പാര്‍ലമെന്‍റിലും ‘വെള്ളാപ്പള്ളി’

ന്യൂഡല്‍ഹി: കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്‍െറ കുടുംബത്തിന് സഹായം നല്‍കിയതിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം ലോക്സഭയിലും വിഷയമായി. അസഹിഷ്ണുതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്‍.കെ. പ്രേമചന്ദ്രനാണ് വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്.  പാവപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ച് സ്വന്തം ജീവന്‍ ബലി നല്‍കിയ നൗഷാദിന്‍െറ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ സഹായത്തില്‍ പോലും വര്‍ഗീയത കാണുന്നത് അസഹിഷ്ണുത എത്രത്തോളം വളര്‍ന്നുവെന്നതിന്‍െറ തെളിവാണെന്ന് പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അസഹിഷ്ണുത വര്‍ധിച്ചുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും നടത്തുന്ന വിവാദ പ്രസ്താവനകള്‍ വിഭാഗീയതക്ക് വളം വെക്കുകയാണെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. ലജ്ജിച്ച് തലതാഴ്ത്തേണ്ട നിലയിലാണ് രാജ്യമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇന്ത്യയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന്  ലണ്ടനില്‍ പ്രധാനമന്ത്രിയോട് ബി.ബി.സി ലേഖകന്‍  ചോദിച്ചത് നാം കേട്ടതാണ്. അസഹിഷ്ണുതയുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും ബി.ജെ.പി രാഷ്ട്രീയ പരീക്ഷണശാലയില്‍നിന്നുള്ള ഉല്‍പന്നമാണ്. കാരണം, വര്‍ഗീയതയും കാലുഷ്യവും വളര്‍ത്തുകയെന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. ഗംഗാ നദിയില്‍ 1001 തവണ മുങ്ങിക്കുളിച്ചാലും ദാദ്രി സംഭവത്തിന്‍െറ പാപക്കറ ബി.ജെ.പിക്ക് മായ്ച്ചുകളയാനാകില്ളെന്നും ബഷീര്‍ ചൂണ്ടിക്കാട്ടി.  തോക്കുകള്‍കൊണ്ട് വാക്കുകളെ ജയിക്കാനാകില്ളെന്ന് സംഘ്പരിവാര്‍ മനസ്സിലാക്കണമെന്ന് സി.എന്‍. ജയദേവന്‍ പറഞ്ഞു.  
  നീതിനിഷേധത്തിനെതിരെ സംസാരിക്കുന്ന മുസ്ലിമിനെ സംഘ്പരിവാര്‍ ദേശദ്രോഹിയായി ചിത്രീകരിക്കുകയാണെന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. അതേസമയം, മതേതര പാര്‍ട്ടികള്‍ ഞങ്ങളെ സാമുദായികവാദികളായി മാത്രമാണ്  കാണുന്നത്. 23 വര്‍ഷമായി ബാബരി മസ്ജിദ് തകര്‍ത്തവര്‍ ശിക്ഷിക്കപ്പെട്ടില്ല. ജനസംഖ്യാ അനുപാതത്തേക്കാള്‍ ഏറെ കൂടുതലാണ് ജയിലുകളിലുള്ള മുസ്ലിംകളുടെ എണ്ണം. വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നവരില്‍ ഏറെയും മുസ്ലിംകളും ദലിതുകളുമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.