തിരുവനന്തപുരം: നോട്ട് പ്രതിസന്ധി സംസ്ഥാനത്തിന്‍െറ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ വരും മാസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും. ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും ഈ മാസം പ്രയാസമൊന്നുമില്ല. കടമെടുത്ത 1500 കോടിയടക്കം ഖജനാവില്‍ കാശുണ്ട്. പിന്‍വലിക്കല്‍ നിയന്ത്രണമുണ്ടെങ്കിലും അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ അതു കൃത്യമായി എത്തും. സര്‍ക്കാറിന്‍െറ വരുമാനം കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതും കേന്ദ്രവിഹിതത്തില്‍ കുറവു വരുന്നതും ഇനി കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല.

 ക്രിസ്മസിന് ശമ്പളം നേരത്തേ നല്‍കല്‍, ക്ഷേമ പെന്‍ഷന്‍  എന്നിവയൊക്കെ ഡിസംബറില്‍ ലക്ഷ്യമിട്ടിരുന്നു. സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന നാലുമാസങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ പണം കൂടുതല്‍ വേണ്ട ഘട്ടം. വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ ഏറെയൊന്നും മുന്നോട്ടു പോകാനായിട്ടില്ല. കിഫ്ബി വഴിയും സാമ്പത്തിക സമാഹരണം നടത്തി  പദ്ധതികള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നു. വലിയ കുതിപ്പിന് തയാറെടുത്തിരിക്കെയാണ് നോട്ട് പ്രതിസന്ധി സര്‍ക്കാറിനും സംസ്ഥാനത്തിനും വന്‍ തിരിച്ചടി വരുത്തിയത്. ധനവകുപ്പിന്‍െറ കണക്കനുസരിച്ച് സംസ്ഥാനത്തിന്‍െറ പൊതുധനസ്ഥിതിയില്‍ 25 ശതമാനം കുറവുവരും. സര്‍ക്കാറിന്‍െറ വരുമാനം പകുതിയാകും. മാസം 4000 കോടി കിട്ടേണ്ടിടത്ത് 2000 ആകും. രജിസ്ട്രേഷന്‍ കാര്യമായി കുറഞ്ഞു. സര്‍ക്കാര്‍ ഫീസുകള്‍, കെ.എസ്.എഫ്.ഇ ചിട്ടി അടവ്, ലോട്ടറി എന്നിവയിലൊക്കെ കുറവു വരും. വില്‍പന കുറഞ്ഞതുകൊണ്ട് നികുതിയില്‍ വന്ന കുറവ് ഡിസംബര്‍ ആദ്യമേ വ്യക്തമാകൂ.

പെട്രോളിയം, മദ്യം എന്നിവയുടെ നികുതിയില്‍ കുറവ് പ്രതീക്ഷിക്കുന്നില്ല. ആറു മാസം കൂടി നോട്ട് നിയന്ത്രണം തുടരുമെന്ന് സൂചന ശക്തമായിരിക്കെ വരുമാനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാനുമാകില്ളെന്നും ധനവകുപ്പ് പറയുന്നു. കൈയില്‍ വിലയുള്ള പണമില്ലാതെ ബാങ്കുകള്‍ക്ക് മുന്നിലും എ.ടി.എമ്മുകള്‍ക്കു മുന്നിലും ജനം ക്യൂ നിന്നതോടൊപ്പം സംസ്ഥാനത്തിന്‍െറ ചില്ലറ വ്യാപാര രംഗം, ഉല്‍പാദന രംഗം അടക്കം സര്‍വതിനെയും ഇതു ബാധിച്ചു. കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. ജനത്തിന്‍െറ ദൈനംദിന കാര്യങ്ങള്‍ മുടങ്ങി.

സംസ്ഥാനത്തിന്‍െറ മൊത്തം ഉല്‍പാദനത്തിന്‍െറ 35 ശതമാനമാണ് ഗള്‍ഫ് മലയാളികള്‍ അയക്കുന്ന പണം. അനിശ്ചിതത്വം മൂലം പണം പലരും വിദേശത്തു സൂക്ഷിച്ചു. ഈ നില തുടരുന്നത് വ്യാപാരം, നിര്‍മാണം തുടങ്ങി സര്‍വമേഖലയിലും വിപരീതഫലം ഉണ്ടാകും. ഇതിനകംതന്നെ ഈ രംഗം വല്ലാത്ത തളര്‍ച്ചയിലായി കഴിഞ്ഞു. മത്സ്യവില്‍പനയെ പോലും ഇതു ബാധിച്ചു. തോട്ടം മേഖല പട്ടിണിയിലേക്ക് നീങ്ങവെ തൊഴിലാളികള്‍ക്ക് കൂലി മാറി നല്‍കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്നന്നത്തെ ആഹാരത്തിനു ജോലി ചെയ്യുന്നവരൊക്കെ തൊഴിലില്ലാത്ത പ്രതിസന്ധിയില്‍ തുടരുന്നു. ഇവ സംസ്ഥാനത്തെ അതത് മേഖലകളില്‍ പിറകോട്ടടിക്കും.

സഹകരണ മേഖലയെ തളച്ചില്ലായിരുന്നെങ്കില്‍ നോട്ട് പ്രതിസന്ധി മറികടക്കല്‍ കുറേക്കൂടി എളുപ്പമാകുമായിരുന്നു. കേന്ദ്ര നിലപാട് മൂലം ട്രഷറിയും സഹകരണ സ്ഥാപനങ്ങളും നോക്കുകുത്തിയായി. ഇടപാടുകാര്‍ക്ക് അതു നല്‍കാന്‍ പല സഹകരണ സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ല. 80,000 കോടിയോളം സഹകരണ മേഖലയില്‍ നിക്ഷേപമുണ്ടെങ്കിലും 2400 കോടി മാത്രമാണ് അവര്‍ സൂക്ഷിക്കുന്നത്. വായ്പ നല്‍കിയ ശേഷം ബാക്കി തുക ജില്ല ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലും നിക്ഷേപിക്കും. ഇതു പിന്‍വലിക്കാന്‍ കഴിഞ്ഞാലേ ഇടപാടുകാര്‍ക്ക് യഥാവിധി പണം നല്‍കാനാകൂ.

 

Tags:    
News Summary - demonetisation kerala government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.