പെട്രോളിനിത് പുണ്യകാലം

കളവുനടത്തിയ കാര്യസ്ഥനെപ്പോലെ നില്‍ക്കുകയാണ് ഡീസല്‍. ഇത്രയുംകാലം കൊണ്ടുനടന്ന് തീറ്റിപ്പോറ്റിയ ആളുകളൊക്കെ ഇപ്പോള്‍ പറയാത്ത കുറ്റമില്ല. പുക തുപ്പി ലോകംമുഴുവന്‍ വൃത്തികേടാക്കുന്നുവെന്നതാണ് പ്രധാന ആരോപണം. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. അതുകൊണ്ട് പണ്ട് മാറ്റിനിര്‍ത്തിയ മുടിയനായ പുത്രന്‍ പെട്രോളിനെയാണ് എല്ലാവര്‍ക്കും താല്‍പര്യം. പുകയില്ലല്ളോ. പെട്രോള്‍ കുടിച്ചു നടന്ന ഓട്ടോറിക്ഷാ സമുദായം ഒന്നടങ്കം വിലക്കുറവുകണ്ട് ഡീസല്‍ ഫാനായതൊക്കെ ഇനി ചരിത്രമായേക്കും. ഓട്ടോകള്‍ പോലും മൈന്‍ഡ് ചെയ്യാതായശേഷം ചെറിയ ബൈക്കും കുഞ്ഞുകാറുമൊക്കെ ഉരുട്ടിനടക്കാനായിരുന്നു പെട്രോളിന്‍െറ യോഗം. ചിലപ്പോള്‍ വല്ല ജനറേറ്ററും ഓടിക്കാന്‍ മണ്ണെണ്ണക്ക് കൂട്ടുപോവുകയും ചെയ്യുന്നുണ്ട്. ഓട്ടോ എല്‍.പി.ജികൂടി വന്നതോടെ ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്ന പെട്രോള്‍ നേരമൊന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും രാജാപാര്‍ട്ടുകാരനായി.

ഇതെന്ത് കുന്തമെന്നോര്‍ത്ത് വണ്ടറടിക്കേണ്ട. സാക്ഷാല്‍ മഹീന്ദ്ര പെട്രോളിന്‍െറ പുറകെ കൂടിയതാണ് സമയംതെളിയാന്‍ കാരണം. അവരുടെ അമറന്‍ എസ്.യു.വി എക്സ്.യു.വി ഫൈവ് ഡബ്ള്‍ ഓക്ക് 2.2 ലിറ്ററിന്‍െറ പെട്രോള്‍ എന്‍ജിന്‍ നല്‍കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്. അതിനെന്താ എന്ന് ചോദിക്കാന്‍ വരട്ടെ. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡീസലിനെ എടുത്ത് കളഞ്ഞിട്ട് പെട്രോളിനെ വാഴിക്കുന്നത് ഒന്നും കാണാതെയാവാന്‍ തരമില്ല. കാലംപോകെ ഡീസല്‍ അപ്രത്യക്ഷമാകാനും പെട്രോള്‍ നാടുവാഴാനും യോഗംകാണുന്നുണ്ട്. അല്ളെങ്കില്‍, കത്തുമ്പോള്‍ പുക കുറച്ചുവരുന്ന തരത്തിലേക്ക് ഡീസലിനെ മര്യാദക്കാരനാക്കിയെടുക്കണം. മിടുക്കനായ ഡീസലും പെട്രോളും ഒരേ വിലയ്ക്കാണ് കിട്ടുന്നതെങ്കില്‍ പിന്നെ പെട്രോളല്ളേ നല്ലത്. അടുത്ത മൂന്നു വര്‍ഷത്തിനകം 1000 കോടി രൂപയാണ് മഹീന്ദ്ര പെട്രോള്‍ എന്‍ജിനായി മാറ്റിവെച്ചിരിക്കുന്നത്. സാങ്യോങ്ങിന്‍െറ സഹായത്തോടെയാണ് പെട്രോള്‍ എന്‍ജിന്‍ വികസിപ്പിക്കുന്നത്. ഇപ്പോള്‍ കെ.യു.വി വണ്‍ ഡബ്ള്‍ഓയില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ മാത്രമാണ് മഹീന്ദ്രക്കുള്ള പെട്രോള്‍ എന്‍ജിന്‍. പുതിയ എന്‍ജിന്‍ വന്നശേഷം സ്കോര്‍പിയോ അടക്കുമുള്ളവയില്‍ ഈ എന്‍ജിന്‍ ഉപയോഗിച്ചേക്കും. 1.5 ലിറ്ററിന്‍െറയും 1.6 ലിറ്ററിന്‍െറയും പെട്രോള്‍ എന്‍ജിനുകളും വന്നേക്കും.

2002 ല്‍ 7.5 ലക്ഷത്തിന് പെട്രോള്‍ സ്കോര്‍പിയോ വിറ്റിരുന്നു. ആരൊക്കെ വാങ്ങിയെന്നും അവയൊക്കെ എത്ര കിലോമീറ്റര്‍ ഓടിച്ചെന്നും ചോദിക്കരുത്. രണ്ടു ലിറ്ററില്‍ കൂടുതല്‍ ശേഷിയുള്ള എന്‍ജിനുമായി ഒറ്റ വണ്ടിയും തലസ്ഥാനത്ത് വില്‍ക്കാന്‍ കൊണ്ടുചെന്നേക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞതില്‍ പിന്നെയാണ് മഹീന്ദ്രക്ക് പെട്രോള്‍ സ്നേഹം തുടങ്ങിയത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാ എസ്.യു.വികളും പെട്രോള്‍ എന്‍ജിനില്‍ ഓടുമെന്ന് 2015 സെപ്റ്റംബറില്‍ മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം സ്കോര്‍പിയോയുടെയും എക്സ.്യു.വി ഫൈവ് ഡബ്ള്‍ ഓയുടെയും ഭാവി കൂമ്പടയാതിരിക്കാന്‍ 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ അവരെ കൊണ്ടുവരുന്നുമുണ്ട്. പെട്രോളിനും ഡീസലിനും തമ്മില്‍ വലിയ വില വ്യത്യാസമില്ലാതാവുന്ന കാലത്താണ് ആളുകളുടെ മനോഭാവമനുസരിച്ച് വണ്ടികള്‍ വാങ്ങാനുള്ള സൗകര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. മിക്ക കമ്പനികളും ഈ വഴിക്ക് ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ഒന്നിന് ശക്തിയാണെങ്കില്‍ മറ്റതിന് സുഖമാണ് കൂടുതല്‍.  ഹോട്ടലില്‍ ചെല്ലുമ്പോള്‍ വെജ് വേണോ നോണ്‍ വെജ് വേണോ എന്നുചോദിക്കുന്നപോലെ ഷോറൂമില്‍ ചെല്ലുമ്പോള്‍ പെട്രു വേണോ ഡീസു വേണോ എന്ന് തീരുമാനിക്കേണ്ടിവരും. അപ്പോള്‍ കണ്‍ഫ്യൂഷനാവരുത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.