മദര്‍ തെരേസയുടെ ഓര്‍മക്ക് തപാല്‍ കവറുകളും നാണയങ്ങളും

കൊല്‍ക്കത്ത: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക തപാല്‍ കവറുകളും നാണയങ്ങളും പുറത്തിറക്കും. 19ാം ചരമ വാര്‍ഷികത്തിലാണ് വിശുദ്ധ പദവിയിലേക്ക് മദര്‍ തെരേസ ഉയര്‍ത്തപ്പെടുന്നത്. വത്തിക്കാനില്‍ സെപ്റ്റംബര്‍ നാലിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുക. ചടങ്ങിന്‍െറ ഭാഗമായി സെപ്റ്റംബര്‍ രണ്ടിന് പട്ടില്‍ നിര്‍മിച്ച തപാല്‍ കവറാണ് ഇന്ത്യ പുറത്തിറക്കുന്നത്. തപാല്‍ വകുപ്പ് ആദ്യമായാണ് പട്ടുകൊണ്ട് നിര്‍മിച്ച കവര്‍ പുറത്തിറക്കുന്നത്. 2010ല്‍ മദര്‍ തെരേസയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അഞ്ച് രൂപ നാണയം പതിച്ചാണ് കവര്‍ രൂപപ്പെടുത്തിയത്.

നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നവര്‍ക്ക് അപൂര്‍വ ശേഖരമായിരിക്കും ഇത്. ഈ രംഗത്ത് പ്രശസ്തനായ അലോക് കെ. ഗോയലാണ് സ്റ്റാമ്പ് രൂപകല്‍പന ചെയ്തത്. 1,000 കവറുകളും സ്റ്റാമ്പുകളും മാത്രമാണ് പുറത്തിറക്കുക. അതേസമയം, മദര്‍ തെരേസയുടെ ജന്മനാടായ മാസിഡോണിയയും ചടങ്ങിന്‍െറ സ്മരണക്ക് 100 ദിനാറിന്‍െറ സ്വര്‍ണം പൂശിയ വെള്ളിനാണയങ്ങള്‍ പുറത്തിറക്കുന്നുണ്ട്. മദറിന്‍െറ രൂപം മുദ്രണം ചെയ്ത 5,000 നാണയങ്ങളാണ് മാസിഡോണിയ ലോക വിപണിയില്‍ എത്തിക്കുക. ഇതില്‍ 50 നാണയങ്ങള്‍ മാത്രം ഇന്ത്യയിലത്തെും. 1997 സെപ്റ്റംബര്‍ നാലിനായിരുന്നു മദര്‍ തെരേസയുടെ വിയോഗം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.