ആയുസ്സെണ്ണി ബി.എസ്.എന്‍.എല്‍ മൊബൈല്‍

തൃശൂര്‍: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവനരംഗത്തുനിന്ന് നിഷ്കാസിതമാകാന്‍ കളമൊരുങ്ങുന്നു. മൊബൈല്‍ സേവനത്തിനുള്ള ബി.എസ്.എന്‍.എല്ലിന്‍െറ സ്പെക്ട്രം ലൈസന്‍സ് 2020ല്‍ അവസാനിക്കും. ഈവര്‍ഷം നടന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രം ബി.എസ്.എന്‍.എല്ലിനെ അനുവദിച്ചില്ല. 2017ലെ ലേലത്തിനും അനുമതിയില്ല. ലേലത്തുകയുടെ 10 ശതമാനം പ്രാരംഭമായി കെട്ടിവെക്കാന്‍ ബി.എസ്.എന്‍.എല്ലിന്‍െറ പക്കലില്ല എന്ന കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്. സ്വദേശി, വിദേശി സ്വകാര്യ മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്കുവേണ്ടി  സ്ഥാപനത്തെ ഇല്ലാതാക്കുന്ന തരത്തിലാണ് കേന്ദ്രസമീപനം.

യു.പി.എ സര്‍ക്കാറിന്‍െറ കാലത്തും ബി.എസ്.എന്‍.എല്ലിനെ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍, പൊതുമേഖലാ സ്ഥാപനമെന്ന പരിഗണന നല്‍കി സ്പെക്ട്രം അനുവദിച്ചു. അന്ന് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ ലേലത്തുക  ഈടാക്കിയാണ് സ്പെക്ട്രം നല്‍കിയത്. പുതിയ ലേലങ്ങളില്‍നിന്ന് പുറന്തള്ളപ്പെട്ടതോടെ മൊബൈല്‍ ശൃംഖല വിപുലീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സ്ഥാപനം. 2000ല്‍ 20 വര്‍ഷത്തേക്കാണ് ബി.എസ്.എന്‍.എല്ലിന്  ലൈസന്‍സ് കിട്ടിയത്. അന്ന് 2-ജി ലൈസന്‍സാണ് കിട്ടിയത്. പിന്നീട് യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് 3-ജി ലഭിച്ചു. ഈവര്‍ഷം 4-ജി സ്പെക്ട്രം ലേലം നടന്നപ്പോള്‍ ബി.എസ്.എന്‍.എല്‍ പുറത്തായി.

സ്പെക്ട്രം നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റവും ബി.എസ്.എന്‍.എല്ലിന് തിരിച്ചടിയാണ്. മുമ്പ്, ലേലമെടുത്ത കമ്പനി തന്നെ 20 വര്‍ഷം മൊബൈല്‍ സേവനം നല്‍കണം. മാത്രമല്ല, നിലവിലെ കണക്ഷനുകളും സമീപഭാവിയില്‍ വര്‍ധിക്കാവുന്ന കണക്ഷനുകളും പരിഗണിച്ചാണ് സ്പെക്ട്രം അനുവദിക്കുന്നത്. നയം മാറിയതോടെ കമ്പനികള്‍ക്ക് സാമ്പത്തികശേഷിക്കനുസരിച്ച് സ്പെക്ട്രം സ്വന്തമാക്കാം. ഇപ്പോള്‍ മൊബൈല്‍ സേവനരംഗത്ത് 100 ശതമാനം വിദേശ നിക്ഷേപവും അനുവദിച്ചിട്ടുണ്ട്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 4-ജിയില്‍ വലിയ അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ്. അമേരിക്കന്‍ കമ്പനികളായ ‘വാരി സോണ്‍’ (vary zone), ‘എ.ടി ആന്‍ഡ് ടി’ എന്നിവ രംഗത്തേക്ക് വരാനിരിക്കുന്നു. പഴയതുപോലെ 20 വര്‍ഷം ലൈസന്‍സെടുത്ത കമ്പനിതന്നെ സേവനം നല്‍കേണ്ടതില്ല.

ലൈസന്‍സിങ്ങിലും മാറ്റമുണ്ട്. പുതിയ ‘മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍’ വ്യവസ്ഥപ്രകാരം കമ്പനികള്‍ക്ക് ലൈസന്‍സ് വേണ്ട. നിലവിലെ ഏതെങ്കിലും ഓപറേറ്ററില്‍നിന്ന് സ്പെക്ട്രം വാങ്ങി സ്വന്തം ബ്രാന്‍ഡില്‍ സേവനം നല്‍കാം. സ്പെക്ട്രം പങ്കുവെക്കുകയോ വാടകക്ക് കൊടുക്കുകയോ വില്‍ക്കുകയോ ചെയ്യാം. ക്രമേണ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ രംഗത്ത് ഒതുക്കപ്പെടുന്ന അവസ്ഥയാണ് രൂപപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ മൊബൈല്‍ സേവനരംഗത്ത് 91 ശതമാനവും വിദേശ-വിദേശപങ്കാളിത്ത കമ്പനികളാണ്. ബി.എസ്.എന്‍.എല്ലിന് 7.68 ശതമാനവും എം.ടി.എന്‍.എല്ലിന് 1.41 ശതമാനവുമാണ് പങ്കാളിത്തം. ഫോണ്‍-അനുബന്ധ ഉപകരണങ്ങളുടെ ഉല്‍പാദനം രാജ്യത്ത് പൂര്‍ണമായും നിലച്ചു. എല്ലാ ടെലികോം ഫാക്ടറികളുടെയും പ്രവര്‍ത്തനം അവസാനിച്ചു. 100 ശതമാനവും ഇറക്കുമതിയാണ്. കേരളത്തില്‍ മാത്രമാണ് ബി.എസ്.എന്‍.എല്‍ മൊബൈല്‍ മുന്നിലുള്ളത്. 2020ല്‍ അതും അവസാനിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.