തെളിഞ്ഞും കലങ്ങിയും തുർക്കി രാഷ്​ട്രീയം

സാമ്രാജ്യങ്ങളുടെ ഉത്ഥാന പതനങ്ങൾക്ക് ​സാക്ഷ്യം വഹിച്ച തുർക്കിയുടെ ചരിത്രം പട്ടാള അട്ടിമറിയുടെയും ഭരണ അസ്​ഥിരയുടെയുടേതുമാണ്​. അര നൂറ്റാണ്ടിനിടെ നാലു അട്ടിമറികളാണ്​ തുർക്കിയിൽ നടന്നത്​. തുർക്കിയുടെ രാഷ്​ട്രപിതാവായി അറിയപ്പെടുന്ന കമാൽ അതാഉത്തുർക്കാണ്​ രാജ്യത്തെ ഒ​േട്ടാമൻ ഭരണത്തിന്​ അന്ത്യം കുറിക്കുകയും രാജ്യ​ത്തി​െൻറ ആദ്യ പ്രസിഡൻറായി അധികാരമേൽക്കുകയും ​ചെയ്​തത്​.  കമാൽ അതാഉത്തുർക്കിന്​ ശേഷം രാജ്യ​ത്ത്​ ബഹുകക്ഷി സ​മ്പ്രദായം നിലവിൽ വരുകയും 1950ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി വൻഭൂരിപക്ഷം നേടുകയും ചെയ്​തു.  1960 മേയ് 27ന് ജനറൽ ജമാൽ ഗുർസലിന്റെ നേതൃത്വത്തിൽ തുർക്കിയിൽ ആദ്യമായി സൈന്യം അധികാരം പിടിച്ചെടുക്കുകയും  ഭരണഘടന ലംഘിച്ചെന്ന കാരണം ചുമത്തി 1961 സെപ്റ്റംബർ 17ന് സൈനിക ഭരണകൂടം ഡെമോക്രാറ്റ് പാർട്ടി നേതാവായ മെൻഡരസിനെ തൂക്കിലേറ്റുകയും ചെയ്​തു.

1965 ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ 43 ശതമാനം വോട്ട്​ നേടിയ ജസ്റ്റിസ് പാർട്ടി വ്യക്തമായ മുന്നേറ്റം നേടുകയും സുലെയ്മാൻ ദെമിറേലിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തുകയും ചെയ്​തു. ഇക്കാലത്താണ്​ രാജ്യത്തെ​ ഇസ്​ലാമിക നേതാവായ  നജ്​മുദ്ദീൻ അർബകാ​െൻറ നേതൃത്വത്തിൽ  നാഷണൽ ഓർഡർ പാർട്ടി രൂപീകരിച്ചത്​.  1972ൽ ഇത് നാഷണൽ സാൽവേഷൻ പാർട്ടി എന്ന് പേരുമാറ്റി. 1971 മാർച്ചിൽ പട്ടാളം ഇടപെട്ട് ഇദ്ദേഹത്തെ രാജിവെപ്പിച്ചു. പട്ടണപ്രദേശങ്ങളിൽ ഇടതുപക്ഷത്തി​െൻറ ഉയർച്ചയെ തടയാനായില്ലെന്നതാണ് ഈ അട്ടിമറിക്ക് കാരണമായി സൈന്യം ഉയർത്തിക്കാണിച്ചത്.

നജ്​മുദ്ദീൻ അർബകാനും റജബ്​ ത്വയ്യിബ്​ ഉർദുഗാനും
 

1973 ഒക്ടോബറിലെ പൊതുതിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. 12 ശതമാനം ജനപിന്തുണയാർജ്ജിക്കുകയും 49 മണ്ഡലങ്ങളിൽ വിജയം നേടുകയും ചെയ്ത നെജ്മുദ്ദീൻ അർബകാ​െൻറ നാഷനൽ സാൽവേഷൻ പാർട്ടി (എൻ.എസ്.പി.), മധ്യവലതുപക്ഷത്തെ ജസ്റ്റിസ് പാർട്ടിക്കും മധ്യഇടതുപക്ഷത്തെ ആർ.പി.പിക്കുമൊപ്പം നിർണായകശക്തിയായി. ഏറ്റവും വലിയ ഒറ്റ കക്ഷിയായ റിപ്പബ്ളിക്കൻ പീപ്പിൾസ് പാർട്ടി നേതാവായ എജ്​വിത് എൻ.എസ്.പിയുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കിയെങ്കിലും 1974 അവസാനത്തോടെ ഈ മന്ത്രിസഭ നിലംപതിച്ചു. ​തുടർന്ന്​​ 1975നും 1980നുമിടക്ക്​ ദെമിറേൽ, എജ്​വിത് എന്നിവരുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി മന്ത്രിസഭകൾ മാറിമാറി തുർക്കിയിൽ അധികാരത്തിലിരുന്നു.  1980 സെപ്റ്റംബർ 12ന് ദെമിറേൽ സർക്കാരിനെ അട്ടമറിച്ച്​ സൈന്യം അധികാരം പിടിച്ചെടുത്തു. തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സൈനിക ഇടപെടലായാണ്​ ഇത്​ വിലയിരുത്തപ്പെടുന്നത്​. ഇക്കാലയളവിൽ നാൽപതിലധികം പേരെ പട്ടാളം വധശിക്ഷക്ക്​ വിധേയരാക്കുകയും ആയിരങ്ങൾക്ക് പീഡനങ്ങൾ അനുഭവിക്കേണ്ടി വരുകയും നിരവധി പേർ തടവറയിൽ മരണമടയുകയും ചെയ്തു.

1983 നവംബറിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ 7 ശതമാനം കുറഞ്ഞ ജനസമ്മതി എന്ന നിയമം, ചെറിയ കക്ഷികൾക്ക് തിരിച്ചടിയായി. മദർലാൻഡ് കക്ഷി, ഈ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷം നേടുകയും ഓസൽ പ്രധാനമന്ത്രിയാകുകയും ചെയ്തു. തുടർന്നു മാർച്ചിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 40 ശതമാനം ജനപിന്തുണനേടി മദർലാൻഡ് പ്രകടനം മെച്ചപ്പെടുത്തി. പട്ടാളഭരണകാലത്ത് നിരോധിക്കപ്പെട്ട കക്ഷികളെല്ലാം പുതിയ പേരുകളിൽ പുനർരൂപീകരിക്കപ്പെട്ടു. ദെമിറേലിന്റെ ജസ്റ്റിസ് പാർട്ടി, ട്രൂ പാത്​ പാർട്ടി എന്ന പേരിൽ പുനർ നാമകാരണം ​ചെയ്​തു. ഉർദുഗാ​െൻറ എൻ.എസ്.പി., വെൽഫെയർ പാർട്ടി എന്ന പേരിലും എൻ.എ.പി., നാഷണലിസ്റ്റ് ലേബർ പാർട്ടി എന്ന പേരിലും പുനർജനിച്ചു. തുർക്കിയിലെ ആദ്യത്തെ കക്ഷിയായിരുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പോപ്പുലർ പാർട്ടി എന്ന പേരിലായിരുന്നു പുനഃസ്ഥാപിക്കപ്പെട്ടത്. എർദാൽ ഇനോനു ആയിരുന്നു ഇതിന്റെ നേതാവ്.

കമാൽ അതാഉത്തുർക്ക്​
 


1991 ഒക്ടോബറീൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഓസലിന്റെ മദർലാൻഡ് കക്ഷി 115 സീറ്റിലേക്കൊതുങ്ങി. ദെമിറേലിന്റെ ട്രൂ പാത്​ പാർട്ടിയും എർദാൽ ഇനോനുവിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പോപ്പുലിസ്റ്റ് പാർട്ടിയും ചേർന്ന സഖ്യം 1991 നവംബറിൽ അധികാരത്തിലേറി. ദെമിറേലായിരുന്നു പ്രധാനമന്ത്രി. ഇൗ തെരഞ്ഞെടുപ്പിൽ ഇസ്​ലാമിക പാർട്ടിയായ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം, 17 ശതമാനം വോട്ടും 62 സീറ്റുകളും കരസ്ഥമാക്കി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓസലിന്റെ മരണത്തോടെ മദർലാൻഡ് പാർട്ടിയും, പുതുമുഖമായ ചില്ലറിന്റെ നേതൃത്വം മൂലം ട്രൂ പാത്ത് പാർട്ടിയും വെല്ലുവിളികൾ നേരിടുന്നതിനിടയിൽ ഉർദുഗാ​െൻറ വെൽഫെയർ പാർട്ടി കൂടുതൽ ശക്തി പ്രാപിച്ചു. 1995ലെ തെരഞ്ഞെടുപ്പിൽ 21.4 ശതമാനം വോട്ടും, 158 സീറ്റുകളും നേടി വെൽഫെയർ പാർട്ടി പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായി.

1996 ജൂൺ 28ന് പൊതുമിനിമം പരിപാടി അനുസരിച്ച്​ മതേതരഭരണഘടനയുള്ള തുർക്കി റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇസ്ലാമികധാര പിന്തുടരുന്ന പ്രധാനമന്ത്രിയായി നെജ്മുദ്ദീൻ അർബകാൻ സ്ഥാനമേറ്റു. എന്നാൽ അർബകാന്റെ നയപരിപാടികളെ, മതേതരവാദികളായ തുർക്കിഷ് മാധ്യമങ്ങളും അഞ്ചു ജനറൽമാരടങ്ങിയ സൈനികനേതൃത്വവും നിരന്തരം എതിർത്തുപോന്നു.  ഉർദുഗാനും സൈന്യവും തമ്മിലുള്ള ഭിന്നത ട്രൂ പാത്ത് പാർട്ടിയിൽ വിമതനീക്കത്തിന് വഴിയൊരുക്കുകയും പാർലമെന്റിൽ ട്രൂ പാത്ത് പാർട്ടിയുടെ അംഗസംഖ്യ, 102 ആയി കുറയുകയും അർബകാന് ഭൂരിപക്ഷം നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്​തു.

 1997 ജൂൺ 18ന് അർബകാൻ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചു. പാർലമെന്റിലെ രണ്ടാമത്തെ വലിയ വിഭാഗത്തിന്റെ നേതാവും മദർലാൻഡ് കക്ഷിയുടെ തലവനുമായിരുന്ന മെസൂത് യിൽമാസിനെ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡണ്ട് ദെമിറേൽ ക്ഷണിക്കുകയും. എജവിത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടിയെക്കൂടി ഉൾപ്പെടുത്തി ന്യൂനപക്ഷ കൂട്ടുകക്ഷിസർക്കാർ, രൂപീകരിക്കുകയും ​ചെയ്തു.

എന്നാൽ രാജ്യത്തി​െൻറ  മതേതര മൂല്യങ്ങൾക്കെതിരെ പ്രവർത്തിച്ചെന്നാരോപിച്ച്​ 1998 ജനുവരിയിൽ ഭരണഘടനാ കോടതി, അർബകാന്റെ വെൽഫെയർ പാർട്ടിയെ നിരോധിക്കുകയും അദ്ദേഹത്തെ അഞ്ചുവർഷത്തേക്ക് രാഷ്ട്രീയപ്രവർത്തനം നടത്തുന്നതിൽ നിന്നും തടയുകയും ചെയ്​തു. എന്നാൽ മിക്ക വെൽഫെയർ പാർട്ടി അംഗങ്ങളും, പുതുതായി രൂപീകരിക്കപ്പെട്ട വെർച്യൂ പാർട്ടിയിൽ പ്രവർത്തിച്ചു. ഡിസംബറിൽ മെസൂത് യിൽമാസ് സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം വിജയിച്ചതിനെത്തുടർന്ന് 1999ൽ  പൊതുതിരഞ്ഞെടുപ്പിന് വീണ്ടും കളമൊരുങ്ങി. 22 ശതമാനം വോട്ടും 128 സീറ്റുകളുമായി എജവിത്തിന്റെ ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി മുന്നിലെത്തി. ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി പിളർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട ബുലന്ത് എജവിത് സർക്കാർ രാജിവച്ചതിനെത്തുടർന്ന് 2002 നവംബറിൽ തുർക്കിയിൽ വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടന്നു. മൊത്തം 18 പാർട്ടികൾ മൽസരിച്ച ഈ തിരഞ്ഞെടുപ്പിൽ വെറും രണ്ടു കക്ഷികൾക്കു മാത്രമേ 10 ശതമാനം എന്ന കടമ്പ കടക്കാനായുള്ളൂ. വൻ മുന്നേറ്റം നടത്തിയ എ.കെ. പാർട്ടിക്ക് 34.3 ശതമാനവും, റീപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്ക് 19.4 ശതമാനവുമായിരുന്നു ലഭിച്ചത്. മറ്റു കക്ഷികളുടെ വോട്ട് ആനുപാതികമായി ഇരുകക്ഷികൾക്കും വീതിച്ചു നൽകിയതോടെ എ.കെ.പിക്ക് 364ഉം , ആർ.പി.പി.ക്ക് 178 സീറ്റുകളും പാർലമെന്റിൽ ലഭിച്ചു. ബാക്കിയുള്ള 9 സീറ്റ് സ്വതന്ത്രർക്കായിരുന്നു.

അരനൂറ്റാണ്ടുകാലത്തെ കൂട്ടുകക്ഷിഭരണങ്ങൾക്ക് വിരാമമിട്ട് എ.കെ. പാർട്ടി അധികാരത്തിലെത്തി. എ.കെ. പാർട്ടി നേതാവായ റജബ്​ ത്വയ്യിബ്​ ഉർദുഗാന്​ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും വിലക്ക് നിലവിലുണ്ടായിരുന്നതിനാൽ, തുടക്കത്തിൽ അബ്ദുല്ല ഗുല്ലാണ് പ്രധാനമന്ത്രിയായത്. രാഷ്ട്രീയവിലക്ക് നീങ്ങിയതിനു ശേഷം 2003 മാർച്ചിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഉർദുഗാൻ ജയിക്കുകയും പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 2004 മാർച്ചിലെ തദ്ദേശതിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുകയും ചെയ്തു. എ.കെ. പാർട്ടിയുടെ ജനപിന്തുണ 34 ശതമാനത്തിൽ നിന്നും 43 ശതമാനമായി വർധിക്കുകയും ആകെയുള്ള 81 നഗരസഭകളിൽ 51ഉം പാർട്ടി കരസ്ഥമാക്കുകയും ചെയ്​തു.  2014 ലെ പ്രസിഡൻസ്​ തെര​ഞ്ഞെടുപ്പിൽ ഉൗജ്വല വിജയത്തോടെ പ്രസിഡൻറ്​ പദത്തിലെത്തിയ ഉർദുഗാൻ തുർക്കിയുടെ ചരിത്രത്തിൽ നേരിട്ട്​തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡൻറാണ്​. ​

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.