എസ്. സാംബശിവ റാവു

എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സ്ഥാനമൊഴിഞ്ഞ കമീഷണർ: കോഴയും ബെനാമി ഇടപാടും വിജിലൻസ് അന്വേഷിക്കണം

തിരുവനന്തപുരം: എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സ്ഥാനമൊഴിഞ്ഞ എക്സൈസ് കമീഷണർ എസ്. സാംബശിവ റാവു. എക്സൈസ് മന്ത്രിയുടെ ജില്ലയിലെ ഡെപ്യുട്ടി എക്സൈസ് കമീഷണര്‍ക്കെതിരെയും സെന്‍ട്രല്‍ സോണ്‍ ജോയിന്‍റ് എക്സൈസ് കമീഷണര്‍ക്കെതിരെയും കോഴയും ക്രമക്കേടും ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയാണ് റിപ്പോർട്ട് നൽകിയത്. ഇരുവരും ബാറുകളില്‍നിന്നും മാസപ്പടി വാങ്ങുന്നതും ലൈസന്‍സ് പുതുക്കാന്‍ സഹായിച്ച് കൈക്കൂലി ഈടാക്കുന്നതും ബെനാമി ഇടപാടിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

വിജിലന്‍സ് അന്വേഷണത്തിനുള്ള ശിപാര്‍ശ നല്‍കിയതിനൊപ്പം അനധികൃത പണപ്പിരിവിന് സാധ്യതയുള്ള പദവികളിലൊന്നും ഇരുവര്‍ക്കും ചുമതല നല്‍കരുതെന്നുമാണ് നിര്‍ദേശം. മന്ത്രിയുടെ മണ്ഡലം ഉള്‍പ്പെടുന്ന ആലപ്പുഴയിലെ എക്സൈസ് ഡെപ്യുട്ടി കമീഷണര്‍ അജയ് കായംകുളത്തെ ബാറുകളില്‍നിന്ന് പതിവായി പണം പിരിക്കുന്നതായി തെളിവുണ്ടെന്നും സീറാം റിപ്പോർട്ടിൽ പറയുന്നു. കായംകുളത്തുള്ള ബാറിൽ ഇൻസ്പെക്ഷന് പോകുമ്പോൾ അജയ് പണം കൈപ്പറ്റാറുണ്ടെന്നും ബാർ ഉടമ എക്സൈസ് മന്ത്രിക്ക് അടുപ്പമുള്ള ആളാണെന്നും മന്ത്രി അദ്ദേഹത്തോട് സംസാരിച്ചാൽ ഇതുവരെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള തുക സംബന്ധിച്ച് കൃത്യമായി കാര്യങ്ങൾ പറയാൻ സാധ്യതയുണ്ടെന്നും വിവരം നൽകിയ വ്യക്തി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഓണക്കാലത്ത് മാത്രം ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ഇരുപതിനായിരം രൂപ വീതം കൈക്കൂലി വാങ്ങി. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഒരു കള്ള് ഷാപ്പ് ലൈസന്‍സിന്‍റെ മറവില്‍ രണ്ട് കെട്ടിടങ്ങളില്‍ ഷാപ്പ് നടത്താന്‍ അനുമതി നല്‍കിയെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണം അട്ടിമറിച്ചതിന്‍റെ രേഖയും ഫയലിലുണ്ട്. ഈ ഉദ്യോഗസ്ഥന് കോട്ടയത്ത് മൂന്ന് ബാറുകളില്‍ ബെനാമി ഇടപാടും കള്ള് ഷാപ്പുകളില്‍ പണം മുടക്കിയതിന്‍റെയും തെളിവുണ്ടെന്നും പറയുന്നു.

ഇരുവരും എക്സൈസ് വകുപ്പിന്‍റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നവരാണെന്നും ഇവരെ നേരിട്ട് അനധികൃത പണപ്പിരിവിന് സാധ്യതയില്ലാത്ത സ്ഥലത്ത് മാറ്റി നിയമിക്കണമെന്നും ശിപാര്‍ശയിൽ പറയുന്നു. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിജിലന്‍സ് അന്വേഷണം വേണം. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ കൂടുതലും എക്സൈസ് കമീഷണര്‍ അറിയാതെ മന്ത്രിയുടെ ഓഫിസ് നേരിട്ട് നടപ്പാക്കി. അഴിമതിരഹിതരായ ഉദ്യോഗസ്ഥരെ ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ പ്രധാന ഇടങ്ങളില്‍ നിയമിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഓണ്‍ലൈന്‍ വഴി മാത്രം സ്ഥലംമാറ്റം നടത്തണമെന്നും സ്ഥാനമൊഴിയും മുമ്പ് സാംബശിവ റാവു നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

Tags:    
News Summary - Retired Excise Commissioner Calls for Vigilance Probe into Bribery Allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.