ജാതി സെൻസസിൽ എല്ലാവർക്കും പ്രത്യേക കോഡ് വേണം; പ്രക്ഷോഭത്തിന് ഒബിസി സംഘടനകൾ
ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പിൽ ജാതിതിരിച്ചുള്ള കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താൻ എല്ലാ ജാതികൾക്കുമായി എന്യൂമറേഷൻ ഫോമിൽ ഡ്രോപ്-ഡൗൺ മെനു ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിഷേധ ആഹ്വാനവുമായി അഖിലേന്ത്യ ജാതി സെൻസസ് ഏകോപന സമിതി.
ജനസംഖ്യാ എന്യൂമറേഷൻ ഘട്ടത്തിൽ ജാതി തിരഞ്ഞെടുക്കാൻ എല്ലാ ജാതികളുടെയും പട്ടിക അടങ്ങുന്ന ഡ്രോപ്-ഡൗൺ മെനു ഉറപ്പ് വരുത്തണമെന്ന് രാജ്യമെമ്പാടുമുള്ള വിവിധ ഒ.ബി.സി അസോസിയേഷനുകളും പൗരാവകാശ സംഘടനകളും ചേർന്നാണ് കേന്ദ്ര സർക്കാറിനോട് ആവശ്യം ഉന്നയിക്കുന്നത്. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി, ജനറൽ എന്നിങ്ങനെ എല്ലാ ജാതികൾക്കും പ്രത്യേക കോഡ് ഉണ്ടാകണം.
പട്ടികജാതി, പട്ടികവർഗം ഒഴികെ മറ്റെല്ലാവർക്കും പൊതുവായി ഒരു കോളം മതിയെന്നാണ് 2027 സെൻസസിലെ ചോദ്യാവലി തയാറാക്കിയപ്പോൾ കേന്ദ്രം തീരുമാനിച്ചത്.
2011ലെ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് വേളയിലും ഇതേ രീതിയാണ് അവലംബിച്ചത്. 46 ലക്ഷത്തിലേറെ ജാതി നാമങ്ങളാണ് അതിൽ വന്നതെങ്കിലും, കൃത്യത ഇല്ലാത്ത കാരണത്താൽ സർക്കാർ അവ നിരാകരിക്കുകയും ചെയ്തു.
സാമൂഹിക നീതിയും, ആനുപാതിക പ്രാതിനിധ്യവും ഉറപ്പുവരുത്താനായി സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വിവരങ്ങൾ കൃത്യമായി ശേഖരിക്കാൻ ഡ്രോപ്-ഡൗൺ മെനു അനിവാര്യമാണെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.
അസമത്വങ്ങൾ കണ്ടെത്താനും സാമൂഹിക നീതി ഉറപ്പുവരുത്താനും ജാതി സെൻസസ് അനിവാര്യമാണെന്ന് ഭാരത് ജോഡോ അഭിയാൻ ദേശീയ കൺവീനർ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി. അഖിലേന്ത്യ ഒ.ബി.സി വിദ്യാർഥി അസോസിയേഷൻ പ്രസിഡന്റ് ജി. കിരൺ കുമാറും ഇതേ അഭിപ്രായം പങ്കുവെച്ചു.
സാമൂഹിക നീതി ഉറപ്പാക്കാനുള്ള ചരിത്രപരമായ അവസരമാണ് 2027ലെ സെൻസസ് എന്ന് അദ്ദേഹം പറഞ്ഞു. ഒ.ബി.സി വിഭാഗങ്ങൾക്ക് പ്രത്യേകം ഡ്രോപ്-ഡൗൺ വേണമെന്നും സംവരണത്തിന് 50 ശതമാനമെന്ന പരിധി എടുത്തുകളയുകയും വേണം. നവംബർ 28ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യത്തെ ഒ.ബി.സി വിദ്യാർഥികളോടും യുവാക്കളോടും അദ്ദേഹം അഭ്യർഥിച്ചു.
കൃത്യമായ കണക്കെടുപ്പിന് പ്രത്യേക കോഡുകൾ ഏർപ്പെടുത്തണമെന്നും ഡ്രോപ്-ഡൗൺ വേണമെന്നുമുള്ള ആവശ്യം ഡി.എം.കെ എം.പി പി. വിൽസണും ഒ.ബി.സി ജനപ്രതിനിധി ഫോറം ദേശീയ കൺവീനറും തെലങ്കാനയിലെ മുൻ മന്ത്രിയുമായ വി. ശ്രീനിവാസും ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.