കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ സിൻഡിക്കേറ്റിനും ഭരണകക്ഷിക്കും വേണ്ടപ്പെട്ടവരെ നിയമിക്കാൻ വ്യവസ്ഥകളിലും ചട്ടങ്ങളിലും മാറ്റംവരുത്തിയതായി പരാതി. വിജ്ഞാപനത്തിന് മുമ്പ് ഇന്റർവ്യൂ മാനദണ്ഡം നിശ്ചയിക്കണമെന്ന കോടതിവിധികളും യു.ജി.സി 2018ൽ പുറത്തിറക്കിയ വ്യവസ്ഥകളും അവഗണിച്ചാണ് ഈ നീക്കം. സ്വന്തക്കാർക്ക് നിയമനം ലഭിക്കാൻ പാകത്തിന് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ച് നടത്തുന്ന ഇന്റർവ്യൂ അടിയന്തരമായി നിർത്താൻ നിർദേശം നൽകണമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
2019 ഡിസംബർ 31നാണ് കാലിക്കറ്റിൽ അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നൽകാനുള്ള അവസാന തീയതി 2020 ഫെബ്രുവരി 15 ആയിരുന്നു. പിന്നീട് അപേക്ഷകൾ വിശദമായി പരിശോധിച്ചശേഷം വേണ്ടപ്പെട്ടവരുടെ നിയമനത്തിനായി യു.ജി.സിയെ മറികടന്ന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളാണുയരുന്നത്. പത്ത് ബുക്കുകളുടെ പബ്ലിക്കേഷനുള്ള ഉദ്യോഗാർഥിക്കും ഒരു പബ്ലിക്കേഷനുള്ളവർക്കും ഒരേ മാർക്ക് നേടുന്ന തരത്തിലാണ് വ്യവസ്ഥകളിലെ പ്രധാന മാറ്റം.
മാർക്ക് കുറഞ്ഞ, സ്വന്തക്കാരായ അപേക്ഷകർക്ക് നിയമനം നൽകാൻ കഴിയും. പ്രൊജക്ട്, കോൺഫറൻസ് പേപ്പർ, തിസീസ് പ്രൊഡക്ഷൻ എന്നീ ഇനത്തിലും ഇതേ രീതിയാണ്. വിവിധ ഇനങ്ങളിൽ നാല് പോയന്റ് നേടിയ ഉദ്യോഗാർഥിയും 150 പോയന്റുള്ളവരും നാല് മാർക്ക് നേടുന്ന അവസ്ഥയാണെന്നും പരാതിയുണ്ട്. അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ഓരോരുത്തർക്കും ലഭിക്കുന്ന ഇൻഡക്സ് മാർക്കുകൾ കണക്കാക്കിയതിനുശേഷം സ്വന്തക്കാരെ തെരഞ്ഞെടുക്കുന്നതിനായി 2021 ഫെബ്രുവരി 19ന് സിൻഡിക്കേറ്റ് യോഗത്തിൽ പുതിയ മാനദണ്ഡങ്ങൾക്ക് വൈസ് ചാൻസലർ അംഗീകാരം നേടുകയായിരുന്നുവെന്ന് പ്രതിപക്ഷ സിൻഡിക്കേറ്റംഗമായ ഡോ. റഷീദ് അഹമ്മദ് ആരോപിക്കുന്നു.
നിയമന വിജ്ഞാപനം പുറത്തിറക്കിയതിനുശേഷം മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ പാടില്ല എന്ന സുപ്രീംകോടതിയുടേതുൾെപ്പടെ നിരവധി വിധികൾ അവഗണിച്ചായിരുന്നു സിൻഡിക്കേറ്റിെൻറ തീരുമാനം. 29 അസോസിയറ്റ് പ്രഫസർമാരെയും 24 പ്രഫസർമാരെയുമാണ് നിയമിക്കാനൊരുങ്ങുന്നത്. നിലവിൽ നടത്തിയ എല്ലാ അഭിമുഖങ്ങളും റദ്ദാക്കണമെന്നും യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് പുതിയ ഇൻറർവ്യൂ നടത്തണമെന്നും നടപടികൾ തുടർന്നാൽ കോടതിയെ സമീപിക്കുമെന്നും റഷീദ് അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.