പ്രതീകാത്മക ചിത്രം
ഇനി ഓംലെറ്റും സാൻഡ്വിച്ചുമില്ല; വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണ മെനു മാറി, ലഭിക്കുന്ന വിഭവങ്ങൾ അറിയാം
ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലെ ഭക്ഷണ മെനു ഇന്ത്യൻ റെയിൽവേ ചുരുക്കി. ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നുമുതലാണ് ഐആർസിടിസി പുതിയ പരിഷ്കാരം നടപ്പാക്കിയത്. മുംബൈ–ബംഗളൂരു ന്യൂഡൽഹി–വാരണാസി, ഹൗറ–കാമാഖ്യ റൂട്ടുകളിലാണ് നിലവിൽ മാറ്റം പ്രാബല്യത്തിലുള്ളത്.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, ഒരു നേരത്തെ ഭക്ഷണത്തിലെ വിഭവങ്ങളുടെ എണ്ണം എട്ട് മുതൽ പത്ത് വരെ എന്നതിൽനിന്ന് നാലായി കുറച്ചിട്ടുണ്ട്. മുംബൈ–ബംഗളൂരു സർവിസിൽ പ്രഭാതഭക്ഷണത്തിന് ഇഡലി, വട, സാമ്പാർ, ചട്ണി എന്നിവയോ പോഹയോ ഉപ്പുമാവോ ലഭിക്കും. ഉച്ചക്കും രാത്രിയിലും ചപ്പാത്തി, ചോറ്, പരിപ്പ് എന്നിവക്കൊപ്പം ചിക്കൻ അല്ലെങ്കിൽ വെജിറ്റേറിയൻ വിഭവം തെരഞ്ഞെടുക്കാം. പ്രഭാതഭക്ഷണത്തിൽനിന്ന് സൂപ്പ്, ഓംലെറ്റ്, സാൻഡ്വിച്ച്, മോര്, ചോക്ലേറ്റ് എന്നിവ ഒഴിവാക്കി. ഉച്ചഭക്ഷണത്തിന്റെയും രാത്രി ഭക്ഷണത്തിന്റെയും മെനുവിൽനിന്ന് ഉപ്പേരി, തൈര്, സാലഡ്, അച്ചാർ, മധുരപലഹാരങ്ങൾ എന്നിവയും നീക്കി.
ദീർഘദൂര യാത്രകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിക്കുന്നുവെന്ന വ്യാപക പരാതികളെ തുടർന്നാണ് ഈ നടപടി. പരിമിതമായ അടുക്കള സൗകര്യങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ നിരവധി വിഭവങ്ങൾ തയ്യാറാക്കുന്നത് ഗുണനിലവാരത്തെ ബാധിച്ചിരുന്നു. ഇതിന് പരിഹാരമായി വിമാനങ്ങൾക്കും ഹോട്ടലുകൾക്കും ഭക്ഷണം നൽകുന്ന ക്ലൗഡ് കിച്ചണുകളെയാണ് ഇപ്പോൾ ഭക്ഷണം തയ്യാറാക്കാൻ ഏൽപ്പിച്ചിരിക്കുന്നത്.
അധിക വിഭവങ്ങൾ ഒഴിവാക്കിയതോടെ ഭക്ഷണത്തിന്റെ ആകെ അളവ് 750 ഗ്രാമിൽ നിന്ന് 450–500 ഗ്രാമായി കുറഞ്ഞിട്ടുണ്ടെങ്കിലും പ്രധാന വിഭവങ്ങളുടെ അളവിൽ മാറ്റമില്ലെന്ന് ഐആർസിടിസി വ്യക്തമാക്കി. പുതിയ പരിഷ്കാരത്തിന് പിന്നാലെ വെസ്റ്റ് സോണിൽ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ 10 ശതമാനം കുറഞ്ഞതായും, യാത്രക്കാരുടെ പ്രതികരണം വിലയിരുത്തിയ ശേഷം മറ്റ് ദീർഘദൂര ട്രെയിനുകളിലേക്കും ഈ രീതി വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.