വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ വിളഭൂമി

ഹൈദരാബാദ് സര്‍വകലാശാലയില്‍  പിന്നാക്ക-ദലിത് വിദ്യാര്‍ഥികളും കൂട്ടായ്മകളം നേരിടുന്ന കടുത്ത വിവേചനത്തെക്കുറിച്ച് മാധ്യമം ലേഖകന്‍ അസ്സലാം. പി നടത്തുന്ന അന്വേഷണം...

അക്കാദമിക്-സോഷ്യല്‍-പൊളിറ്റിക്കല്‍ ആക്ടിവിസത്തിന്‍െറ യഥാര്‍ഥ വിളഭൂമിയാണ് ആരംഭം മുതല്‍ ഹൈദരാബാദ് യൂനിവേഴ്സിറ്റി. പിന്നാക്ക ദലിത് പ്രശ്നങ്ങളെ എക്കാലവും ഉയര്‍ത്തിപ്പിടിക്കുകയും രാജ്യത്തെ വിദ്യാര്‍ഥി യുവജനപ്രസ്ഥാനങ്ങളെ പ്രചോദിപ്പിക്കുകയും അവക്കുമുമ്പേ നടക്കുകയും ചെയ്ത കലാലയം. 1974ല്‍ ഇന്ദിര ഗാന്ധിയാണ് സര്‍വകലാശാലക്ക് തുടക്കമിടുന്നത്. 80കളുടെ അവസാനത്തോടെയാണ് അക്കാദമികതലത്തില്‍ സര്‍വകലാശാല അറിയപ്പെട്ടുതുടങ്ങിയത്. അന്നുമുതലേ ദലിത് വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസില്‍ സജീവമാണ്. 1990ല്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രോഗ്രസീവ് സ്റ്റുഡന്‍റ് ഫോറം (പി.എഫ്.എ) രൂപവത്കരിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥികള്‍ രാജ്യത്തെ പിന്നാക്കസമുദായങ്ങള്‍ക്ക് മുന്നേ നടന്നു.

അതേ ഘട്ടത്തില്‍തന്നെ സര്‍വകലാശാലയില്‍ കടുത്തവിവേചനം നിലനിന്നിരുന്നു. സംവരണം, ഹോസ്റ്റല്‍, മെസ് എന്നിവിടങ്ങളില്‍ ദലിത് വിദ്യാര്‍ഥികളും അധ്യാപകരും ഒരേപോലെ വിവേചനത്തിനിരയായി. പകുതിയിലേറെ വരുന്ന സവര്‍ണ അധ്യാപകരും ഭരണകര്‍ത്താക്കളും വിവേചനത്തിന് ചൂട്ടുപിടിച്ചു. ജാതീയമായ അവഗണനക്ക് പരിഹാരംകാണാന്‍ പി.എഫ്.എ മതിയാകില്ല എന്നചിന്ത 1993ല്‍ അംബേദ്കര്‍ സ്റ്റുഡന്‍റ് അസോസിയേഷന്‍ (എ.എസ്.എ) എന്ന സംഘനാ രൂപവത്കരണത്തിലേക്ക് എത്തിച്ചു.

ഈസമയംതന്നെ കാമ്പസ് പിടിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചിരുന്നു. ബര്‍മുഡക്ളബ് എന്നപേരില്‍ ബി.ജെ.പി അനുഭാവിവിദ്യാര്‍ഥികള്‍ കാമ്പസില്‍ സജീവമായി. എ.എസ്.എ ആയിരുന്നു ഇവരുടെ പ്രഖ്യാപിതശത്രു. പോസ്റ്റര്‍ യുദ്ധങ്ങളിലൂടെയായിരുന്നു തുടക്കം. 2002ല്‍ ഇന്നത്തെ വി.സി അപ്പാറാവു ചീഫ് വാര്‍ഡനായി എത്തിയതോടെ എന്‍.ആര്‍.എസ് ഹോസ്റ്റലിലെ ദലിത് വാര്‍ഡനെ മാറ്റി. ഇതോടെ വിഷയം എ.എസ്.എ ഏറ്റെടുത്തു.

ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 10 ദലിത് വിദ്യാര്‍ഥികളെ പുറത്താക്കുന്നതിലേക്കത്തെി. ഏഴുപേരെ തിരിച്ചെടുത്തെങ്കിലും മൂന്നുപേര്‍ക്ക് പഠനംനിര്‍ത്തി പോകേണ്ടിവന്നു. ബി.ജെ.പി വിദ്യാര്‍ഥി സംഘടനയും എ.എസ്.എയും നിരന്തര കലഹങ്ങള്‍ നടന്നുവെങ്കിലും ബി.ജെ.പിക്ക് ഒരിക്കലും കാമ്പസില്‍ മുന്‍തൂക്കം ലഭിച്ചില്ല. എ.ബി.വി.പിയും എസ്.എഫ്.ഐയും പ്രവര്‍ത്തനം തുടങ്ങിയ ഘട്ടംകൂടിയായിരുന്നു ഇത്.

2005ഓടെ ദലിത്-മുസ്ലിം-പിന്നാക്കകൂട്ടായ്മ ശക്തമായി. എസ്.ഐ.ഒ, എം.എസ്.എഫ് എന്നീ വിദ്യാര്‍ഥിസംഘടനകള്‍ എ.എസ്.എയെ പിന്തുണച്ചു. എ.എസ്.എയോട് പലവഷയങ്ങളിലും ഏറ്റുമുട്ടല്‍ നിലപാടിലായിരുന്നു എസ്.എഫ്.ഐ. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി അടക്കം വിവിധ സംഘടനകള്‍ മുന്നിലത്തെിയെങ്കിലും സമ്പൂര്‍മായ മേധാവിത്വം ബി.ജെ.പിക്ക് നിലനിര്‍ത്താനായില്ല. എ.ബി.വി.പിയുടെ അജണ്ടകള്‍ക്ക് എന്നും ശക്തമായ ബദല്‍തീര്‍ത്ത് എ.എസ്.എ ശക്തികാട്ടി. ബാബരി മസ്ജിദ്, ദാദ്രി, അഫ്സല്‍ ഗുരു, തെലങ്കാനയിലെ വ്യാജ ഏറ്റുമുട്ടല്‍, ഹരിയാനയിലെ ദിലിത് കുട്ടികളുടെ കൊലപാതകം, യാഖൂബ് മേമന്‍, ബീഫ് നിരോധം തുടങ്ങിയ വിഷയങ്ങളിലും സര്‍വകലാശാലയില്‍ പ്രതിഷേധക്കൊടി ഉയര്‍ന്നു.

ദലിത്, മുസ്ലിം, ആദിവാസി പ്രശ്നങ്ങളില്‍ എ.എസ്.എ സജീവമായി ഇടപെട്ടു. നിരോധഭീഷണി ഉയരുകയും ചര്‍ച്ചയാകുകയും ചെയ്ത ഡോക്യുമെന്‍ററികള്‍ അടക്കം കാമ്പസില്‍ നിരന്തരം പ്രദര്‍ശനത്തിനത്തെി. ഇവിടത്തെ ചര്‍ച്ചകളും സംവാദങ്ങളും പ്രതിഷേധങ്ങളും വിദ്യാര്‍ഥി-യുവജനവിഭാഗം ശ്രദ്ധിച്ചുതുടങ്ങുകയും പിന്തുടരുകയും ചെയ്തു. സംഘപരിവാര ശക്തികള്‍ നിരന്തരം ചോദ്യം ചെയ്യപ്പെട്ടതോടെ അവരില്‍ അലോസരവും അസഹിഷ്ണുതയും വളര്‍ന്നു. ഇതോടെ എ.എസ്.എയെ രാഷ്ട്രീയമായി തകര്‍ക്കുക എന്നത് എ.ബി.വി.പിയുടെ ലക്ഷ്യമായി. കേന്ദ്രഭരണം കിട്ടിയത് അതിനനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചു.

ആരോപണങ്ങളുടെ ശരംതൊടുത്ത് എ.എസ്.എ മുന്നേറ്റനിരയെ തകര്‍ക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ബി.ജെ.പിയുടെ പ്രാദേശികഘടകം മുതല്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പുവരെ അതിന് കൂട്ടുനിന്നു. അതിന്‍െറ അവസാന ഇരയാണ് രോഹിത് വെമുല. അതിനെക്കുറിച്ച് നാളെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.