വിറ്റാര ബ്രെസ്സ, ഇന്നോവ ക്രെസ്റ്റ, ഫോര്‍ഡ് മസ്താങ്ങ്

വാഹന പ്രേമികളുടെ ഉത്സവകാലമാണ് ഡല്‍ഹി ഓട്ടോ എക്സ്പോയുടേത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ഈ ആഘോഷ നാളുകള്‍ എത്തും. 1985-86 കാലഘട്ടത്തില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് എക്സ്പോയുടെ തുടക്കം. നിലവില്‍ 13ാമത് എക്സ്പോ കാലമാണ്. ആദ്യമൊക്കെ ശുഷ്കമായിരുന്ന വാഹന സാന്നിധ്യം ഇന്ന് പാരമ്യത്തിലത്തെിയിരിക്കുന്നു. ലോകത്തിലെ എല്ലാ വമ്പന്‍ നിര്‍മാതാക്കളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മേളയായി ഡല്‍ഹി ഓട്ടോ എക്സ്പോ മാറി. പല പുത്തന്‍ വാഹനങ്ങളുടേയും ലോക പ്രീമിയര്‍ നടക്കുന്നിടം വരെയായിരിക്കുന്നു ആ വളര്‍ച്ച. ഇത്തവണയും താരങ്ങളാകാനുറച്ച് നിരവധി വാഹനങ്ങളാണ് എക്സ്പോയില്‍ അവതരിച്ചു. അതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് മൂന്നെണ്ണമാണ്. 
മാരുതി വിറ്റാര ബ്രെസ്സ
വിപണി കൃത്യമായി അറിഞ്ഞ് കരുനീക്കുന്ന സുസുക്കി ഇത്തവണയും എതിരാളികളെ ഞെട്ടിച്ചു. മത്സരം കടുക്കുന്ന മിനി എസ്.യു.വി വിപണിയിലേക്ക് വിറ്റാര ബ്രെസ്സ എന്ന മിടുക്കനെയാണ് മാരുതി അവതരിപ്പിച്ചത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വാഹനമാണ് ബ്രെസ്സ. 3995 മി.മീറ്റര്‍ നീളവും 1790 മി.മീറ്റര്‍ വീതിയുമാണ് വാഹനത്തിനുള്ളത്. ഉയരം 1640 മി.മീയും വീല്‍ബേസ് 2500 മി.മീറ്ററുമാണ്. 328 ലിറ്റര്‍ ബൂട്ട് ബലേനോയേക്കാള്‍ കുറവാണ്. 89ബി.എച്ച്.പി കരുത്ത് നല്‍കുന്ന 1.3ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബ്രെസ്സക്ക്.1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമുണ്ട്. 1.0ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിന്‍ പ്രതീക്ഷിക്കാം. 


ഇന്നോവ ക്രെസ്റ്റ
ടൊയോട്ട തങ്ങളുടെ പ്രിയ ബ്രാന്‍ഡ് ഇന്നോവയുടെ പേരില്‍ പുതിയ താരത്തെ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. പേര് ക്രെസ്റ്റ. കൂടുതല്‍ സ്ഥലം, കരുത്ത്, ആഢംബരം,സ്റ്റൈല്‍ എന്നിവയാണ് പ്രത്യേകത. ഫുള്‍ ഓപ്ഷന്‍ വാഹനത്തിന് 18 ലക്ഷത്തിന് മുകളില്‍ മുടക്കേണ്ടിവരും. പഴയതില്‍ നിന്ന് 45 കുതിരശക്തി വര്‍ദ്ധിപ്പിച്ച പുത്തന്‍ 2.4 ലിറ്റര്‍ ജി.ഡി എഞ്ചിന്‍ കരുത്തനാണ്. നിലവില്‍ 147ബി.എച്ച്.പിയാണ് പവര്‍. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുണ്ട്. ആഢംബര തികവാര്‍ന്ന ഉള്‍വശവും ഏഴ് ഇഞ്ച് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റവും എല്‍.ഇ.ഡി മൂഡ് ലൈറ്റിങ്ങുമൊക്കെ എല്ലാ വേരിയന്‍റിലും കിട്ടും.


ഫോര്‍ഡ് മസ്താങ്ങ്
ഇന്ത്യക്ക് വേണ്ടി നിര്‍മ്മിച്ച ഫോര്‍ഡിന്‍െറ സ്പോര്‍ട്സ് കാര്‍ മസ്താങ്ങ് ഓട്ടോ എക്സ്പോയിലെ ശ്രദ്ധാകേന്ദ്രമായി. ആദ്യമായാണ് വലതുവശത്ത് സ്റ്റിയറിങ്ങ് ഉള്ള മസ്താങ്ങ് ഫോര്‍ഡ് പുറത്തിറക്കുന്നത്. ആറാം തലമുറ മസ്താങ്ങാണിത്. അഞ്ച് ലിറ്റര്‍ വി എട്ട് എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കുതിരശക്തി 420 ബി.എച്ച്.പിയാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. വില 60 മുതല്‍ 7o ലക്ഷം വരെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.