കാലവർഷം ശക്തമായി തുടരുന്ന സംസ്ഥാനത്ത് അഞ്ച് മരണം. പലയിടത്തും കനത്ത നാശനഷ്ടം. മഴയിൽ കൂടുതൽ നാശനഷ്ടം ഉണ്ടായത് കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ്. കാറ്റിൽ തെങ്ങുവീണ് കോഴിക്കോട് ചാലിയത്ത് ഖദീജക്കുട്ടി (60), തിരുവനന്തപുരം നെയ്യാറ്റിൻകര പെരുങ്കിടവിള സ്വദേശി ദീപ (40) എന്നിവരാണു മരിച്ചത്. എടത്വ തലവടിയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിജയകുമാർ, കാസർകോട് ദേലമ്പാടിയിൽ പുഴയിൽ ഒഴുക്കിൽപെട്ട് ചെനിയ നായിക് എന്നിവരും മരിച്ചു. കണ്ണൂർ പാനൂരിൽ കടപുഴകിയ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ തോട്ടിൽ വീണ് പാനൂർ മുത്താറി പീടികയിൽ ഡെയ്ലിമാർട്ട് ഉടമ എം.എൻ. രവീന്ദ്രൻ (66) മരിച്ചു.
തെങ്ങ് വീണ് കാൽനടയാത്രക്കാരിയായ ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടി പരേതനായ മരക്കാർ കുട്ടിയുടെ ഭാര്യ കുരിക്കൾകണ്ടി ഖദീജക്കുട്ടി മരിച്ചെങ്കിലും കൂടെയുണ്ടായിരുന്ന ചെറുമകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെ ചാലിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: അശ്റഫ്, സലീം (മലബാർ സൗണ്ട്സ്, വട്ടപ്പറമ്പ്), ഹമീദ്, നദീറ. മരുമക്കൾ: റസിയ (പാലത്തിങ്ങൽ, പരപ്പനങ്ങാടി) നിഷ, റസിയ (ചെറുവണ്ണൂർ). സഹോദരങ്ങൾ: അബ്ദുല്ലക്കോയ, സുഹറ, സുബൈദ, സൈനബ.
മരിച്ച എം.എൻ. രവീന്ദ്രൻ മർച്ചൻറ് നേവി എൻജിനീയർ വിഭാഗം റിട്ട. ജീവനക്കാരനായിരുന്നു. രവീന്ദ്രെൻറ ഭാര്യ: പുഷ്പജ. മക്കൾ: അഭിലാഷ്, അഭിഷേക്. മരുമക്കൾ: ജിഷ, രമ്യ. സഹോദരങ്ങൾ: രാധാകൃഷ്ണൻ (കോയമ്പത്തൂർ), ഭാരതി, പ്രസന്ന, തങ്കം, പരേതനായ രാമചന്ദ്രൻ.
ദേലമ്പാടി ചെർളകയിലെ ചെനിയ നായിക്ക് (62) പയസ്വിനി പുഴയിൽ ഒഴുക്കിൽപെട്ടാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ചെർളകയിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ കുണ്ടാർ ക്ഷേത്രത്തിനു സമീപത്ത് മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഭാര്യ: ലളിത. മക്കൾ: രാജേഷ്, രമേശ്, രഞ്ജിനി. മരുമക്കൾ: വാസുദേവ, ചന്ദ്രകല. സഹോദരങ്ങൾ: കൊറഗ നായിക്, കമല, സീതാറാം.വില്യാപ്പള്ളി കല്ലേരിയിൽ പേരാല്‍ കടപുഴകി രണ്ടു വാഹനങ്ങൾ തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. പിക്അപ് വാനിന് മുകളിൽ മരം വീണ് ഡ്രൈവര്‍ ചീക്കോന്ന് സ്വദേശി രവീന്ദ്രനാണ് (50) പരിക്കേറ്റത്.
രണ്ടിടത്ത് ഉരുൾപൊട്ടൽ
ഇടുക്കിയിൽ അടിമാലി, മാങ്കുളം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി ഏക്കർ കണക്കിന് കൃഷി നശിച്ചു. അടിമാലിക്ക് സമീപം ആനച്ചാലിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് പത്ത് കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ നിർദേശം നൽകി. അടിമാലിയിലെ സുകുമാരൻ കട, ആനച്ചാൽ എന്നിവിടങ്ങളിൽ റോഡ് ഇടിഞ്ഞതിനാൽ ഗതാഗതം നിർത്തിവെച്ചു. ആനച്ചാല്‍ ആഡിറ്റില്‍ 600 അടി ഉയരത്തില്‍നിന്ന് ഉരുള്‍പൊട്ടി രണ്ട് കിലോമീറ്ററിലെ കൃഷി ഉൾപ്പെടെ നശിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ഉരുള്‍പൊട്ടിയത്. രണ്ട് റിസോര്‍ട്ടുകളുടെ നിർമാണം തടഞ്ഞ് സ്റ്റോപ് മെമ്മോ നല്കി.
കോട്ടയം ഏറ്റുമാനൂരിൽ ട്രെയിനിന് മുകളിൽ മരം വീണു. ശനിയാഴ്ച രാവിലെ 11.15ഒാടെ പാറോലിക്കല്‍ െറയില്‍വേ ഗേറ്റിന് തെക്കുവശത്തായിരുന്നു അപകടം. കടലുണ്ടിയിൽ റെയിൽപാളത്തിൽ മരം വീണ് അഞ്ച് ട്രെയിനുകൾ മണിക്കൂറുകൾ വൈകി. താനൂർ കടപ്പുറത്ത് തെങ്ങ് വീണ് ഫൈബർ വള്ളം തകർന്നു. തൃശൂർ ചാലക്കുടിയിൽ മരം വീണ് ആറ് സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ഏറിയാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായി. കാറ്റില്‍ മരങ്ങള്‍ വീണ് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വയനാട് ജില്ലയിൽ വൈത്തിരി ആശുപത്രി ജങ്ഷനിൽ മരംവീണ് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
രണ്ടുദിവസം മഴ തുടരും
സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ശക്തമായ മഴക്കും ജൂൺ 13ന് ചില സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരത്ത് മണിക്കൂറിൽ 40 മുതൽ 60 കീലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.