ക്ഷേമ പെന്‍ഷന് കാത്തിരുന്ന് മടുത്തു; കിടപ്പായ ശശിക്ക് ക്ഷാമം മാത്രം കൂട്ട്

നന്മണ്ട: ഒരു മാസം പിന്നിട്ടിട്ടും ക്ഷേമ പെന്‍ഷന്‍ കിട്ടാതെ ദുരിതക്കിടക്കയിലാണ് ചീക്കിലോട്ടെ കേളോത്ത് ശശി (46). തിരുവോണത്തിനുമുമ്പേ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയടക്കം വീട്ടിലത്തെിക്കുമെന്ന സര്‍ക്കാറിന്‍െറ പ്രഖ്യാപനത്തില്‍ സന്തോഷിച്ചിരിക്കയായിരുന്നു ഈ ആദിവാസി.
തെങ്ങുകയറ്റ തൊഴിലാളിയായ ശശി 2006ല്‍  തെങ്ങില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടക്കുകയാണ്. അരക്കുമീതെ തളര്‍ന്നുകിടക്കുന്ന ശശിക്ക് കൈകാലുകള്‍ ചലിപ്പിക്കാനാവില്ല. പ്രായമായ മാതാവ് മാണി (65) മാത്രമാണ് കൂട്ട്. ചീക്കിലോട്ടെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകരുടെ പരിചരണമാണുള്ളത്. അപകടത്തിനുശേഷം ജോലിചെയ്യാന്‍ പറ്റാതെ വന്ന ശശിക്ക് 2008 മുതലാണ് പെന്‍ഷന്‍ അനുവദിച്ചുകിട്ടിയത്.

അപരിചിതര്‍ വരുന്നത് കണ്ട് തന്‍െറ പെന്‍ഷന്‍ കൊണ്ടുവരുകയായിരിക്കുമെന്ന് ശശി പറയുമ്പോള്‍ മാതാവ് മാണിക്ക് വിതുമ്പാനേ കഴിയുന്നുള്ളൂ. ശശിയും മാതാവും താമസിക്കുന്നത് 15ാം വാര്‍ഡിലാണ്. പക്ഷേ, ശശിക്ക് പെന്‍ഷന്‍ 10ാം വാര്‍ഡിലും മാതാവ് മാണിക്ക് രണ്ടാം വാര്‍ഡിലും. അധികൃതരുടെ സാങ്കേതിക പിഴവാണ് ഇതിന് കാരണം. സഹകരണ ബാങ്ക് വഴിയാണ് പെന്‍ഷന്‍ വിതരണമെങ്കിലും ബാങ്കുകാര്‍ ശശിയുടെ കൊച്ചുവീട്ടില്‍ ഇനിയും എത്തിയിട്ടില്ല. മാതാവ് മാണി രണ്ടാം വാര്‍ഡില്‍നിന്നും വാങ്ങിയ ക്ഷേമ പെന്‍ഷന്‍ കൊണ്ട് ഉപജീവനം കഴിഞ്ഞുപോകുന്നു.

നന്മണ്ട സഹകരണ ബാങ്ക് മുഖേനയാണ് ശശിക്ക് ക്ഷേമ പെന്‍ഷനായ 4,400 രൂപ കിട്ടേണ്ടത്. നന്മണ്ട ഗ്രാമപഞ്ചായത്തില്‍ മൊത്തം 3860 പെന്‍ഷന്‍കാരാണുള്ളത്. കര്‍ഷകത്തൊഴിലാളികള്‍ 885, വാര്‍ധക്യകാല പെന്‍ഷന്‍കാര്‍ 1631, വികലാംഗര്‍ 267, അമ്പതുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ 126, വിധവകള്‍ 951 എന്നിങ്ങനെയാണ് കണക്ക്. ചീക്കിലോട്ട് ബാങ്കിന്‍െറ പരിധിയില്‍ 780 ഓളം പേര്‍ക്ക് പെന്‍ഷനുകള്‍ വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. പഞ്ചായത്തില്‍ ബാക്കിവരുന്ന പെന്‍ഷനുകള്‍ നന്മണ്ട ബാങ്ക് ഉടനടി വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

രോഗിയെ പരിചരിക്കുന്നതിനുള്ള ആശ്വാസ കിരണ്‍ പെന്‍ഷന്‍ അമ്മക്ക് കിട്ടിയാല്‍ നന്നായിരുന്നുവെന്നും ശശി പറയുന്നു. ക്ഷേമപെന്‍ഷന്‍ എന്ന് എത്തുമെന്ന് അറിയാതെ വ്യാകുലപ്പെടുകയാണ് നിത്യച്ചെലവുകള്‍ കഷ്ടിച്ച് നടത്തുന്ന ഈ മാതാവും മകനും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.