ഇറ്റലിയില്‍ നിന്നൊരു പുതുമാരന്‍

മോട്ടോ ജി.പി എന്ന ബൈക്ക് റേസിങ്ങ് മത്സരങ്ങളിലെ തിളങ്ങുന്ന പേരാണ് എപ്രിലിയ എന്ന ഇറ്റാലിയന്‍ കമ്പനിയുടേത്. മാക്സ് ബിയാജി, വലന്‍റിനോ റോസി തുടങ്ങിയ അതികായന്മാരായ റൈഡര്‍മാര്‍ ഒരുകാലത്ത് എപ്രിലിയയിലൂടെയായിരുന്നു വിജയങ്ങള്‍ വെട്ടിപ്പിടിച്ചിരുന്നത്. മോട്ടോ ജി.പി കൂടാതെ പ്രമുഖമായ നിരവധി യൂറോപ്യന്‍ ബൈക്ക് റേസിങ്ങ് മത്സരങ്ങളിലും എപ്രിലിയ തിളങ്ങുന്ന സാന്നിധ്യമാണ്. രണ്ടാം ലോക മഹായുദ്ധാനന്തരം റോബര്‍ട്ടോ ബാജിയൊ എന്ന ഇറ്റലിക്കാരന്‍ നോള്‍ നഗരം ആസ്ഥാനമാക്കിയാണ് എപ്രിലിയ കമ്പനി സ്ഥാപിക്കുന്നത്. 1980കള്‍ വരെ കമ്പനി ഓട്ടപ്പന്തയങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീടാണ് പൊതുനിരത്തിലിങ്ങുന്ന ബൈക്കുകളും സ്കൂട്ടറുകളും കുടുതലയി നിര്‍മ്മിക്കാന്‍ തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 1990ലാണ് എപ്രിലിയ സ്കൂട്ടര്‍ വിപണിയിറങ്ങുന്നത്.

വലന്‍റിനൊ റോസ്സി എപ്രിലിയ ബൈക്കുമായി
 

കമ്പനി ആദ്യമായി നിര്‍മ്മിച്ച സ്കൂട്ടറായ അമിക്കോക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇറ്റലിയിലെ ആദ്യത്തെ ആള്‍ പ്ളാസ്റ്റിക് സ്കൂട്ടറായിരുന്നു ഇത്. തുടര്‍ന്ന് സ്കറാബിയൊ,ലിയനാഡോ,ഗള്ളിവര്‍,എസ്.ആര്‍ തുടങ്ങിയ സ്കൂട്ടര്‍ മോഡലുകളും അവതരിപ്പിച്ചു. ഇപ്പോ ഇതൊക്കെ പറയാനൊരു കാരണമുണ്ട്. എപ്രിലിയ ഇന്ത്യക്കുവേണ്ടി പുതിയൊരു അതിഥിയെ എത്തിക്കുകയാണ്. എസ്.ആര്‍ 150 എന്ന സ്കൂട്ടറാണത്. നിലവില്‍ ഇറ്റാലിയന്‍ വമ്പനായ പിയാജിയോയുടെ ഉടമസ്ഥതയിലുള്ള എപ്രിലിയ വെസ്പ ഷോറൂമുകള്‍ വഴിയാകും സ്കൂട്ടര്‍ വിറ്റഴിക്കുക. എന്താണ് വെസ്പയും എപ്രിലിയയും തമ്മിലെന്നാവും. നേരത്തെ പറഞ്ഞ പിയാജിയോയുടെ ഉടമസ്ഥതയില്‍ തന്നെയാണ് വെസ്പയും എപ്രിലിയയും മോട്ടോ ഗുക്സിയും ഒക്കെയുള്ളതെന്നതാണ് അതിനുള്ള ഉത്തരം. 


എസ്.ആര്‍ 150 ഒരു തികഞ്ഞ സ്കൂട്ടറാണ്. 150സി.സി സ്കൂട്ടര്‍. നമ്മുടെ ഭാഷയില്‍ വിചിത്ര രൂപമുള്ള സ്കൂട്ടര്‍ എന്നൊക്കെ പറയാം. കാരണം ഈ ആകൃതിയും വലുപ്പവുമുള്ള സ്കൂട്ടറുകള്‍ നമ്മുക്കത്ര പരിചിതമല്ല. കൂര്‍ത്ത മുന്‍ ഭാഗവും ഇരട്ട ഹെഡ്ലൈറ്റുകളും വലുപ്പമുള്ള ടയറുകളും ഇരട്ട നിറങ്ങളും ബോഡി ഗ്രാഫിക്സുകളും കൂടിച്ചേര്‍ന്നാല്‍ എസ്.ആര്‍150യുടെ പുറംകാഴ്ച്ചയായി. സാധാരണ സ്കൂട്ടറിനേക്കാള്‍ റേസിങ്ങ് സ്കൂട്ടറുകളോടാണ് സാമ്യമെന്നര്‍ഥം. രണ്ട് ഭാഗങ്ങളുള്ള ഇന്‍സ്ട്രുമെന്‍റ് കണ്‍സോള്‍ അനലോഗാണ്. കാഴ്ച്ചയില്‍ ഇതല്‍പ്പം പഴഞ്ചനാണ്. ഭാവിയില്‍ എല്‍. സി.ഡി ഡിജിറ്റല്‍ കണ്‍സോള്‍ വന്നുകൂടായ്കയില്ല. 154 സി.സി നാല് സ്ട്രാക്ക് എയര്‍കൂള്‍ഡ് എഞ്ചിന്‍ വെസ്പകളില്‍ കാണുന്നത് തന്നെയാണ്. 11.4എച്ച്.പി കരുത്തും 11.5എന്‍.എം ടോര്‍ക്കും എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. എഞ്ചിന്‍ ഒന്നാണെങ്കിലും ഇതോരു ആട്ടിന്‍ തോലിട്ട ചെന്നായ ഒന്നുമല്ല. ഷാസി മുതല്‍ രൂപത്തിലും ഘടനയിലും വരെ സ്വന്തം

വ്യക്തിത്വമുള്ളവനാണ് എസ്.ആര്‍ 150. എഞ്ചിന്‍ ട്യൂണിങ്ങില്‍ വരുത്തിയ മാറ്റങ്ങളും വലുപ്പമുള്ള ടയറുകളും ചേര്‍ന്ന് എസ്.ആറിനെ ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള സ്കൂട്ടറാക്കി മാറ്റുന്നുണ്ടെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ഓടിക്കാന്‍ തുടങ്ങിയാല്‍ സ്കൂട്ടറിനേക്കളേറെ ബൈക്കിനോടാണ് സാമ്യം തോന്നുക. ഉയര്‍ന്ന സ്പീഡിലും ഭയരഹിതമായി സഞ്ചരിക്കാം. വലുപ്പവും മൃദുത്വവുമുള്ള സീറ്റുകളിലെ ഇരുപ്പ് സുഖകരമാണ്. 14ഇഞ്ച് വീലുകളായതിനാല്‍ ബമ്പുകള്‍ ചാടുമ്പോള്‍ അസ്വസ്ഥപ്പെടേണ്ടതില്ല. മൊബൈല്‍ ചാര്‍ജിങ്ങ് സൗകര്യമൊ യു.എസ്.ബി കണക്ടിവിറ്റിയോ കാര്യമായ സൂക്ഷിപ്പ് സ്ഥലങ്ങളൊ ഇല്ലാത്തത് പോരായ്മയാണ്. ചില സൗകര്യങ്ങള്‍ കുറച്ചും പഴയ സാങ്കേതികത നിലനിര്‍ത്തിയും പിയാജിയോ ശ്രമിച്ചിരിക്കുന്നത് വാഹനത്തിന്‍െറ വില കുറക്കാനാണ്. അപ്പൊ എത്രയാണ് ഈ ഇറ്റലിക്കാരനെ വീട്ടിലത്തെിക്കാന്‍ മുടക്കേണ്ടത്. 65,000ത്തിനും 75,000 ത്തിനും ഇടയില്‍ മാത്രം. ഇന്ധനക്ഷമത 40km/lനും50km/lനും ഇടയില്‍ പ്രതീക്ഷിച്ചാല്‍ മതി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.