ഐ.എസിനെതിരെ സഖ്യകക്ഷി യുദ്ധം ഉടനെന്ന് തുര്‍ക്കി


ഇസ്തംബൂള്‍: തുര്‍ക്കിയിലെ സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് ഐ.എസിനെതിരായ സമ്പൂര്‍ണ ആക്രമണം ഉടനെന്ന് സൂചന. ഇറാഖിലെയും സിറിയയിലെയും ഐ.എസ് കേന്ദ്രങ്ങള്‍ തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് കനത്ത ബോംബിങ് ആരംഭിക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കി. എന്നാല്‍, സിറിയന്‍ സര്‍ക്കാറിന്‍െറ അനുമതിയില്ലാത്ത ഏത് സൈനികനീക്കവും രാജ്യത്തിന്‍െറ പരമാധികാരത്തിനു നേരെയായതിനാല്‍ തിരിച്ചടിക്കുമെന്ന് പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദും അറിയിച്ചു.
അമേരിക്കയും തുര്‍ക്കിയുമുള്‍പ്പെടെ രാജ്യങ്ങള്‍ സ്വതന്ത്രമായി ഇറാഖിലും സിറിയയിലും വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും കൂട്ടായ സൈനിക നീക്കം ഇതുവരെയുണ്ടായിട്ടില്ല. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 80 കിലോമീറ്റര്‍ അതിര്‍ത്തിയിലെ സൈനിക താവളങ്ങള്‍ അമേരിക്കക്ക് തുറന്നുകൊടുക്കാന്‍ തുര്‍ക്കി അടുത്തിടെ അനുമതി നല്‍കിയതോടെയാണ് സംയുക്ത നീക്കത്തിന് സാധ്യത തെളിഞ്ഞത്.
മുന്നൊരുക്കങ്ങള്‍ക്ക് വേഗം പകര്‍ന്ന് അതിര്‍ത്തിയിലെ സുപ്രധാന താവളമായ ഇന്‍സിര്‍ലിക് ഇതിനകം തുര്‍ക്കി സഖ്യകക്ഷിക്ക് മൈകാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങളുടെ വന്‍നിര തമ്പടിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്ലുത് സാവുസ്ഗുലു പറഞ്ഞു.
അതേസമയം, ഐ.എസിനെതിരായ നീക്കത്തിന് പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി വലീദ് അല്‍മുഅല്ലം പറഞ്ഞു. രാജ്യവുമായി ആലോചിക്കാതെ അതിര്‍ത്തി കടന്ന് ഏതു രാജ്യം ആക്രമിച്ചാലും ഐ.എസിനെതിരെ എന്ന പരിഗണന കൂടാതെ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തുര്‍ക്കി അതിര്‍ത്തിയില്‍ ഐ.എസ് സ്വാധീനം അവസാനിപ്പിക്കുകയെന്ന ദൗത്യം ഇതിനകം സഖ്യസേന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആക്രമണത്തിന് അമേരിക്കന്‍ പരിശീലനം സിദ്ധിച്ച സിറിയന്‍ വിമതരെ ഉപയോഗിക്കാനും നീക്കമുണ്ട്.
അതിനിടെ, ഐ.എസിനെതിരായ നീക്കമെന്ന പേരില്‍ രാജ്യത്തെ കുര്‍ദ് വിമതര്‍ക്കെതിരെ തുര്‍ക്കി നടപടി കര്‍ശനമാക്കുകയാണെന്ന് ആരോപണമുണ്ട്. ഐ.എസിനെതിരെ ഉണ്ടായതിനെക്കാള്‍ ഭീകരമാണ് കുര്‍ദ് വേട്ടയെന്ന ആക്ഷേപം പക്ഷേ, അധികൃതര്‍ തള്ളി.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.