ക്യാപ്റ്റൻ സ്മിത് മച്ചാർ സുഖം പ്രാപിക്കുന്നു; ആരോഗ്യനിലയിൽ പുരോഗതിയെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഫ്ലൈദുബൈ വിമാനത്തിന്റെ കോക്പിറ്റിൽ ആക്രമണത്തിനിരയായ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന്‍റെ ഏറ്റവും പുതിയ വിവരം പുറത്ത് വിട്ട് വിദേശകാര്യ മന്ത്രാലയം. അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എം.ഇ.എ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. അബൂദബിയിലെ ആശുപത്രിയിൽ കഴിയുന്ന ക്യാപ്റ്റൻ മച്ചാറുമായി യു.എ.ഇയിലെ ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായും ആശുപത്രി അധികൃതരുമായും എംബസി ഏകോപനം നടത്തുന്നുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു. മുമ്പും യു.എ.ഇയിലെ ഇന്ത്യൻ എംബസി അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ചിരുന്നു.
സെപ്റ്റംബർ 30നാണ് ദുബൈയിൽനിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈദുബൈ എഫ്.സെഡ് 1073 വിമാനത്തിൽ ക്യാപ്റ്റൻ മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ കോക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഇടപെട്ടാണ് ആക്രമിയെ കീഴടക്കിയത്. വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ആദ്യം തബൂക്കിലെ ആശുപത്രിയിൽ ചികിത്സ നൽകിയ ക്യാപ്റ്റൻ മച്ചാറിനെ പിന്നീട് തുടർചികിത്സയ്ക്കായി അബൂദബിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം വിവിധ രാജ്യങ്ങളുടെ നേതൃത്വത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.