ഡോ.ഒാമന ബൈജു നായരെ കൊല്ലാൻ വന്നതെന്തിന്​....​?

കാമുകൻ മുരളീധരനെ ഉൗട്ടിയിലെ ലോഡ്​ജ്​ മുറിയിൽ വെട്ടിനുറുക്കി നൂറുകണക്കിന്​ കഷ്​ണങ്ങളാക്കിയ പെരുംപുള്ളിയാണ്​ ഡോ.ഒാമന. ജാമ്യത്തിലിറങ്ങി മുങ്ങിയ അവരെ കുറിച്ച്​ ഒരു വിവരവും ഇല്ലായിരുന്നു. കഴിഞ്ഞ ദിവസം മലേഷ്യയിലെ കെട്ടിടത്തിൻ മുകളിൽ നിന്ന്​ വീണ്​  മരിച്ച സ്​ത്രീ ഡോ.ഒാമനയാണെന്ന്​ സംശയിക്കുന്നു. മു​െമ്പാരിക്കൽ ഒാമന കോഴിക്കോട്ട്​ പത്രപ്രവർത്തകനായിരുന്ന ബൈജു എൻ. നായരെ തേടി വന്നു. കഴുത്തിന്​ കുത്തിപ്പിടിച്ച്​ കൊല്ലുമെന്ന്​ അവർ ഭീഷണിപ്പെടുത്തിയത്​ എന്തിനായിരുന്നു. ആ കഥ ബൈജു എൻ നായർ പറയുന്നു.

മലേഷ്യയിൽ കെട്ടിടത്തിന് മേലെ നിന്ന് വീണു മരിച്ച സ്ത്രീ പണ്ട് കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കേസിനുള്ളിലാക്കി കൊടൈക്കനാലിലെ കൊക്കയിൽ എറിഞ്ഞ ഡോ.ഓമനയാണോ എന്ന് സംശയിക്കുന്നതായുള്ള പത്ര വാർത്ത കണ്ടപ്പോൾ എ​​​​​​െൻറ ഓർമ്മകൾ കുറെ പിന്നിലേക്ക് പോയി. 1996 ജൂലായിലാണ് ഓമന കാമുകനായ മുരളീധരനെ കൊന്നു നൂറു കണക്കിന് പീസുകളാക്കിയതിന്റെ പേരിൽ പോലീസിന്റെ പിടിയിലായത്.ഏതാനും മാസങ്ങൾ ഓമന റിമാൻഡിൽ കഴിഞ്ഞു.ആരും ജാമ്യത്തിലെടുക്കാൻ വന്നില്ല.ഒടുവിൽ കോഴിക്കോട്ടെ പൗര പ്രമുഖനും രസികനുമായ ഡോ .മുണ്ടോൾ അബ്ദുല്ലയാണ് ഓമനയെ,ഒരു പരിചയവുമില്ലെങ്കിലും,ജാമ്യത്തിലിറക്കിയത്.

ഞാൻ അന്ന് മാതൃഭൂമിയുടെ 'ഗൃഹലക്ഷ്മി'യിൽ സബ് എഡിറ്ററാണ്. ഒരു ദിവസം അന്നത്തെ എക്സിക്യൂട്ടീവ് എഡിറ്റർ വി .രാജഗോപാൽ വിളിച്ചു.'കാമുകനെ കൊന്ന ഓമന ഇപ്പോൾ കോഴിക്കോട്ടുണ്ട്. നിനക്കൊരു എക്സ്ക്‌ളൂസീവ് ഇൻറർവ്യൂ വേണോ?' അതെന്തൊരു ചോദ്യമെന്നു ഞാൻ. എന്നാൽ പാളയത്തെ ഡോ.മുണ്ടോൾ അബ്ദുല്ലയുടെ ക്ലിനിക്കിലേക്ക് ഓടിക്കോളാൻ രാജഗോപാൽ പറഞ്ഞു.ഓമന അവിടെ ഉണ്ട്.

നേരം സന്ധ്യയായി.ഞാൻ ബൈക്ക് എടുത്ത് പാഞ്ഞു. കാലിക്കറ്റ് മെർക്കന്റൈൽ ബാങ്കിന്റെ ബിൽഡിങ്ങിൽ ഞാൻ കയറിച്ചെല്ലുമ്പോൾ ആകെ ഡോക്ടറുടെ ക്ലിനിക്കിൽ മാത്രമേ വെളിച്ചമുള്ളൂ. ഞാൻ വാതിലിൽ മുട്ടി.ഡോ .മുണ്ടോൾ അബ്ദുല്ല വാതിൽ തുറന്നു. ആദ്യ കാഴ്ചയിൽ തന്നെ ആളൊരു രസികനാണെന്നു തോന്നി. ലിബിയയിൽ കേണൽ ഗദ്ദാഫിയുടെ ഫിസിഷ്യൻ ആയിരുന്നത്രേ മുണ്ടോൾ.

അൽപ്പനേരം മുണ്ടോളിനോട് സംസാരിച്ചിരുന്നു.'ഇനി അകത്തേക്ക് ചെല്ല് ..ഓമന നിന്നെ കാത്തിരിക്കുകയാണ് ഡോ.മുണ്ടോൾ .കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.എ​​​​​​െൻറ ഉള്ളൊന്നു കാളി.പിന്നെ ധൈര്യം സംഭരിച്ച് അകത്തേക്ക് നടന്നു. അവിടെ ഡോ.ഓമന ഇരിപ്പുണ്ടായിരുന്നു.അവർ എന്നെക്കണ്ട് വിശാലമായി ചിരിച്ചു.'വാ മോനെ..' അവർക്ക് ഷേക്ക് ഹാൻഡ് കൊടുക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.ഒരു മനുഷ്യനെ കൊന്ന് നൂറു കഷണങ്ങളാക്കിയ കൈയാണത്.ആ കൈ പിടിക്കാൻ എനിക്ക് ധൈര്യം പോരാ.'നിനക്ക് എന്താ അറിയേണ്ടത്?എന്തും ചോദിച്ചോ.പക്ഷെ ഒരു സത്യം ഞാൻ പറയാം..ഞാൻ ആരെയും കൊന്നിട്ടില്ല.'
ഇൻറർവ്യൂ തീരും വരെ 'ഞാൻ ആരെയും കൊന്നിട്ടില്ല' എന്ന് അവർ ആവർത്തിച്ചു കൊണ്ടിരുന്നു.

അതിനിടയ്ക്ക് മറ്റൊരു സംഭവമുണ്ടായി.താൻ നിരപരാധിയാണെന്ന് തെളിയിക്കാനായി ഓമന ഇങ്ങനെ പറഞ്ഞു:'ഒരാളെ ഒരു കേസിൽ പ്രതിയാക്കാൻ വളരെ എളുപ്പമാണ്.ഉദാഹരണമായി നീ എന്നെ കയറിപിടിച്ചെന്നു പറഞ്ഞു ഞാൻ ഇപ്പോൾ നിലവിളിച്ചാൽ നീ പ്രതിയാകും ..കാണണോ?'കാണണ്ട എന്ന് ഞാൻ പറയും മുൻപേ ഓമന ഉറക്കെ നിലവിളി തൂടങ്ങി ..'അയ്യോ..എന്നെ രക്ഷിക്കണേ...എന്നെ ഇയാൾ കയറി പിടിക്കുന്നേ ..'

നിലവിളി കേട്ട് ആദ്യം വന്നത് മുണ്ടോൾ അബ്ദുല്ലയാണ്..പിന്നാലെ അഞ്ചാറു പേരു കൂടി എത്തി.
ഞാൻ ആകെ വിയർത്ത് വിളർത്ത് നിൽപ്പാണ്.എല്ലാവരും വന്നു എന്ന് ബോധ്യപ്പെട്ടപ്പോൾ ഓമന പ്രഖ്യാപിച്ചു:'ചുമ്മാ അലറിയതാണ്..ആരൊക്കെ വരുമെന്ന് നോക്കാൻ..;എന്നിട്ട്,ജനക്കൂട്ടം പിരിഞ്ഞു പോയപ്പോൾ എന്നോട്:'ഇപ്പൊ മനസിലായില്ലേ,ഒരാളെ എത്ര വേഗം പ്രതിയാക്കാമെന്ന് !

അടുത്ത ലക്കം ഗൃഹലക്ഷ്മിയിൽ ഓമനയുമായുള്ള അഭിമുഖം അച്ചടിച്ചു വന്നു. കൊലപാതകം നടത്തിയത് ഓമനയാണെന്നു പോലീസ് പറഞ്ഞതും അതിന് അവർ നിരത്തുന്ന തെളിവുകളുമെല്ലാം അതിൽ ചേർത്തിരുന്നു.ഏറ്റവും ഒടുവിൽ ഒരു മനഃശാസ്ത്രജ്ഞനുമായുള്ള അഭിമുഖവും കൊടുത്തു. ഓമനയ്ക്ക് മാനസികരോഗം ആണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു..ചുവപ്പു നിറമായിരുന്നു അഭിമുഖത്തിന്റെ പേജുകൾക്ക് കൊടുത്തത് .
ആ ഫീച്ചർ ഏറെ വായിക്കപ്പെട്ടു.കാരണം,ഓമന അത്രയധികം ചർച്ച ചെയ്യപ്പെട്ട കാലമായിരുന്നു അത്.ക്രൂരതയുടെ പര്യായമായി ജനം ഓമനയെ കണ്ടിരുന്നു.

മാസിക പുറത്തിറങ്ങി ഏതാനും ദിവസം കഴിഞ്ഞപ്പോൾ മാതൃഭൂമിയുടെ റിസെപ്‌ഷനിൽ നിന്നു സരസ്വതിയുടെ വിറയാർന്ന ഫോൺ.'ബൈജുവിനെ കാണാൻ ഒരു സ്ത്രീ വന്നു നിൽക്കുന്നു..ഡോ .ഓമനയാണോ എന്ന് എനിക്കൊരു സംശയം.എനിക്ക് പേടിയായിട്ടു വയ്യ..ബൈജു താഴേക്കു വേഗം വാ..'സരസ്വതിയുടെ പേടിച്ചരണ്ട ശബ്ദം കേട്ടപ്പോൾ സ്വതവേ പേടിതതൊണ്ടനായ എ​​​​​​െൻറ കാലും വിറച്ചു.അവിടേയ്ക്ക് ചെല്ലാൻ പേടി തോന്നി.
പക്ഷെ പോകാതിരിക്കാനാവില്ലല്ലോ.

അപ്പോഴേക്കും മാതൃഭൂമി മുഴുവൻ വാർത്ത പരന്നിരുന്നു:'ബൈജുവിനെ ഇപ്പോ കൊല്ലും..കാണണേൽ വേഗം വാ'എന്ന മീശ മാധവനിലെ ഡയലോഗ് ആയിരിക്കും പലരും പരസ്പരം പറഞ്ഞിട്ടുണ്ടാവുക!ഏതായാലും ഞാൻ പടിയിറങ്ങി വരുമ്പോൾ ഓഫീസിലെ ജനം മുഴുവൻ അവിടെയുമിവിടെയും പമ്മിപ്പതുങ്ങി നിൽപ്പുണ്ട്,എന്നെ കൊല്ലുന്നത് കാണാൻ.വന്നത്ഓമന തന്നെ.അവർ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി നിൽക്കുകയാണ്.
എന്നെ കണ്ടതും അവർ ചീറിയടുത്തു.
ആദ്യം രണ്ടു തെറി .

'നീ പോലീസി​​​​​​െൻറ ആളാണല്ലേ.നീ എന്നെ കൊലപാതകി എന്ന് വിളിച്ച് ഫീച്ചർ എഴുതിയല്ലേ..എന്നിട്ട് പേജിന്റെ ചുറ്റും രക്തം ഒഴുകുന്നത് പോലെ ചുവപ്പു നിറം കൊടുത്തല്ലേ..ഏതായാലും നിന്നെക്കൂടി കൊന്നാലും എനിക്ക് ശിക്ഷയൊന്നും കൂടാൻ പോകുന്നില്ല..'ഇതും പറഞ്ഞു അവർ ബാഗ് തുറന്നു. കാമുകനെ കൊന്ന കത്തി ഇപ്പോഴും അവരുടെ കൈയിൽ കാണുമെന്നും അത് ഇപ്പോൾ എ​​​​​​െൻറ നേരെയും പ്രയോഗിക്കപ്പെടുമെന്നും ഞാൻ ഒരു ആന്തലോടെ ഓർത്തു .

എന്നിട്ട് പുറത്തേക്ക് ഓടാനുള്ള വഴി നോക്കി.അവർ കത്തി എടുത്താൽ ഓടി വന്നു കീഴ്‌പ്പെടുത്താനുള്ള തക്കം നോക്കി സെക്യൂരിറ്റി ഓഫീസർമാർ നിൽപ്പുണ്ടായിരുന്നു എന്നതായിരുന്നു ഏക ആശ്വാസം. സ്റ്റെയർകേസിന്റെ പലയിടത്തും മിഴിഞ്ഞു നിന്ന നൂറു കണക്കിന് കണ്ണുകളിൽ ചിലത് കൊലപാതകം കാണാൻ മനക്കട്ടിയില്ലാതെ പിന്തിരിഞ്ഞു പോകുന്നത് കണ്ടു. ഓമന ആ സാധനം ബാഗിൽ നിന്ന് വലിച്ചെടുത്തു.അതൊരു എ 4 പേപ്പറായിരുന്നു!
ഞാനൊന്ന് ദീർഘശ്വാസം വിട്ടു.

'എഴുത് ,ഇതിലെഴുത്..ഈ ഫീച്ചറിൽ പറഞ്ഞതൊന്നും ഓമന പറഞ്ഞതല്ലെന്നും നി​​​​​​െൻറ ഇഷ്ടപ്രകാരം എഴുതിയതാണെന്നും എഴുതി,ഒപ്പിട്ടു താ.,'അവർ പേപ്പർ എ​​​​​​െൻറ നേരെ നീട്ടി.അപ്പോഴേക്കും ഞാൻ സമനില വീണ്ടെടുത്തു കഴിഞ്ഞിരുന്നു.'അതെങ്ങനെ പറ്റും ഡോക്ടറേ ..ഡോക്ടർ പറഞ്ഞതെല്ലാം ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്തതല്ലേ..?'-ഞാൻ ചോദിച്ചു.

'ഓഹോ...അപ്പോൾ നീ ആ ടേപ്പ് എനിക്കെതിരെ കോടതിയിൽ ഹാജരാക്കുമല്ലേ?'-ഇതും ചോദിച്ചു കൊണ്ട് അവർ എ​​​​​​െൻറ അടുത്തേക്ക് ചീറി അടുത്തു ...എന്നിട്ട് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു.അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞാൻ പകച്ചു പോയി..'ടേപ്പ് തിരിച്ചു തരാമെന്നു പറ ബൈജു..'-സരസ്വതി, ഓമന കേൾക്കാതെ എന്നോട് പറഞ്ഞു.'ടേപ്പ് തിരിച്ചു തരാം'-ലേലു അല്ലു ലേലു അല്ലു എന്ന ടോണിൽ ഞാൻ ആണയിട്ടു.'തരുമോ,നീ തരുമോ?'-അവർ അലറി തരും തരും..'എന്ന് ഞാൻ 'എപ്പോ തരും?''വീട്ടിലാണ് ...എടുത്തോണ്ടു വരാം ..''ഇതാണ് എന്റെ നമ്പർ..ടേപ്പ് എടുത്തോണ്ട് വന്നിട്ട് എന്നെ വിളിക്കണം.പറ്റിക്കാൻ ശ്രമിച്ചാൽ...അറിയാമല്ലോ നിനക്ക് ഓമനയെ..'

ഒരു വിസിറ്റിംഗ് കാർഡ് എ​​​​​​െൻറ നേരെ എറിഞ്ഞിട്ട് ഓമന കൊടുങ്കാറ്റു പോലെ ഇറങ്ങിപ്പോയി.ജീവൻ രക്ഷപെട്ട ആശ്വാസത്തിൽ ഞാൻ കുറച്ചു നേരം റിസെപ്‌ഷനിലെ സോഫയിൽ ഇരുന്നു.കൊലപാതകം കാണാൻ ആകാംക്ഷയോടെ നിന്നവർ നിരാശരായി മടങ്ങി.

അന്നു തന്നെ ഉച്ചയ്ക്ക് ഞാൻ പുറത്തേക്കിറങ്ങി,ഓഫീസിനു മുന്നിൽ നിൽക്കുമ്പോൾ ഒരു ഓട്ടോ പാഞ്ഞു വരുന്നതു കണ്ടു.അതിന്റെ ഉള്ളിൽ ,പുറത്തേക്ക് തലയിട്ടു കൊണ്ട് ഓമന അലറുന്നു :'എവിടെ ടേപ്പ്?എന്നെ പറ്റിച്ചിട്ട് മുങ്ങാൻ പോകുവാണോ?'മാർക്കറ്റിന്റെ അടുത്താണ് കോഴിക്കോട് മാതൃഭൂമി ഓഫീസ്.അവിടെ നിന്ന ചുമട്ടു തൊഴിലാളികളും ഓട്ടോക്കാരുമെല്ലാം എന്നെ ഒരു പീഡകനെ നോക്കുന്നത് പോലെ നോക്കി.അവർക്ക് ഓമനയാണ് കഥാപാത്രമെന്നു മനസിലായില്ലല്ലോ.
ഓട്ടോ എ​​​​​​െൻറ അടുത്ത നിർത്തി ഓമന ചാടി ഇറങ്ങി,വീണ്ടും എന്റെ ഷർട്ടിന്റെ കോളറിൽ പിടിത്തമിട്ടു,ടേപ്പ് കോട്ടയത്തു എ​​​​​​െൻറ വീട്ടിലാണ്...ഇനി പോകുമ്പോൾ സത്യമായിട്ടും ഞാൻ എടുത്തോണ്ടു വരാം...പിടി വിട് പ്ലീസ്...'
'നീ പറ്റിക്കുമോ?'
'ഇല്ല...സത്യമായിട്ടും ഇല്ല..'
എന്നാൽ ഞാൻ പോകുന്നു..ടേപ് അയച്ചില്ലെങ്കിൽ ഞാൻ വീണ്ടും വരും..'
ഇത്രയും പറഞ്ഞിട്ട് ഡോ .ഓമന ഓട്ടോയിൽ കയറി പോയി.

വർഷങ്ങൾ കുറെ കഴിഞ്ഞു .ഞാൻ ടേപ്പൊന്നും ഓമനയ്ക്ക് അയച്ചു കൊടുത്തില്ല.അതിനിടയ്ക്ക് അവർ ജാമ്യമെടുത്ത് മുങ്ങിയെന്നു കേട്ടു..ഇപ്പോൾ അവരുടെ മരണ വാർത്തയും കേൾക്കുന്നു.കുറച്ചു കാലത്തെ പരിചയമേ ഉള്ളുവെങ്കിലും അവർ ഒരു മാനസിക രോഗിയാണെന്ന് എനിക്ക് തോന്നിയിരുന്നു.
അതുകൊണ്ടു തന്നെ അവർ സഹതാപം അർഹിക്കുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട്.

Tags:    
News Summary - Baiju nair share memories of Dr.Omana-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.