സാങ്കേതികസർവകലാശാല പരീക്ഷക്ക് രണ്ടാംനാൾ ഫലം

തിരുവനന്തപുരം: സ്വകാര്യപങ്കാളിത്തത്തെച്ചൊല്ലി പരീക്ഷാ നടത്തിപ്പ് അനിശ്ചിതത്വത്തിലായ എ.പി.ജെ അബ്ദുൽ കലാം ശാസ്ത്ര, സാങ്കേതിക സർവകലാശാലയിൽ സമാനരീതിയിലെ പരീക്ഷാനടത്തിപ്പിലൂടെ രണ്ടാംദിനം ഫലപ്രഖ്യാപനം. ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ ഫലമാണ് പരീക്ഷ അവസാനിച്ച് രണ്ടാംദിവസം സർവകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ സർവകലാശാലകളുടെ പരീക്ഷാചരിത്രത്തിൽ തന്നെ ഇത്ര വേഗത്തിലുള്ള ഫലപ്രഖ്യാപനം അപൂർവമാണ്. പൂർണമായും വെബ് അധിഷ്ഠിതമായി നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.ടെക്, എം.ടെക് പരീക്ഷകൾ സ്വകാര്യഏജൻസിയുടെ പങ്കാളിത്തത്തെചൊല്ലിയുള്ള വിവാദത്തിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിെൻറ സാന്നിധ്യത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ശാസ്ത്രസാങ്കേതികമ്യൂസിയം ഹാളിൽ വിദ്യാർഥി, അധ്യാപക സംഘടനാപ്രതിനിധികളുമായി ചർച്ച നടക്കും.

പരീക്ഷാചോദ്യപേപ്പർ സ്വകാര്യ ഏജൻസി കൈകാര്യം ചെയ്യുന്നുവെന്നും ഇതുവഴി പരീക്ഷാനടത്തിപ്പിെൻറ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്നുവെന്നുമാണ് വെബ് അധിഷ്ഠിത പരീക്ഷാരീതിക്കെതിരായ പ്രധാനആരോപണം. എൻജിനീയറിങ് കോളജുകളിലെ അധ്യാപകസംഘടനകൾ ഉയർത്തിക്കൊണ്ടുവന്ന ആരോപണം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും എസ്.എഫ്.ഐയും കെ.എസ്.യുവും ഏറ്റുപിടിച്ചതോടെയാണ് വിവാദമായത്. ഇതേതുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് പരീക്ഷ നിർത്തിവെക്കാനും വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചനടത്താനും നിർദേശിക്കുകയായിരുന്നു.

കർണാടകയിൽ വിശ്വേശ്വരയ്യ ടെക്നിക്കൽ യൂനിവേഴ്സിറ്റി, മുംബൈ സർവകലാശാല, ഗുജറാത്ത് ടെക്നിക്കൽ യൂനിവേഴ്സിറ്റി എന്നിവയിൽ നടപ്പിലാക്കി വിജയംകണ്ട പരീക്ഷാരീതിയാണ് കേരളത്തിൽ സാങ്കേതികസർവകലാശാല നടപ്പാക്കാൻ തീരുമാനിച്ചത്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്കും വെബ്അധിഷ്ഠിത രീതിയാണ് ഉപയോഗിക്കുന്നത്. സാങ്കേതിക സർവകലാശാല 11 അംഗ വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ ഇ–ടെൻഡർ നടപടികളിലൂടെയാണ് മെറിറ്റ് ട്രാക് എന്ന ഏജൻസിയെ നിശ്ചയിച്ചത്. ചോദ്യപേപ്പറിെൻറ സ്വകാര്യത നഷ്ടപ്പെടുന്നെന്ന വാദം സാങ്കേതികസർവകലാശാല അധികൃതർ തള്ളിക്കളഞ്ഞു. ദിവസവും രാവിലെ 9.30ന് തുടങ്ങുന്ന പരീക്ഷയുടെ ചോദ്യപേപ്പർ 8.30ന് പരീക്ഷാകൺട്രോളർ സെക്യൂരിറ്റി പാസ്വേഡ് ഉപയോഗിച്ച് ഓൺലൈനായി പരീക്ഷാകേന്ദ്രങ്ങളിലേക്കയക്കും.

മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും സർവകലാശാല ഒരുക്കുന്ന കൺട്രോൾ റൂമിലെ നിശ്ചിത കമ്പ്യൂട്ടറിലൂടെ മാത്രമേ ചോദ്യപേപ്പർ പ്രിെൻറടുക്കാൻ കഴിയൂ. സർവകലാശാല ബാഹ്യ നിരീക്ഷകനായി നിശ്ചയിക്കുന്ന മറ്റൊരു കോളജിലെ സീനിയർ അധ്യാപകനും പ്രിൻസിപ്പലിനും മൊബൈലിൽ ലഭിക്കുന്ന പാസ്വേഡ് ഉപയോഗിച്ചാൽ മാത്രമേ ചോദ്യപേപ്പർ പ്രിെൻറടുക്കാൻ കഴിയൂ. പരീക്ഷാകേന്ദ്രത്തിൽ ചോദ്യപേപ്പർ പ്രിെൻറടുക്കൽ, ഉത്തരപേപ്പറുകൾ സ്കാൻ ചെയ്ത് സർവകലാശാലയുടെ സെർവറിലേക്ക് അപ്ലോഡ് ചെയ്യൽ എന്നിവയിൽ പ്രിൻസിപ്പലിനെയും ബാഹ്യനിരീക്ഷകനെയും സഹായിക്കുകയാണ് സ്വകാര്യഏജൻസിയുടെ ചുമതല. കൺട്രോൾ റൂം പൂർണമായും സാങ്കേതികസർവകലാശാലയിൽ തത്സമയ നിരീക്ഷണത്തിലായിരിക്കും. കമ്പ്യൂട്ടർ, സ്കാനർ, പ്രിൻറർ, വെബ്കാമറ എന്നിവ സജ്ജീകരിക്കുന്നതും ഇതിനാവശ്യമായ സോഫ്റ്റ്വെയറിനുമാണ് സ്വകാര്യഏജൻസിയുടെ സഹകരണം. കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പും ഇവിടത്തെ ചെയർമാൻ പദവിയും ചീഫ് സൂപ്രണ്ട് പദവിയും പുതിയ രീതിയോടെ ഇല്ലാതായി. ഓരോ അധ്യാപകനും മൂല്യനിർണയത്തിനുള്ള ഉത്തരപേപ്പറുകൾ ഓൺലൈനായാണ് ലഭിക്കുന്നത്. നിശ്ചിത സമയത്തിനകം മൂല്യനിർണയം നടത്തിയില്ലെങ്കിൽ അവ തിരികെയെടുത്ത് വേറെ അധ്യാപകന് നൽകുന്നതും പ്രത്യേകതയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.