ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ പാക് സുപ്രീംകോടതി വിധി

ഇസ്ലാമാബാദ്: ഖൈബര്‍ പക്തൂന്‍ഖ്വയില്‍ 1997ല്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം അടിയന്തരമായി പുനര്‍നിര്‍മിച്ചുനല്‍കണമെന്ന് പ്രാദേശിക ഭരണകൂടത്തിന് പാക് സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് ജവാദ് എസ്. ഖ്വാജയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കറക് ജില്ലയിലെ തേരിയില്‍ തകര്‍ക്കപ്പെട്ട ശ്രീപരമ ഹംസ് ജയ് മഹാരാജ് സമാധി പുനര്‍നിര്‍മാണത്തിന് ഖൈബര്‍-പക്തൂന്‍ഖ്വ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. വിധിക്കെതിരെ അപ്പീല്‍ പോകരുതെന്നും എന്തു വിലകൊടുത്തും നടപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആദ്യപടിയായി പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കണം. ഇതിന് സര്‍ക്കാര്‍ ചെലവില്‍ വാസ്തുശില്‍പ വിദഗ്ധന്‍െറ സേവനം ലഭ്യമാക്കണമെന്നും വിധിയില്‍ വ്യക്തമാക്കി. ഏപ്രില്‍ 16ന് സമാന വിധിയെ തുടര്‍ന്ന് ക്ഷേത്രം ഭാഗികമായി പുന$സ്ഥാപിച്ചിരുന്നുവെങ്കിലും പൂര്‍ണാര്‍ഥത്തിലുള്ള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മേഖലയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ന്യൂനപക്ഷവും പ്രദേശത്തെ മതനേതൃത്വവും തമ്മിലെ ഭിന്നത പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെട്ടത്.

കോടതിയുടെ നേരത്തെയുള്ള ഉത്തരവ് നടപ്പാക്കിയിട്ടുണ്ടെന്നും കെട്ടിടം ഭാഗികമായി പുനരുദ്ധരിച്ച് ചുറ്റുമതില്‍ കെട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, പൂര്‍ണാര്‍ഥത്തില്‍ പുനരുദ്ധാരണമാണ് നിര്‍ദേശിച്ചതെന്നും പുതിയ കെട്ടിടം തന്നെ നിര്‍മിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ലാഹോറില്‍ സമാന പ്രശ്നങ്ങളില്‍പെട്ട ക്ഷേത്രം കാമില്‍ ഖാന്‍ എന്ന വാസ്തുശില്‍പിയുടെ സഹായത്തോടെ പുനരുദ്ധരിച്ചത് മാതൃകയാക്കാനും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സെപ്റ്റംബര്‍ ഏഴിനകം പ്രവര്‍ത്തന പുരോഗതി കോടതിയെ അറിയിക്കണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.