മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ ജയം


മുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍, നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം. സംസ്ഥാനത്തെ 212 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 147 ഇടങ്ങളിലും 17 നഗരപഞ്ചായത്തുകളിലുമാണ് ഞായറാഴ്ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇവയില്‍ 56 കൗണ്‍സില്‍ ബി.ജെ.പിയും 24 ശിവസേനയും നേടി. 20 കൗണ്‍സിലുകളാണ് കോണ്‍ഗ്രസിനെ തുണച്ചത്. എന്‍.സി.പിക്ക് 19 കൗണ്‍സിലുകളും. 147 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 3700ലേറെ സീറ്റുകള്‍ക്കായി 15,000ത്തിലേറെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. മിനി നിയമസഭാ തെരഞ്ഞെടുപ്പായി വിശേഷിക്കപ്പെടുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 600ലേറെ സീറ്റുകള്‍ നേടി ബി.ജെ.പി ചരിത്രംകുറിച്ചു.

 402 സീറ്റുകള്‍ ശിവസേനയും നേടി. 482 സീറ്റുകള്‍ എന്‍.സി.പിയും 408 കോണ്‍ഗ്രസും നേടി. 15 സീറ്റ് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും 12 വീതം സി.പി.എമ്മും എം.എന്‍.എസും നേടി. കഴിഞ്ഞതവണ 298 സീറ്റുകള്‍ മാത്രം നേടാനായ ബി.ജെ.പിക്ക് ചരിത്ര വിജയമാണുണ്ടായത്. നേരത്തെ 916 നേടിയ എന്‍.സി.പിക്കും 771 നേടിയ കോണ്‍ഗ്രസിനും ഇക്കുറി പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. മോദിയുടെ സാമ്പത്തിക പരിഷ്കരണത്തിനുള്ള ജനസമ്മതിയാണ് ഈ വിജയമെന്ന് ബി.ജെ.പി അവകാശപ്പെട്ടു.  പണമൊഴുക്കി നേടിയതാണ് ബി.ജെ.പിയുടെ വിജയമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം, 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്ഷീണംപറ്റിയ കൊങ്കണില്‍ കോണ്‍ഗ്രസിന് ഉണര്‍വ് പ്രകടമായി.

ബി.ജെ.പിയിലെ വനിതാക്ഷേമ മന്ത്രി പങ്കജ മുണ്ടെക്ക് സ്വന്തം തട്ടകത്തില്‍ കനത്ത തിരിച്ചടി നേരിട്ടു. 33 അംഗ കൗണ്‍സിലില്‍ 27ഉം എന്‍.സി.പി നേടി. . യവത്മല്‍, ബീഡ്, ധൂലെ എന്നിവിടങ്ങളിലാണ് മജ്ലിസിന്‍െറ വിജയം. ശേഷിച്ച മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ അടുത്ത മാസം 14നും18നും ജനുവരി എട്ടിനുമാണ് തെരഞ്ഞെടുപ്പ്.

Tags:    
News Summary - BJP won in MMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.