക് വഴിതുറന്ന് ചര്‍ച്ചകള്‍
കാസർകോട്: പതിനഞ്ചാം പഞ്ചവത്സരപദ്ധതി രൂപവത്കരണ പ്രക്രിയയുടെ ഭാഗമായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ചേര്‍ന്ന ജില്ലതല ആശയ-അഭിപ്രായ രൂപവത്കരണ യോഗത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ കാസര്‍കോടിന്റെ വികസനത്തിലേക്ക് വഴിതുറക്കുന്ന വിവിധ പദ്ധതികളിലേക്കുള്ള ചുവടുവെപ്പായി. ആദ്യ സെഷനില്‍ ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്സൺ സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. സമഗ്ര വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങളുടെ നിര്മിമാണത്തിനും കയറ്റുമതിക്കും ആധുനിക അഗ്രോ-പ്രോസസിങ് പാര്‍ക്കുകള്‍ സ്ഥാപിക്കുക, കാസര്‍കോടിന്റെ തനത് കശുവണ്ടിക്ക് ഭൗമസൂചികാ പദവി ഉള്‍പ്പെടെയുള്ള പ്രാദേശിക ബ്രാന്‍ഡിങ്ങും കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന ആധുനിക സംസ്കരണ യൂനിറ്റുകളും ഒരുക്കുക, മലയോര പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കായി ഇടവിളകൃഷി, സുഗന്ധവ്യഞ്ജന സംസ്കരണം, തേന്‍കൃഷി എന്നിവക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വനമേഖലയോട് ചേര്‍ന്ന പഞ്ചായത്തുകളില്‍ വന്യമൃഗശല്യം തടയുന്നതിന് സോളാര്‍ ഫെന്‍സിങ്, ആനക്കിടങ്ങുകള്‍, റാപ്പിഡ് റെസ്പോണ്‍സ് ടീം ശാക്തീകരണം എന്നിവക്ക് സമഗ്ര പാക്കേജ് നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ അവതരിപ്പിച്ചു.
മഞ്ചേശ്വരം, കാസര്‍കോട്, ചെറുവത്തൂര്‍ (മടക്കര), നീലേശ്വരം (തൈക്കടപ്പുറം) ഹാര്‍ബറുകളെയും ഫിഷ് ലാന്‍ഡിങ് സെന്ററുകളെയും ബന്ധിപ്പിച്ച് ആധുനിക കോള്‍ഡ് സ്റ്റോറേജ് ശൃംഖലയും മത്സ്യസംസ്കരണ-മൂല്യവര്‍ധിത യൂനിറ്റുകളും സ്ഥാപിക്കുക, കടലാക്രമണം രൂക്ഷമായ തീരദേശങ്ങളില്‍ പരിസ്ഥിതിസൗഹൃദമായ ജിയോ-ട്യൂബ് ഭിത്തികളും കണ്ടല്‍ക്കാടുകളുടെ സംരക്ഷണവും നടപ്പാക്കുക, അന്താരാഷ്ട്രനിലവാരത്തിലുള്ള 'ഉത്തര മലബാര്‍ ഹെറിറ്റേജ്, ബാക്ക് വാട്ടര്‍ ആൻഡ് ഇക്കോ ടൂറിസം സര്‍ക്യൂട്ട്' വികസിപ്പിക്കുക, വലിയപറമ്പ് കായല്‍ ടൂറിസവും റാണിപുരം ഇക്കോ ടൂറിസം എന്നിവയും മുന്നോട്ടുവെച്ചു.
മംഗലാപുരം ഐ.ടി ഇടനാഴിയുടെ സാമീപ്യം പ്രയോജനപ്പെടുത്തി മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട് മേഖലകളില്‍ ഐ.ടി ആൻഡ് സ്റ്റാര്‍ട്ടപ് ഇന്‍കുബേഷന്‍ സെന്ററുകളും യുവജനങ്ങള്‍ക്കായി തൊഴില്‍ നൈപുണ്യ വികസന അക്കാദമിയും ആരംഭിക്കുക, കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ സജ്ജമാക്കുന്നതിനൊപ്പം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി wമെഡിക്കല്‍ സെന്ററായി ഉയര്‍ത്തുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍വേപാത യാഥാര്‍ഥ്യമാക്കുന്നതിനും ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനും മുന്‍ഗണന നല്‍കുക, ദേശീയപാത 66ന്റെ വികസനത്തോടൊപ്പം തീരദേശഹൈവേയെയും മലയോര ഹൈവേയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് ലിങ്ക് റോഡുകള്‍ ഉന്നത നിലവാരത്തില്‍ നവീകരിക്കുക, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളെയും പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് ആധുനിക ഖര-ദ്രവ മാലിന്യസംസ്കരണ പ്ലാന്റുകളും ഹരിത പ്രോട്ടോക്കോള്‍ അധിഷ്ഠിത പൊതുസ്ഥലങ്ങളും നിര്‍മിച്ച് ജില്ലയെ 'നെറ്റ് സീറോ കാര്‍ബണ്‍' ലക്ഷ്യത്തിലേക്ക് നയിക്കുക, നദികളുടെ നീര്‍ത്തട സംരക്ഷണവും തീരദേശ-ഇടനാട് മേഖലകളില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള വി.സി.ബികളുടെ നിര്‍മാണവും നടത്തുക, ജില്ലയുടെ ജലസ്രോതസ്സുകളായ ഇടനാടന്‍ ചെങ്കല്‍കുന്നുകളുടെ അനിയന്ത്രിതമായ ഖനനം നിയന്ത്രിച്ച് അവയെ ഭൂഗര്‍ഭ ജലസംഭരണ മേഖലകളായി സംരക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടായി.
രണ്ടാം സെഷനില്‍ അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ വിഷയമേഖലകളിലെ വിദഗ്ധര്‍, സംരംഭകര്‍ എന്നിവരുമായി ആശയരൂപവത്കരണ ചര്‍ച്ച നടന്നു. കലക്ടര്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു. വ്യവസായം, ടൂറിസം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസം, ജെന്‍ഡര്‍, ട്രാന്‍സ്ജെന്‍ഡര്‍, ശിശുവികസനം, ഭാഷാ ന്യൂനപക്ഷങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, പരിസ്ഥിതിസംരക്ഷണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കലാ-കായിക മേഖലകള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധരും ഉദ്യോഗസ്ഥരും ആശയങ്ങള്‍ പങ്കുവെച്ചു.
മഴക്കാലത്ത് ജില്ലയില്‍നിന്ന് കടലിലേക്ക് ഒഴുകിയെത്തുന്ന ജലം ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരികണമെന്ന നിര്‍ദേശവുമുയര്‍ന്നു. വടക്കന്‍ കാസര്‍കോട്ടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും തീരദേശ-മലയോര മേഖലകളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും ചര്‍ച്ചയായി. ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. പി.പി. ബാലന്, ശ്രീധര്‍ രാധാകൃഷ്ണന്, വരുണ്‍ സന്തോഷ്, സി.എച്ച്. അബ്ദുല്‍ റഹീം, ജില്ല പ്ലാനിങ് ഓഫിസര്‍ ഡോ. ബി.എം. അനില്‍കുമാര്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.