പട്ന: മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന നേതാവാണ് ലാലുപ്രസാദ് യാദവ്. സാധാരണക്കാര്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് ലാലുവിന് അറിയാം. വിജയം ഉറപ്പിച്ചിരുന്നതിനാലാണ് വോട്ടെണ്ണുന്നതിന് തലേന്നും ഈ യാദവ നേതാവ് സുഖമായി ഉറങ്ങിയത്. ഗ്രാമങ്ങളില്‍ പ്രചാരണം ഉഴുതുമറിക്കുമ്പോള്‍തന്നെ ഭരണം തങ്ങള്‍ക്കായിരിക്കുമെന്ന് ആരെക്കാളും മുമ്പേ ഈ മുന്‍ ബിഹാര്‍ മുഖ്യന് മനസ്സിലായിരുന്നു. ജയപ്രകാശ് നാരായണിന്‍െറ കളരിയില്‍ രാഷ്ട്രീയത്തിന്‍െറ ബാലപാഠങ്ങള്‍ അഭ്യസിച്ചയാള്‍ക്ക് ജനമനസ്സറിയുന്നതില്‍  സവിശേഷ മെയ്വഴക്കമുണ്ടാവുക സ്വാഭാവികം. മോദിയുടെ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ ഈ സോഷ്യലിസ്റ്റ് നേതാവിന് ആരും ക്ളാസെടുക്കേണ്ടതില്ല.
ലാലുപ്രസാദ് യാദവിനും  ആര്‍.ജെ.ഡിക്കും ഇതു തിരിച്ചുവരവ് മാത്രമല്ല. പുനര്‍ജന്മം കൂടിയാണ്. ഒരുകാലത്ത് ദേശീയരാഷ്ട്രീയത്തെപോലും അടക്കിഭരിച്ച ലാലുവിന്‍െറ പത്തുവര്‍ഷത്തെ രാഷ്ട്രീയ വനവാസം കൂടിയാണ് അവസാനിക്കുന്നത്. സഖ്യകക്ഷിയായ നിതീഷ് കുമാറിന്‍െറ ജെ.ഡി.യുവിനേക്കാള്‍ മുന്നിലത്തൊനും സാധിച്ചു. നിയമസഭയിലെ 243 സീറ്റുകളില്‍ 101 വീതം സീറ്റുകളിലാണ് ആര്‍.ജെ.ഡിയും ജെ.ഡി.യുവും മത്സരിച്ചത്.  വിശാലസഖ്യത്തെ ബഹുദൂരം മുന്നിലത്തെിക്കാനും ലാലു മാജിക്കിന് കഴിഞ്ഞു.തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ലാലു വാക്കുകൊടുത്തിരുന്നു. ആര്‍.ജെ.ഡി മുന്നിലത്തെിയാലും മുഖ്യമന്ത്രി നിതീഷ് തന്നെ. ഇനി ഭരണത്തിന്‍െറ റിമോട്ട് കണ്‍ട്രോള്‍ ലാലുവിന്‍െറ കൈയിലുമുണ്ടാകും.


2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളില്ലാതെ 22 സീറ്റുകളിലൊതുങ്ങിയ ആര്‍.ജെ.ഡിയെ ഉയിര്‍ത്തെഴുന്നേല്‍പിച്ചതിന്‍െറ രസതന്ത്രം എന്താണെന്ന് ഇനി രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠനവിധേയമാക്കാം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റ മണ്ഡലത്തിലായിരുന്നു ലാലുവിന്‍െറ പാര്‍ട്ടി രക്ഷപ്പെട്ടത്. കാലിത്തീറ്റ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ലാലുവിന് മത്സരിക്കാനായിരുന്നില്ല.1997ല്‍ കാലിത്തീറ്റ അഴിമതി കേസില്‍ സി.ബി.ഐക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ഭാര്യ റാബ്റി ദേവിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു ലാലു അധികാരമൊഴിഞ്ഞത്.

2005ല്‍ നിതീഷ്കുമാറിനോടായിരുന്നു പാര്‍ട്ടി ആദ്യ തോല്‍വി ഏറ്റുവാങ്ങിയിത്. 2010ലാകട്ടെ കനത്ത തിരിച്ചടി കിട്ടി 22 സീറ്റിലൊതുങ്ങി. 1990ല്‍ എല്‍.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞതോടെയാണ് ലാലു ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ കുടിയേറുന്നത്. ലാലുവിന്‍െറ ഉയര്‍ച്ച അതിവേഗത്തിലായിരുന്നു. പതനം അതിനേക്കാള്‍ വേഗത്തിലും.ബിഹാറിലെ ഫുല്‍വാരിയയിലെ ദരിദ്രകുടുംബത്തിലായിരുന്നു ജനനം. മാതാവ് വീടുകളില്‍ വെണ്ണ വിറ്റുണ്ടാക്കിയിരുന്ന തുച്ഛമായ വരുമാനത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കാലത്തെക്കുറിച്ചും പിന്നീട് ഭാര്യ റാബ്റി ദേവിയുമൊത്ത് ചെറിയൊരു ടിന്‍ഷീറ്റുകൊണ്ടു മറച്ച വീട്ടില്‍ നയിച്ച എളിയ ജീവിതത്തെക്കുറിച്ചും ലാലു ഏറെ വാചാലനാകാറുണ്ട്.

1990ലാണ് ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയായത്. ’95ല്‍ വീണ്ടും ജയിച്ചു. യാദവ, മുസ്ലിം, ദലിത് നേതാവായാണ് ലാലു സ്വയം ഉയര്‍ത്തിക്കാട്ടിയത്. പട്ന സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റായിരിക്കേ 1973ല്‍ ജയപ്രകാശ് നാരായണന്‍െറ ആശിര്‍വാദത്തോടെയാണ് ലാലു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ജെ.പിയുടെ പ്രസ്ഥാനം അടിയന്തരാവസ്ഥക്ക് എതിരായ മുന്നേറ്റത്തില്‍ വളര്‍ന്നപ്പോള്‍ ലാലു ബിഹാറിലെ യുവനേതാവായി.
1977ല്‍ ചപ്രയില്‍നിന്ന് ലോക്സഭാംഗമായി. സാമൂഹികനീതി മുദ്രാവാക്യമുയര്‍ത്തി വന്ന വി.പി. സിങ്ങാണ് ലാലുവിനെ ബിഹാറില്‍ പ്രതിപക്ഷനേതാവാക്കിയത്. 1990ല്‍ ജനതാദള്‍ ഇടതുകക്ഷികളുമായി ചേര്‍ന്ന് ബിഹാറില്‍ അധികാരത്തിലേറിയപ്പോള്‍ ലോക്സഭാംഗമായിരുന്നു ലാലു. എന്നാല്‍, മുഖ്യമന്ത്രി പദം ഇദ്ദേഹത്തെ തേടിയത്തെി.
1994ല്‍ ലാലുവിനോട് പിണങ്ങി പുറത്തുപോയ നിതീഷ്കുമാര്‍ ബി.ജെ.പിയുമായി കൈകോര്‍ത്താണ് 2005ല്‍ പരാജയപ്പെടുത്തിയത്.
അയോധ്യയിലേക്ക് രഥയാത്ര നടത്തിയിരുന്ന എല്‍.കെ. അദ്വാനിയെ അറസ്റ്റ് ചെയ്തതോടെ മുസ്ലിംകളുടെ ഇടയില്‍ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്താനായി.
ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ രാജ്യമെങ്ങും കലാപം പടര്‍ന്നപ്പോള്‍ ബിഹാറില്‍ വര്‍ഗീയ സംഘര്‍ഷം ഇല്ലാതാക്കാന്‍ ലാലുവിന് കഴിഞ്ഞു. 1995ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലത്തെിയ ലാലുവിന് കാലിത്തീറ്റ അഴിമതിയെ തുടര്‍ന്ന് 1997ല്‍ രാജിവെക്കേണ്ടി വന്നു. വീട്ടമ്മയായിരുന്ന ഭാര്യ റാബറിയെ മുഖ്യമന്ത്രിയാക്കിയ ലാലുവിന്‍െറ കൈയില്‍ തന്നെയായിരുന്നു ഭരണത്തിന്‍െറ റിമോട്ട് കണ്‍ട്രോള്‍. 2000ല്‍ ഭാര്യയെ മുന്നില്‍ നിര്‍ത്തി ആര്‍.ജെ.ഡിയെ അധികാരത്തിലത്തെിച്ചതും ലാലുവിന്‍െറ മിടുക്കായിരുന്നു. 2004ല്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ലാലു ഒരു പൊതുമേഖലാ സ്ഥാപനം എങ്ങനെ ലാഭകരമാക്കാം എന്ന് തെളിയിച്ചിരുന്നു. ഇനി ദേശീയരാഷ്ട്രീയത്തിലേക്കായിരിക്കും ലാലുവിന്‍െറ നോട്ടമെന്നാണ് വിലയിരുത്തല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.