ബി.ജെ.പിയിലെ തമ്മിലടി; രണ്ടാം വർഷത്തിൽ രാജിവെച്ച് യെദിയൂരപ്പ

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി രണ്ടു വർഷം തികച്ചതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ബി.എസ്​. യെദിയൂരപ്പ. ഉച്ചക്ക് ശേഷം  ഗവർണർ തവർ ചന്ദ് ഗെഹ് ലോട്ടുമായി നടത്തിന്ന കൂടിക്കാഴ്ചയിൽ യെദിയൂരപ്പ രാജിക്കത്ത് കൈമാറി. രാജി അംഗീകരിച്ച ഗവർണർ കാവൽ മുഖ്യമന്ത്രിയായി തുടരാൻ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. ബി.ജെ.പി സർക്കാറിന്‍റെ രണ്ടു വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്.

ഭരണത്തിലിരിക്കെ ബി.ജെ.പിക്കകത്തെ അധികാര വടംവലിയാണ്​ യെദിയൂരപ്പക്ക്​ ഏറെ തലവേദന സൃഷ്​ടിച്ചത്​. ബസനഗൗഡ പാട്ടീൽ യത്​നാൽ അടക്കമുള്ള നേതാക്കൾ നിരന്തരം വിമർശനമുന്നയിച്ചു. മകൻ ബി.വൈ. വിജയേന്ദ്രയുടെ ഭരണതലത്തിലെ ഇടപെടൽ ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും ചർച്ചയായി. 2019ലെ പ്രളയത്തിൽ വൻ നാശനഷ്​ടം നേരിട്ട കർണാടകക്ക്​ ആവശ്യപ്പെട്ട ഫണ്ട്​ പോലും കേന്ദ്രം അനുവദിക്കുന്നില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി പറയേണ്ട ഗതികേടും യെദിയൂരപ്പക്കുണ്ടായി.

കോവിഡ്​ വ്യാപനത്തിന്‍റെ ഒന്നാം ഘട്ടത്തിൽ സർക്കാർ നടത്തിയ കോടികളുടെ അഴിമതി വിവരം കോൺഗ്രസ്​ പുറത്തു കൊണ്ടുവന്നു. അനധികൃത ഭൂമി ഇടപാട്​ കേസിൽ മുഖ്യമന്ത്രി വിചാരണ നേരിടണമെന്ന്​ കർണാടക ഹൈക്കോടതിക്ക്​ പറയേണ്ട സാഹചര്യവുമുണ്ടായി. ഒടുവിൽ രണ്ടു വർഷം തികക്കുന്നതോടെ മുഖ്യമന്ത്രി പദത്തിൽനിന്നിറക്കാൻ പാർട്ടിയിൽ ചരടുവലി സജീവമായി. ബി.​ജെ.പി നേതാക്കളായ കെ.എസ്​. ഈശ്വരപ്പ, നളിൻകുമാർ കട്ടീൽ തുടങ്ങിയവർ ഒളിഞ്ഞും യത്​നാൽ, എ.എച്ച്​. വിശ്വനാഥ്​, അരവിന്ദ്​ ബല്ലാഡ്​, സി.പി. യോഗേശ്വർ തുടങ്ങിയവർ തെളിഞ്ഞും യെദിയൂരപ്പക്കെതിരെ പട നയിച്ചു.

2019 ജൂലൈ 26നായിരുന്നു കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റത്​. തുടക്കം മുതൽ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഭരണം. സഖ്യ സർക്കാറി​ന്‍റെ അട്ടിമറിയിൽ തുടങ്ങി വിമത നേതാക്കളെ ബി.ജെ.പിയിൽ ഉൾപ്പെടുത്തി ഉപതെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിത്വം നൽകലും മന്ത്രിസ്​ഥാനം നൽകലുമെല്ലാം പാർട്ടിയിൽ ഒറ്റക്കുനിന്നാണ്​ യെദിയൂരപ്പ നേടിയെടുത്തത്​.

ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെ.ഡി-എസും തെരഞ്ഞെടുപ്പിന്​ ശേഷം സഖ്യമുണ്ടാക്കി അധികാരത്തിലേറിയതും ഒരു വർഷം തികഞ്ഞപ്പോൾ 17 എം.എൽ.എമാ​െര ഭരണപക്ഷത്തു നിന്ന്​ വരുതിയിലാക്കി യെദിയൂരപ്പയുടെ നേതൃത്വത്തിൽ സർക്കാറിനെ അട്ടിമറിച്ചതും ചരിത്രം. കുതിരക്കച്ചവടത്തിന്‍റെയും ഒാപറേഷൻ താമരയുടെയും കരിനിഴലിൽ സത്യപ്രതിജ്​ഞ ചെയ്​ത യെദിയൂരപ്പ കർണാടക രാഷ്​ട്രീയത്തിൽ കുതന്ത്രങ്ങളുടെ ചാണക്യനാണെന്ന്​ തെളിയിച്ച നാളുകളായിരുന്നു അത്​.

കോൺഗ്രസിൽ നിന്നും ജെ.ഡി-എസിൽ നിന്നും രാജിവെച്ച എം.എൽ.എമാർ ബി.ജെ.പിയുടെ തണലിൽ സുരക്ഷിതമായി മുംബൈയിലെ ഹോട്ടലിൽ കഴിയു​മ്പോഴായിരുന്നു ബംഗളൂരുവിലെ രാജ്​ഭവനിൽ യെദിയൂരപ്പയുടെ സത്യപ്രതിജ്​ഞ​. എം.എൽ.എമാർക്കായി യെദിയൂരപ്പ വിലപേശുന്ന ശബ്​ദസന്ദേശമടക്കം പുറത്തായിട്ടും അന്വേഷണമൊന്നും എവിടെയുമെത്തിയില്ല.

75 വയസ്സ്​ കഴിഞ്ഞവരെ മുഖ്യമന്ത്രിയടക്കമുള്ള പ്രധാന ചുമതലകൾ ഏൽപിക്കേണ്ടതില്ലെന്ന​ ബി.ജെ.പി നയം മാറ്റിവെച്ചാണ് കർണാടകയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് 78കാരനായ യെദിയൂരപ്പയെ ​പാർട്ടി മുഖ്യമന്ത്രിയാക്കിയത്​. ലിംഗായത്ത്​ നേതാവായ യെദിയൂരപ്പക്ക് പിന്തുണയുമായി ലിംഗായത്ത്​ മഠാധിപതികളടക്കം പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചിട്ടുള്ളത്. 

അധികാരത്തിൽ അൽപായുസ്സ്​ മാത്രമാണ്​ യെദിയൂരപ്പക്ക്​ ഇതുവരെയുള്ള അനുഭവം. 2008ലും ഒാപറേഷൻ താമരയിലൂടെ അധികാരത്തിലെത്തിയ യെദിയൂരപ്പക്ക്​ പിന്നീട്​ ഒാർക്കാൻ അത്ര നല്ലതല്ലാത്ത അനുഭവങ്ങളാണ്​ ഭരണത്തിൽ പിന്നീടുണ്ടായത്​. അഴിമതിക്കേസിൽപെട്ട്​ ജയിലിലെത്തിയ അദ്ദേഹം 2012ൽ പാർട്ടിയോട്​ പിണങ്ങി കർണാടക ജനത പക്ഷ (കെ.ജെ.പി) എന്ന പേരിൽ പാർട്ടിയുണ്ടാക്കി. പിന്നീട്​ ബി.ജെ.പിയിൽ തിരിച്ചെത്തി ലോക്​സഭാംഗമായി. 2018 നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി മാറ്റി.

കോൺഗ്രസ്​-ജെ.ഡി-എസ്​ സഖ്യത്തെ മറികടന്ന്​ ഗവർണറുടെ പ്രത്യേക താൽപര്യത്തിൽ സർക്കാർ രൂപവത്​കരിച്ച്​ സത്യപ്രതിജ്​ഞ ചെയ്​ത യെദിയൂരപ്പ ഭൂരിപക്ഷം തെളിയിക്കാനാവാതെ മൂന്നു ദിവസത്തിനുള്ളിൽ രാജിവെച്ചു. പിന്നീട്​ സഖ്യ സർക്കാർ ഭരണത്തിലേറിയതും ഒരു വർഷത്തിനു ശേഷം സഖ്യത്തെ അട്ടിമറിച്ച്​ യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി ഭരണം പിടിച്ചതും കർണാടക രാഷ്​ട്രീയ ചരിത്രത്തിലെ കറുത്ത ഏടുകളാണ്​.

Tags:    
News Summary - yediyurappa Resign Karnataka Chief Minister Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.