അമേരിക്ക കണ്ണുരുട്ടി; സന്നദ്ധസംഘടനയുടെ സംഭാവന വിലക്ക് മോദി സര്‍ക്കാര്‍ നീക്കി

ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകളെ കരിമ്പട്ടികയില്‍പെടുത്തി പ്രവര്‍ത്തനം തടയുന്നതിന് ബി.ജെ.പി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കുന്നു. ഫണ്ട് മുടക്കിയും അംഗീകാരം റദ്ദാക്കിയും മോദി സര്‍ക്കാര്‍ നിഷ്പ്രഭമാക്കാന്‍ ശ്രമിച്ച അമേരിക്കന്‍ സന്നദ്ധസംഘടനയുടെ വിലക്കാണ് അമേരിക്കന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് ഇല്ലാതാകുന്നത്.

അധികാരമേറ്റ് രണ്ടേകാല്‍ വര്‍ഷത്തിനിടെ പല കാരണങ്ങള്‍ പറഞ്ഞ്  പതിനായിരത്തോളം സന്നദ്ധസംഘടനകളുടെ അംഗീകാരമാണ് മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. മതപരിവര്‍ത്തനത്തിന് പണം നല്‍കുന്നുവെന്ന് സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ കമ്പാഷന്‍ ഇന്‍റര്‍നാഷനല്‍ എന്ന അമേരിക്കന്‍ സംഘടനയെ നിരീക്ഷണപ്പട്ടികയിലുമാക്കി.

എന്നാല്‍, സംഘടനക്കുവേണ്ടി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിതന്നെ നേരിട്ട് ഇടപെട്ടതോടെ നിയന്ത്രണങ്ങള്‍ ഞൊടിയിടയില്‍ ഇല്ലാതാവുകയായിരുന്നു. സംഘടനയുടെ പണം ലഭിച്ചുവന്നിരുന്ന 250 ഇന്ത്യന്‍ എന്‍.ജി.ഒകള്‍ സംഭാവന കൈപ്പറ്റാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്ന് അഭ്യന്തര മന്ത്രാലയം നിഷ്കര്‍ഷിച്ചിരുന്നു.

സംഘടനകള്‍ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടു നേരിടുന്നുവെന്നും തടസ്സങ്ങള്‍ നീക്കണമെന്നും കഴിഞ്ഞ മാസം ഡല്‍ഹിയിലത്തെിയ കെറി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഉന്നയിച്ച് വിദേശകാര്യ മന്ത്രാലയം അഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 10 സംഘടനകള്‍ക്ക് സംഭാവന നല്‍കാനാണ് കമ്പാഷന്‍ ഇന്‍റര്‍നാഷനലിന് അനുമതി ലഭിച്ചത്.

കമ്പാഷന്‍ ഇന്‍റര്‍നാഷനലിനെ നോട്ടപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടില്ളെന്നും പണ വിനിയോഗം അന്വേഷിക്കുമെന്നും അഭ്യന്തരമന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും സംഭാവന സ്വീകരിക്കാനുള്ള അനുമതി അടുത്തയാഴ്ചയോടെ കൂടുതല്‍ സംഘടനകള്‍ക്ക് ലഭിക്കുമെന്നറിയുന്നു.

News Summary - modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.