ജിലേബി വണ്ടി

 

പണ്ടൊരു ബേക്കറിയിൽ ഇടക്കൊക്കെ ബദാം മിൽക്ക് കുടിക്കാൻ പോയിരുന്ന സമയം. ഒരാൾ മാറിയിരുന്ന് തിളച്ചുകിടക്കുന്ന എണ്ണയിൽ ഓട്ടക്കിഴി വെച്ച് വട്ടം വരയ്ക്കുന്നത് കാണാം. ജിലേബി നിർമ്മാണമാണ്. നാരായം കൊണ്ട് എഴുതുന്ന പോലെയാണ് ഈ പ്രവൃത്തി. സത്യത്തിൽ ഛന്ദസ്സൊത്ത വൃത്തനിബദ്ധവും മനോഹരവുമായ ഒരു പലഹാരക്കവിതയാണ് ജിലേബി.

എന്താണെന്നറിയില്ല, ഓട്ടോറിക്ഷ കാണുമ്പോഴും എനിക്ക് ജിലേബിയാണ് ഓർമ്മ വരിക. നിറം കൊണ്ടല്ല, കർമ്മം കൊണ്ടാണ് ഓട്ടോറിക്ഷ ജിലേബിയാവുന്നതെന്ന് മാത്രം. ഇത്രയേറെ റോഡിൽ കിടന്ന് വട്ടം കറങ്ങുന്ന മറ്റൊരു വാഹനമില്ല. മറ്റുള്ളവരെ വട്ടം കറക്കുന്നതും...

അലക്ഷ്യമായ ഡ്രൈവിംഗിനോടൊപ്പം അത്യാവശ്യം അഹങ്കാരവും അമിത ആത്മവിശ്വാസവും ചേർത്താണ് ഓട്ടോകൾ നിരത്തിലിറങ്ങുന്നതെന്ന് തോന്നും. ഫെയറിന്റെ കാര്യത്തിൽ ഫെയറായ കോഴിക്കോട്ടെ ഓട്ടോക്കാർ പോലും ഡ്രൈവിംഗിന്റെ കാര്യത്തിൽ ഫെയറല്ലെന്നതാണ് വസ്തുത.

ഡ്രൈവിംഗ് സംസ്കാരത്തിൽ നിരക്ഷരരായ നമ്മുടെ നാട്ടുകാർക്കിടയിൽ ഓട്ടോക്കാരെ മാത്രമായി കുറ്റം പറയുന്നതിൽ അർത്ഥമില്ല. എങ്കിലും ഞാൻ നിരീക്ഷിച്ച പൊതുവായ ചില വസ്തുതകൾ കുറിക്കാം. ഇതിൽ പലതും എല്ലാത്തരം വാഹനങ്ങളുടെ ഡ്രൈവർമാരുടെയും സ്വഭാവങ്ങളാണ്.

തിണ്ണമിടുക്കിന്റെയും സംഘബലത്തിന്റെയും സ്വാധീനം ഓട്ടോക്കാരിൽ വളരെ കൂടുതലാണ്. തിരക്കേറിയ ജംഗ്ഷനിൽ റോംഗ് സൈഡിൽ വരെ സ്റ്റാന്റുകൾ സ്ഥാപിക്കുന്നത് കണ്ടിട്ടുണ്ട്. സ്റ്റാൻറ് എന്നൊരു ബോർഡും കൊടിമരവും വെച്ചാൽ പിന്നെ ആ പട്ടയഭൂമിയിൽ മറ്റൊരു വണ്ടിയും നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കാറില്ല. എന്നാൽ ഓട്ടോക്കാർക്ക് എവിടെ വേണമെങ്കിലും പാർക്കിംഗും വെയ്റ്റിംഗും നടത്താവുന്നതാണ്‌.

ഏറ്റവും കൂടുതൽ റിയർവ്യൂ മിററുകൾ ഘടിപ്പിച്ച് കാണാറുള്ളതാണ് ഈ ശകടം. കണ്ണാടികൾ പിന്നിലെ റോഡോ വാഹനങ്ങളോ കാണാനല്ല, മറിച്ച് അകത്തുകയറുന്ന യാത്രക്കാരെ പല ആംഗിളിൽ കാണാനാണെന്ന് തോന്നും. ഗ്യാപ്പുകളിൽ കുത്തിക്കയറ്റാനുള്ള സൗകര്യത്തിന്, കമ്പനി നൽകുന്ന മിററുകൾ അന്യോന്യം വശം മാറ്റി പിടിപ്പിക്കുന്നത് സാധാരണമാണ്. മാത്രമല്ല കുത്തിക്കയറ്റി മറ്റുള്ളവന്റെ മിറർ കളയുന്ന പോലല്ല, സ്വന്തം മിറർ പൊട്ടിയാൽ കയ്യിലെ കാശ് പോകുമല്ലോ.

ത്രികോണകമായ വാഹനത്തിന്റെ അഗ്രഭാഗത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതിനാൽ ഡ്രൈവർക്ക് മറ്റു വാഹനങ്ങളെ കാണാൻ കഴിയില്ലെന്നാണ് ന്യായം പറയുന്നതെങ്കിലും കസ്റ്റമറെ കണ്ടെത്താൻ കാഴ്ച ഒരു പ്രശ്നമാവാറില്ലെന്നത് അദ്ഭുതമാണ്. റോഡിലെ കുഴികളും മീഡിയൻ കട്ടിംഗുകളുമെല്ലാം അവന് മനപ്പാഠമാണെങ്കിലും പുറകെ വരുന്നവന് അറിയണമെന്നില്ല. ആ സ്ഥലം ആകുമ്പോൾ ഒറ്റ വളയ്ക്കലാണ്. ഹാന്റിലിനൊപ്പം തന്നെ മുൻചക്രം തിരിയുന്നതിനാൽ ഓട്ടോയുടെ ടേണിംഗ് റേഡിയസും തിരിയാനെടുക്കുന്ന സമയവും കുറവാണ്. പക്ഷേ
വാഹനം നിറുത്തുകയോ വളയ്ക്കുകയോ ചെയ്യുന്നതിന് മുമ്പ് പിന്നിലെ സ്ഥിതിയറിയാൻ ഒരു ശ്രമവും ഉണ്ടാകാറില്ല. അതാണ് ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്നത്.

ഹാൻഡ് സിഗ്നലുകൾ നൽകാറില്ല. പേരിന് നൽകിയാൽ തന്നെ പിന്നിൽ വരുന്നവന് കാണാനാവില്ല. ഇൻഡിക്കേറ്ററുകളുണ്ടെങ്കിലും വളയ്ക്കുമ്പോൾ ഇടാറില്ല. ചിലതിൽ ഇൻഡിക്കേറ്റർ മിന്നിച്ച് കിലോമീറ്ററുകൾ ഓടിയാലും ഡ്രൈവർ ശ്രദ്ധിക്കാറില്ല. ചിലപ്പോൾ ഇൻഡിക്കേറ്ററിന്റെ എതിർ ഭാഗത്തേക്ക് വളയ്ക്കുകയും ചെയ്യും. സഹവാഹനക്കാർ ശ്രദ്ധിക്കൂ. ഓട്ടോറിക്ഷ എങ്ങോട്ടാണ് തിരിയാൻ പോവുന്നതെന്ന് നിങ്ങൾക്ക് തെറ്റാതെ മനസ്സിലാക്കാൻ പറ്റാറുണ്ടെങ്കിൽ നിങ്ങൾ ജീവിതവഴികളിൽ പാതി ജയിച്ചുകഴിഞ്ഞു.

വളവുകളിൽ ഇത്രയും സ്റ്റെബിലിറ്റിയില്ലാത്ത മറ്റൊരു വാഹനമില്ലെങ്കിലും കടുകുമണി വ്യത്യാസത്തിൽ മറിയാതെ പറക്കുന്നവരെ എമ്പാടും കാണാവുന്നതാണ്. പണ്ടത്തെ പവർ കുറഞ്ഞ വണ്ടികളല്ല ഇപ്പോൾ. എങ്കിൽ പോലും മുന്നിലെ ആ ഒറ്റച്ചക്രത്തിന്റെ സ്വാധീനക്കുറവ് ഓട്ടോക്കാർ കാര്യമാക്കാറില്ല. മറ്റൊന്ന്, റെഡ് സിഗ്നലിൽ നിർത്തിയാലും അവർ പയ്യെപ്പയ്യെ ഉരുണ്ടുകൊണ്ടിരിക്കും. ഇക്കാര്യത്തിലും കേരളീയർ ഒന്നാണ് കേട്ടോ. ചുമ്മാ ഒരു രസം.

മറ്റുള്ളവരെ ഭയപ്പെടുത്തിയാണിവർ വണ്ടി കുത്തിക്കയറ്റുന്നത്. അമ്പതു രൂപയ്ക്ക് പാട്ടപ്പെയിന്റ് വാങ്ങിപ്പൂശി വണ്ടി ശരിയാക്കാൻ അവനെപ്പോലെ പറ്റില്ലെന്നതിനാൽ കാറുകാര് നിർത്തിയും ഒതുക്കിയും കൊടുത്തോളും. വീഴുമെന്നോർത്ത് ബൈക്കുകാരും ബ്രേക്കിടും. പക്ഷേ ടിപ്പർ, ടാങ്കർ, ബസുകൾ എന്നിവയുമായി മുട്ടാൻ ഓട്ടോക്കാർക്ക് ഭയമാണ്. പെയിൻറ് മാത്രമല്ലല്ലോ പോവുക.

സിഗ്നലുകളിൽ അക്ഷമരാവുകയും അവയെ ലംഘിക്കുകയും ചെയ്യുന്നവരിൽ പ്രമുഖരാണ് ഓട്ടോറിക്ഷക്കാർ. ക്യൂവിനോടൊക്കെ പരമപുച്ഛമാണ്. ഏതെങ്കിലും ലെവൽ ക്രോസുകളിൽ കാത്തുകിടന്നിട്ടുള്ളവർക്ക് പ്രത്യേകിച്ച് മനസ്സിലാവും. ഫ്രീ ലെഫ്റ്റുകൾ എന്തിനാണെന്ന് അവർക്കറിയില്ല. അവന് പോകാനാകില്ലെന്നറിയാമെങ്കിലും ബൈക്കിന് കടന്നുപോകാവുന്ന ഗ്യാപ്പു പോലും അവർ അടച്ച് ബ്ലോക്കാക്കും. ഓട്ടോ സമരമുള്ള ദിവസങ്ങളിൽ എറണാകുളത്തെ റോഡുകളിൽ ബ്ലോക്കുണ്ടാവാറില്ലെന്നാണ് അനുഭവം.

ഒരു കാൽനടക്കാരനു വേണ്ടി നിങ്ങൾ സീബ്രാക്രോസിലെങ്കിലും വാഹനം നിർത്തിനോക്കൂ. പിന്നാലെവന്ന ഓട്ടോ നമ്മെ ഓവർടേക്ക് ചെയ്ത് ആ കാൽനടക്കാരനെ ഇടിച്ചുതെറിപ്പിക്കും വിധം ഓടിച്ചുപോകുന്നത് കാണാം. പൊതുവെ ഇക്കാര്യത്തിലും കേരളം ഒറ്റക്കെട്ടാണ്. മറ്റൊരാൾക്കുവേണ്ടി നിറുത്തുന്നത് മഹാപരാധമായി കണക്കാക്കപ്പെടുന്ന സംസ്കാരം. നിർത്തിക്കൊടുക്കുന്ന മാന്യനെ പിന്നിൽനിന്ന് ഹോൺ മുഴക്കിയും സൈഡിലൂടെ കയറി വന്ന് മോന്തയ്ക്കു നോക്കി തന്തയ്ക്ക് വിളിച്ചും പ്രോൽസാഹിപ്പിക്കുന്ന നമ്മുടെ ട്രാഫിക് സംസ്കാരം.

അപകടമുണ്ടാക്കിയ ശേഷം ഓട്ടോക്കാരന്റെ ഒരു പ്രകടനമുണ്ട്. പോക്കറ്റിൽ നിന്ന് പത്തിന്റെയും ഇരുപതിന്റെയും നാലഞ്ച് നോട്ടുകൾ എടുത്ത് കയ്യിൽ വെച്ചിട്ട് ഒരു രോദനം. ‘ഇന്ന് രാവിലെ മുതൽ ഓടിയിട്ട് കിട്ടിയതാണ് സാറേ.. ആകെ ഇതേയുള്ളൂ...’ എന്നൊക്കെ.. പ്രേക്ഷകരും കരഞ്ഞുപോവും. ഒരിക്കൽ ഒരു ബെൻസിന്റെ സൈഡ് മിറർ ഇടിച്ചുകളഞ്ഞ ഓട്ടോക്കാരൻ ഒടുവിൽ ഞങ്ങളുടെ മുന്നിൽവെച്ച് കാറുടമയോട് അത് വാങ്ങിച്ച് കൊടുക്കാമെന്ന് സമ്മതിച്ചു. അങ്ങേർ അതുകേട്ട് കുറെയേറെ നേരം ചിരിച്ചിട്ട് വണ്ടി ഓടിച്ച് പോയി.

ചില ഓട്ടോകളിലെ ഹോൺ കേട്ടാൽ തീവണ്ടിയാണോ വരുന്നതെന്ന് തോന്നും. സിറ്റികളിൽ വമ്പൻ ഹോണുകൾ കുറവാണെങ്കിലും മറ്റിടങ്ങളിൽ ബാറ്ററിക്ക് പോലും താങ്ങാനാവാത്ത തരം ഹോണുകളാണ് ഓട്ടോകളിൽ ഘടിപ്പിക്കുന്നത്. എന്നിട്ട് അറഞ്ചം പുറഞ്ചം അടിയാണ്. പൊതുവെ മലയാളിക്ക് റോഡിലിറങ്ങിയാൽ പിന്നെ ബാക്കിയെല്ലാവരും ശത്രുക്കളാണ്. അതൊക്കെ പിന്നീടൊരു കുറിപ്പാക്കാം.

ഫാൾസ് സീലിംഗ്, തൊങ്ങലുകൾ തുടങ്ങി മണിയറയിലേക്കാണോ കയറിച്ചെന്നതെന്ന് നമുക്ക് തോന്നിപ്പോകുന്ന രീതിയിൽ അലങ്കരിച്ചവയാണ് പലതും. ചില വണ്ടിയിൽ രാത്രിയിൽ കയറിയാൽ എൽ ഇ ഡി ലൈറ്റിംഗും പാട്ടുമൊക്കെയായി ഡിസ്കോ ബാറിൽ കയറിയ ഒരു ഫീലിംഗ് ഉണ്ടാവും. പക്ഷേ ഏറ്റവും വലിയ ‘അലങ്കാരം’ അതൊന്നുമല്ല. മീറ്ററാണത്.

പലയിടത്തും കാണുന്ന മറ്റൊരു പ്രതിഭാസമാണ് ഇൻറർവ്യൂ. ഓട്ടം വിളിച്ചാൽ പിന്നെ ഒരു ചോദ്യാവലിയുണ്ട്. ഇതിൽ വിജയിച്ചാലേ ഓട്ടോയിൽ പ്രവേശനം അനുവദിക്കൂ. പലപ്പോഴും എ. ടി. എം കാശില്ലെന്ന് പറയുമ്പോലെ ചോദ്യപരമ്പര എല്ലാം കഴിഞ്ഞാണ് ‘ഓട്ടം പോകില്ല’ എന്ന മൊഴി പുറത്തുവരിക. ഉന്നത ജോലികൾക്കുള്ള ഇന്റർവ്യൂ പോലും ഇത്ര കഠിനമല്ലെന്നാണ് അനുഭവസാക്ഷ്യം.

പക്ഷേ ഇതൊക്കെയാണെങ്കിലും ചില കാര്യങ്ങളിൽ അവരെ മാതൃകയാക്കേണ്ടതാണ്. അപകടസ്ഥലങ്ങളിൽ നിന്ന് പരിക്കേറ്റവരുമായി ആശുപത്രികളിലേക്ക് കുതിക്കുന്നതിന്റെ കണക്കെടുത്താൽ ഓട്ടോകളുടെ ഏഴയലത്തെത്തില്ല ആംബുലൻസുകൾ. കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചവർക്ക് സൗജന്യമായി യാത്രയൊരുക്കുന്ന നിരവധി ഓട്ടോക്കാരെ എനിക്കറിയാം. അനാഥർക്കും അഗതികൾക്കും തുണയൊരുക്കുന്ന മറ്റു പലരെയും....

നമ്മുടെ വാഹനം തകരാറായാൽ റോഡരികിലേക്കെങ്കിലും ഒന്ന് തള്ളിമാറ്റി സഹായിക്കാൻ ഇവരേയുള്ളൂ. പലപ്പോഴും കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ പോലിസിന് നൽകുന്നത് ഓട്ടോക്കാരാണ്. വീട്ടിൽ നിന്ന് ഒളിച്ചുപോയി അപകടത്തിൽ പെടുമായിരുന്ന ഒരുപാട് കുട്ടികളെ ഓട്ടോക്കാരുടെ ജാഗ്രത മൂലം തിരിച്ചു കിട്ടിയിട്ടുള്ളത് എനിക്കറിയാം. സ്ഥലപരിമിതിയാൽ കുറെയേറെ കാര്യങ്ങൾ പറയാതെ വിടുകയാണ്. അതെല്ലാം മറ്റൊരിക്കൽ കുറിക്കാമെന്ന് കരുതുന്നു.

ഓട്ടോക്കൂലി സംബന്ധിച്ച തർക്കങ്ങളാണ് ഓട്ടോ യാത്രക്കാർക്കുള്ള പ്രധാന പരാതി. സ്ഥിരം സ്റ്റാൻറുകളിൽ നിന്നല്ലാതെ വിളിക്കുന്ന ഓട്ടോക്കാരാണ് പലപ്പോഴും വില്ലൻമാർ. ഓട്ടോ പ്രീപെയ്ഡിൽ ക്യൂ നിന്ന് ടോക്കൺ വാങ്ങാനുള്ള മടി കൊണ്ട് പുറമെ കാത്തുനിൽക്കുന്ന കൊള്ളക്കാരന്റെ ഓട്ടോയിൽ ചാടിക്കേറി ഒടുവിൽ കൂലി കൂടിപ്പോയെന്ന് പരാതി പറയുന്നവരാണ് അവർക്ക് വളം വെയ്ക്കുന്നത്.

പ്രീപെയ്ഡ് സംവിധാനങ്ങൾ ഉള്ളിടത്ത് അത് ഉപയോഗിക്കുക. പാസഞ്ചർ കപ്പാസിറ്റി മൂന്ന് ആയ ഓട്ടോയിൽ അഞ്ചും ആറും ആളുകളും നൂറുകിലോ ലഗേജും കയറിയിട്ട് ഒടുവിൽ മീറ്റർ ചാർജിനെക്കാൾ പത്തുരൂപ കൂടുതൽ ചോദിച്ചതിന് ബഹളമുണ്ടാക്കുന്ന യാത്രക്കാരുമുണ്ട്. ഗുണ്ടായിസം ആരുകാണിച്ചാലും ഒറ്റപ്പെടുത്തണം.

ചില പ്രദേശങ്ങളിൽ ഡ്രൈവർമാർ ഒത്തുചേർന്ന് മീറ്റർ പ്രവർത്തിപ്പിച്ചേ ഓടൂ എന്ന നിലപാടെടുത്തിട്ടുണ്ട്. വളരെ മാതൃകാപരമാണത്. അതോടൊപ്പം ഡ്രൈവിംഗിലെ കുറ്റങ്ങളും കുറവുകളും മോശം ശീലങ്ങളും ഇല്ലാതാക്കാനും നേതൃത്വം തന്നെ ശ്രമിക്കട്ടെ. നമുക്കവരെ സഹായിക്കാം. കുറെ നല്ല സമരിയക്കാരെ അങ്ങനെ നമുക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കാം.

(കൊച്ചി സിറ്റി പൊലീസിൽ ഉദ്യോഗസ്​ഥനായ ലേഖക​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിൽനിന്നെടുത്തത്)

Tags:    
News Summary - article about autoriksha in kerala-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.