നേതാജിയുടെ കാര്‍ വീണ്ടും നിരത്തിലിറങ്ങുന്നു

കൊല്‍ക്കത്ത: 1941ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍  അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയപ്പോള്‍ രക്ഷപ്പെടാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഉപയോഗിച്ച  കാര്‍ ബന്ധുക്കള്‍ നിരത്തിലിറക്കാനൊരുങ്ങുന്നു.  കൊല്‍ക്കത്തയിലുള്ള നേതാജിയുടെ തറവാട്ടു വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ജര്‍മനിയിലെ ഒൗഡി കമ്പനിയുടെ  വാന്‍ഡറര്‍ കാര്‍  പുതുക്കാന്‍ നിര്‍മാതാക്കളെ തന്നെ ചുമതലപ്പെടുത്തിയതായി നേതാജി റിസര്‍ച് ബ്യൂറോ അധികൃതര്‍ അറിയിച്ചു. പഴയ ഭാഗങ്ങള്‍ മാറ്റി പുതിയ പെയിന്‍റ് അടിക്കുകയാണിപ്പോള്‍. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള കാറാണിതെന്നും 100-200 മീറ്റര്‍  വരെ ദൂരം ഓടിച്ചെടുക്കാനാണ് ശ്രമമെന്നും റിസര്‍ച് ബ്യൂറോ സെക്രട്ടറി കാര്‍ത്തിക് ചക്രവര്‍ത്തി പറഞ്ഞു. അടുത്ത ഡിസംബറോടെ അറ്റകുറ്റപണി പൂര്‍ത്തിയാകും.

ബി.എല്‍.എ 7169 നമ്പര്‍ കാറില്‍ 1941 ജനുവരിയിലാണ് ബോസ് പൊലീസിന്‍െറ കണ്ണുവെട്ടിച്ച് കൊല്‍ക്കത്തയില്‍നിന്ന് ഝാര്‍ഖണ്ഡിലെ ഗോമോഹിലേക്ക് പോയത്. മൂത്ത സഹോദരന്‍ ശരച്ചന്ദ്രബോസിന്‍െറ മകന്‍ സിസിര്‍ കുമാര്‍ ബോസാണ് കാറോടിച്ചത്. 1971ലാണ് കാര്‍ അവസാനമായി  റോഡിലിറങ്ങിയത്. ഫിലിം ഡിവിഷന്‍െറ ഹ്രസ്വചിത്രത്തിന് അന്ന് കാറോടിച്ചത് സിസിര്‍ കുമാര്‍ തന്നെ. പൊതുജനങ്ങള്‍ക്ക് കാണാന്‍ സൂക്ഷിച്ച കാര്‍ പിന്നീട് പുറത്തിറക്കിയിട്ടില്ല. റിസര്‍ച് ബ്യൂറോ ജീവനക്കാരന്‍ സുന്ദരം ആയിരുന്നു കാര്‍ ഓടിക്കാന്‍ പരിശീലിച്ചിരുന്നത്. അദ്ദേഹം ജീവിച്ചിരിപ്പില്ല. നേതാജി ഭവന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാജി റിസര്‍ച് ബ്യൂറോക്ക് നേതൃത്വം നല്‍കുന്നത് കൃഷ്ണ ബോസും മകന്‍ സുഗതയുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.