ഈ ഇടനാഴിയില്‍ രക്തക്കറ ആദ്യത്തേതല്ല

രോഹിത് വെമുലയുടെത് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ആദ്യ മരണമല്ല. നിരന്തര അവഗണനയും വിവേചനവുംമൂലം മുന്നേറാന്‍ കഴിയാതെ ഹോസ്റ്റല്‍ മുറികളിലെ ഇരുട്ടില്‍ സ്വയം കീഴടങ്ങി മരണം വരിച്ചവര്‍ 10ലേറെയാണ്. 1974ല്‍ യൂനിവേഴ്സിറ്റി സ്ഥാപിതമായതു മുതല്‍ 42 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 12 ദലിത് വിദ്യാര്‍ഥികള്‍. അധ്യാപകര്‍ക്കിടയിലെ സവര്‍ണ മനോഭാവവും കടുത്ത ജാതി വിരുദ്ധതയുമാണ് ഓരോ മരണങ്ങള്‍ക്കും കാരണം. രാഷ്ട്രീയവും അധികാരപരവുമായ കാരണങ്ങള്‍ ഇതില്‍ അപകടകരമായി ഉള്‍ചേര്‍ന്നിരിക്കുന്നു എന്നത് ഹൈദരാബാദ് യൂനിവേഴ്സിറ്റിയെ വ്യത്യസ്തമാക്കുന്നു. 2008നു ശേഷം ആത്മഹത്യചെയ്യുന്ന അഞ്ചാമത്തെ ദലിത് വിദ്യാര്‍ഥിയാണ് രോഹിത്. 2013ല്‍ രണ്ട് ദലിത് വിദ്യാര്‍ഥികള്‍ സ്വയം മരണം വരിച്ചു.
സെന്തില്‍ കുമാര്‍, ബലരാജ്, മാതാരി വെങ്കിടേഷ്, പുല്യാല രാജു എന്നിവരാണ് അടുത്തിടെ മരിച്ചത്. ഇവരുടെ മരണകാരണങ്ങള്‍ അന്വേഷിച്ചാല്‍ യൂനിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ജാതീയ പ്രശ്നങ്ങളുടെ നേര്‍ചിത്രം ലഭിക്കും.
യൂനിവേഴ്സിറ്റിയില്‍ ഫിസിക്സില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന സെന്തില്‍ കുമാര്‍ 2008 ഫെബ്രുവരി 24ന് വിഷം കഴിച്ച് മരിച്ചു. തമിഴ്നാട്ടിലെ സേലം സ്വദേശിയായ സെന്തില്‍ കുമാര്‍ പന്നിവളര്‍ത്തല്‍ തൊഴിലാക്കിയ സമുദായത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തത്തെിയ ആദ്യത്തെയാളായിരുന്നു. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയില്‍നിന്ന് എം.ഫില്‍ കഴിഞ്ഞ് 2007ലാണ് സെന്തില്‍ ഹൈദരാബാദിലത്തെിയത്. യൂനിവേഴ്സിറ്റിയിലത്തെി ഒരു വര്‍ഷം കഴിഞ്ഞിട്ടും സെന്തിലിന് സൂപ്പര്‍വൈസറെ ലഭിച്ചില്ല. കോഴ്സിന്‍െറ ഭാഗമായുള്ള ഒരു പേപ്പറില്‍ മാര്‍ക്ക് കുറഞ്ഞതോടെ ഫെലോഷിപ്പും നഷ്ടപ്പെട്ടു.
ഇതോടെ സെന്തില്‍ സാമ്പത്തിക പരാധീനതയിലായി.  ഫെലോഷിപ് നഷ്ടപ്പെട്ടത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതുകൂടിയായതോടെ മാനസിക വിഷമതകളിലേക്കും നയിച്ചു. ഇതിന്‍െറ അവസാനം ജീവിതം അവസാനിപ്പിക്കാന്‍ സെന്തില്‍ തീരുമാനിക്കുകയായിരുന്നു. ഹൃദയാഘാതംമൂലമാണ് മരണമെന്ന് പറഞ്ഞ് യൂനിവേഴ്സിറ്റി ഇതില്‍നിന്ന് ഒഴിയാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചപ്പോഴാണ് മരണകാരണം വ്യക്തമായത്. അന്വേഷണ കമ്മിറ്റി രൂപവത്കരണവും റിപ്പോര്‍ട്ട് സമര്‍പ്പിക്കലും ഉണ്ടായെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഭാഷാ സാഹിത്യത്തില്‍ ഗവേഷകനായിരുന്ന രംഗറെഡ്ഡി ജില്ലയിലെ ആര്‍. ബലരാജും ഇതേ വര്‍ഷം സമാന അനുഭവത്തിന്‍െറ പേരില്‍ ആത്മഹത്യ ചെയ്തു. കന്നുകാലി മേക്കല്‍ കുലത്തൊഴിലായ കുടിലില്‍നിന്ന് ഉന്നത പഠനം സ്വപ്നംകണ്ട് എത്തിയ ബലരാജ് ഗവേഷണത്തിന് സൂപ്പര്‍വൈസറെ കിട്ടാതെ അലഞ്ഞത് ഒന്നരവര്‍ഷം. ഇതിനിടെ ജാതി പറഞ്ഞുള്ള നിരന്തര അവഹേളനം. വൈകാതെ വീടിനടുത്തുള്ള മരത്തില്‍ കുരുക്കിട്ട് ബലരാജ് തന്‍െറ ജീവിതം അവസാനിപ്പിച്ചു.
നാലുമാസത്തെ അലച്ചിലിനൊടുവിലാണ് മാതാരി വെങ്കിടേഷിന് ഗൈഡിനെ കിട്ടിയത്. എന്നാല്‍, ഗവേഷണം അവസാനഘട്ടത്തിലത്തെിയ സമയം ഗൈഡ് വിരമിച്ചു. വിരമിക്കാന്‍ നാലു വര്‍ഷത്തിനു താഴെയുള്ളവരെ ഗൈഡായി നിയമിക്കരുതെന്ന നിയമം കണക്കിലെടുക്കാതെയാണ് വെങ്കിടേഷിന് ഈ ഗൈഡിനെ അനുവദിച്ചത്. ഗൈഡ് വിരമിച്ചതോടെ വെങ്കിടേഷിന്‍െറ ഗവേഷണം പ്രതിസന്ധിയിലായി. മൂന്നുപേരെ വെങ്കിടേഷ് സമീപിച്ചെങ്കിലും ആരും തയാറായില്ല. ഒടുവില്‍ എത്തിയ ആളാകട്ടെ, ആദ്യം മുതല്‍ തുടങ്ങാനായിരുന്നു നിര്‍ദേശിച്ചത്. ഇതോടെ മുന്നോട്ടുപോകാനാകാതെ 2013 നവംബറില്‍ മതാരി വെങ്കിടേഷും മറ്റുള്ളവരുടെ വഴി തെരഞ്ഞെടുത്തു.   ഇന്‍റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ബിരുദാനന്തര ബിരുദ സ്വപ്നങ്ങളുമായത്തെിയ പുല്യാല രാജുവിനെ 2013 മാര്‍ച്ച് 19ന് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. പ്രണയ നൈരാശ്യമാണ് ഈ 21കാരന്‍െറ മരണകാരണമെന്ന കണ്ടത്തെലില്‍ യൂനിവേഴ്സിറ്റി അധികൃതരും പൊലീസും ഉറച്ചുനിന്നു. എന്നാല്‍, നാലുവിഷയങ്ങളില്‍ പിന്നിലായ രാജുവിന് പുതിയ സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാനുള്ള തടസ്സങ്ങളാണ് മരണകാരണമെന്ന് വിദ്യാര്‍ഥികള്‍ വാദിക്കുന്നു.
ബുദ്ധിയും സാമര്‍ഥ്യവും പഠന മികവുംകൊണ്ട് യൂനിവേഴ്സിറ്റിയിലത്തെുന്ന ദലിത് വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഭൂരിപക്ഷ ബ്രാഹ്മണ്യ ഫാക്കല്‍റ്റി മനസ്സുകള്‍ തയാറല്ല എന്നതാണ് വിദ്യാര്‍ഥികളുടെ ഓരോ പ്രശ്നങ്ങള്‍ക്കു പിന്നിലും. യു.ജി.സി ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് ഉള്ളവരെപോലും മെറിറ്റ് ഇല്ലാത്തവര്‍, റിസര്‍വേഷനിലൂടെ എത്തുന്നവര്‍, ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ എന്നീ ഗണത്തില്‍ പെടുത്തി അപമാനിക്കല്‍ പതിവാണ്. എം.ഫില്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പെണ്‍കുട്ടി ഇന്‍റര്‍വ്യൂ കഴിഞ്ഞപ്പോള്‍ വെയ്റ്റിങ് ലിസ്റ്റില്‍ പോലും ഇല്ലാതിരുന്ന കഥ കുട്ടികള്‍ പറഞ്ഞു. യോഗ്യതയില്ല എന്ന കാരണം പറഞ്ഞ് മെറ്റീരിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ലാബില്‍ കയറ്റാത്ത അധ്യാപകനും ഇവിടെയുണ്ട്. ഗൈഡാകാന്‍ തയാറാകാതിരിക്കല്‍, ലാബിലും പൊതു ഇടങ്ങളിലും വിലക്കേര്‍പ്പെടുത്തല്‍, സ്കോളര്‍ഷിപ് തുക തടഞ്ഞുവെക്കല്‍, ബഹിഷ്കരണം എന്നിങ്ങനെ പോകുന്നു മറ്റു തടസ്സങ്ങള്‍. ഗ്രാമീണ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിച്ച് വലിയ പ്രതീക്ഷകളുമായത്തെുന്ന ദലിത് വിദ്യാര്‍ഥികള്‍ ഈ പ്രതിസന്ധികളില്‍ പെട്ടെന്ന് തളര്‍ന്നുപോകും. പഠന ഭാഗമായി ലഭിക്കുന്ന സ്കോളര്‍ഷിപ് തുകകൊണ്ട് വീടുനോക്കുന്ന നിരവധി പിന്നാക്ക വിഭാഗം കുട്ടികളെ ഇവിടെ കാണാം.
വിദ്യാര്‍ഥികള്‍ക്കൊപ്പം ദലിത് അധ്യാപകരും ജീവനക്കാരും വിവേചനത്തിനിരയാകുന്നുണ്ട്. എന്‍.ആര്‍.എസ് ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന ദലിതനായ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രഫസര്‍ ഡോ.കെ.വൈ. രത്നത്തെ സാനിറ്റേഷന്‍ ചുമതലയിലേക്ക് മാറ്റിയ ചരിത്രം ഇവിടെയുണ്ട്. ഇപ്പോഴത്തെ വി.സി അപ്പാറാവു ചീഫ് വാര്‍ഡനായിരിക്കുമ്പോഴായിരുന്നു ഇത്.
ഇവിടെയുള്ള ഓരോ ദലിത് ആത്മഹത്യകളും മറ്റൊന്നിന്‍െറ തുടര്‍ച്ചയാണ്. 40 വര്‍ഷമായി തുടരുന്ന വിവേചനത്തിന്‍െറ ഇരകള്‍. ഇത് ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ മാത്രം തുടരുന്ന പ്രവണതയല്ല. രാജ്യത്ത് 10 വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 25ലേറെ ദലിത് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ഐ.ഐ.ടികളും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ‘രോഹിത് വെമുല’ എന്നത് ഈ പട്ടികയില്‍ അവസാന പേരാകട്ടെ എന്ന ലക്ഷ്യവുമായാണ് ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം മുന്നേറുന്നത്.                                       

   അവസാനിച്ചു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.